ബെൻ സ്റ്റോക്സ്
ഓൾഡ് ട്രാഫഡ്: ഇന്ത‍്യക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി നേടിയതിനു പിന്നാലെ ഇംഗ്ലണ്ട് ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സിന് റെക്കോഡുകളുടെ പെരുമഴ. ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന അഞ്ചാമത്തെ ക‍്യാപ്റ്റനെന്ന റെക്കോഡാണ് സ്റ്റോക്സിനെ തേടിയെത്തിയത്.
ഇമ്രാൻ ഖാൻ, ഗാരി സോബേഴ്സ്, മുസ്താഖ് മുഹമ്മദ്, ഡെന്നിസ് അറ്റ്കിൻസൺ എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു താരങ്ങൾ. പാക്കിസ്ഥാൻ ക‍്യാപ്റ്റനായിരുന്ന ഇമ്രാൻ ഖാനായിരുന്നു ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ അവസാനത്തെ ക‍്യാപ്റ്റൻ. 42 വർഷങ്ങൾക്ക് മുൻപ് 1983ൽ ഇന്ത‍്യക്കെതിരേയായിരുന്നു ഇമ്രാൻ ഖാന്‍റെ നേട്ടം.
അതേസമയം ഇംഗ്ലണ്ടിനു വേണ്ടി ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് സ്റ്റോക്സ്. ടെസ്റ്റ് ക്രിക്കറ്റിൽ 7,000 റൺസും 200 വിക്കറ്റുകളും നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും ബെൻ സ്റ്റോക്സ് സ്വന്തം പേരിലാക്കി.
കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസും 300ലധികം വിക്കറ്റുകളും നേടുന്ന ആറാമത്തെ താരമെന്ന നേട്ടവും സ്റ്റോക്സ് നേടി. സനത്ത് ജയസൂര‍്യ, ഷാഹിദ് അഫ്രീദി, കാൾ ഹൂപ്പർ, ജാക്വസ് കാലിസ്, ഷാക്കിഭ് അൽ ഹസൻ എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റു താരങ്ങൾ. 14ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇന്ത‍്യക്കെതിരേ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിൽ സ്റ്റോക്സ് നേടിയത്.