ശുഭ്മൻ ഗിൽ
ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടിയതോടെ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് റെക്കോഡ്. ഇംഗ്ലണ്ടിനെതിരേ തുടർച്ചയായി മൂന്ന് ടെസ്റ്റുകളിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത‍്യൻ താരമെന്ന നേട്ടമാണ് ഗിൽ സ്വന്തമാക്കിയിരിക്കുന്നത്. ഒന്നാം ടെസ്റ്റിൽ ലീഡ്സിലും 2024ൽ ധർമശാലയിലും ഇംഗ്ലണ്ടിനെതിരേ ഗിൽ സെഞ്ചുറി നേടിയിരുന്നു.
ഏഴാമത്തെ ടെസ്റ്റ് സെഞ്ചുറിയായിരുന്നു ബുധനാഴ്ച ബർമിങ്ങാമിൽ ഗിൽ നേടിയത്. 216 പന്തിൽ നിന്നും 12 ബൗണ്ടറി ഉൾപ്പെടെ 114 റൺസുമായി പുറത്താകാതെ ക്രീസിലുണ്ട് ഗിൽ.
ദിലീപ് വെങ്സർക്കാർ, രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് ഗില്ലിന് മുമ്പ് ഇതേ നേട്ടം സ്വന്തമാക്കിയ ഇന്ത‍്യൻ താരങ്ങൾ. ഇംഗ്ലണ്ടിനെതിരേ തുടർച്ചയായി മൂന്നു സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ ഇന്ത‍്യൻ ക‍്യാപ്റ്റനെന്ന നേട്ടവും ഗില്ലിനെ തേടിയെത്തി. വിജയ് ഹസാരെ, മുഹമ്മദ് അസറുദ്ദീൻ എന്നീ ഇന്ത‍്യൻ ക‍്യാപ്റ്റന്മാരാണ് മുമ്പ് ഈ നേട്ടം നേടിയിരുന്നത്. ബർമിങ്ങാമിൽ വിരാട് കോലിക്ക് ശേഷം സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത‍്യൻ ക‍്യാപ്റ്റനാണ് ഗിൽ.