തിലക് വർമ | അർഷ്ദീപ് സിങ്
ഐപിഎല്ലിനിടെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമയെ നിറത്തിന്‍റെ പേരിൽ പരിഹസിച്ച പഞ്ചാബ് കിങ്സ് താരം അർഷ്ദീപ് സിങ്ങിനെതിരേ ഇനിയും നടപടിയില്ല. 'അന്ധേരേ' (ഇരുട്ട്) എന്നു വിളിച്ചാണ് തിലക് വർമയെ അർഷ്ദീപ് അഭിസംബോധന ചെയ്യുന്നത്.
ഇതിന്‍റെ വിഡിയൊ അർഷ്ദീപ് തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വലിയ വിവാദമാകുകയും ചെയ്തു. അർഷ്ദീപ് സിങ്ങിന് വിലക്കേർപ്പെടുത്തണമെന്നാണ് ലക്ഷ്മൺ ശിവരാമകൃഷ്ണനെ പോലുള്ള മുൻ താരങ്ങൾ ആവശ്യപ്പെടുന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിലെ തന്‍റെ സഹതാരമായ നമൻ ധീറിനെയും അർഷ്ദീപ് എടുത്ത വിഡിയൊയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിന്‍റെ യഥാർഥ വെളിച്ചം (അസ്‌ലി നൂർ) എന്നാണ് നമൻ ധീറിനെ അർഷ്ദീപ് ഇതിൽ വിശേഷിപ്പിക്കുന്നത്. മുംബൈയിൽ നമനും തിലകും സഹതാരങ്ങളാണ്. വ്യക്തമായും ഇരുവരുടെയും നിറം താരതമ്യം ചെയ്തുള്ള പരാമർശമാണ് അർഷ്ദീപ് നടത്തിയതെന്നു വ്യക്തമാണ്. ''സൺസ്ക്രീൻ തേച്ചില്ലേ?'' എന്നും തിലക് വർമയോട് അർഷ്ദീപ് ചോദിക്കുന്നുണ്ട്.
ഇതിനൊന്നും വ്യക്തമായ മറുപടി പറയാതിരുന്ന തിലക് വർമ പഞ്ചാബ് കിങ്സിനെതിരായ തൊട്ടടുത്ത മത്സരത്തിൽ അർധ സെഞ്ചുറിയുമായി മുംബൈ ഇന്ത്യൻസിനെ ജയത്തിലേക്കു നയിച്ചിരുന്നു. ഇതോടെ പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങുകയും ചെയ്തു. ഷർട്ട് ഉയർത്തി ശരീരത്തിന്‍റെ നിറം പ്രദർശിപ്പിച്ചാണ് തിലക് വർമ അന്ന് വിജയം ആഘോഷിച്ചത്.
മത്സരത്തിനു ശേഷം മുംബൈ ഇന്ത്യൻസ്, തിലക് വർമ ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്കു വരുന്ന രീതിയിൽ ഒരു റീൽ പോസ്റ്റ് ചെയ്തു. 'അന്ധേരാ തേരാ' എന്ന പാട്ടാണ് ഇതിനു പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് ടീമുകളോ വിഡിയൊയിൽ ഉൾപ്പെട്ട താരങ്ങളോ വിവാദത്തെക്കുറിച്ച് നേരിട്ട് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
അർഷ്ദീപ് സിങ്ങിനെതിരേ നടപടി വേണമെന്ന് ബിസിസിഐ, ഐപിഎൽ ഗവേണിങ് കൗൺസിൽ, പഞ്ചാബ് കിങ്സ് ടീം അധികൃതർ എന്നിവരോടെല്ലാം സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയരുന്നുണ്ട്. എന്നാൽ, തിലക് വർമയോ മുംബൈ ഇന്ത്യൻസോ ഔദ്യോഗികമായി പരാതിയൊന്നും നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ നടപടിക്ക് സാധ്യത കുറവാണ്.