ആർസിബിക്കെതിരേ ഡൽഹി ക്യാപ്പിറ്റൽസ് താരം കെ.എൽ. രാഹുലിന്‍റെ ബാറ്റിങ്.
ബംഗളൂരു: ഐപിഎൽ പതിനെട്ടാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഹോം ഗ്രൗണ്ടിൽ രണ്ടാം തോൽവി. അതേസമയം, കളിച്ച നാലു മത്സരങ്ങളിൽ നാലും ജയിച്ച് ഡൽഹി ക്യാപ്പിറ്റൽസ് കുതിപ്പ് തുടർന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും തുടക്കത്തിൽ കിട്ടിയ മുൻതൂക്കം മുതലാക്കാനാവാതെ പോയതാണ് ആർസിബിയുടെ പരാജയത്തിനു കാരണമായത്. അതേസമയം, ഓപ്പണിങ് സ്ലോട്ടിൽ നിന്ന് വീണ്ടും മിഡിൽ ഓർഡറിലേക്കിറങ്ങിയ കെ.എൽ. രാഹുലിന്‍റെ വൺമാൻ ഷോ ഡൽഹിയെ പരാജയത്തിന്‍റെ വക്കിൽ നിന്ന് കരകയറ്റുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർസിബി 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഡൽഹി 6 വിക്കറ്റും 19 പന്തും ശേഷിക്കെ ലക്ഷ്യം നേടുകയും ചെയ്തു.
ഫിൽ സോൾട്ടും വിരാട് കോലിയും ചേർന്ന് ആർസിബിയെ മൂന്നോവറിൽ അമ്പത് കടത്തിയിരുന്നു. എന്നാൽ, 17 പന്തിൽ 37 റൺസെടുത്ത സോൾട്ടിന്‍റെ റൗണ്ണൗട്ട് കളിയുടെ ഗതി തിരിച്ചു. ദേവദത്ത് പടിക്കലും (1) ലിയാം ലിവിങ്സ്റ്റണും (4) ജിതേഷ് ശർമയും (3) നിരാശപ്പെടുത്തി.
കോലിക്കും (14 പന്തിൽ 22) ക്യാപ്റ്റൻ രജത് പാട്ടീദാറിനും (23 പന്തിൽ 25) നല്ല തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിച്ചില്ല. ക്രുണാൽ പാണ്ഡ്യയും (18 പന്തിൽ 18) റൺ നിരക്ക് ഉയർത്തുന്നതിൽ പരാജയപ്പെട്ടു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ടിം ഡേവിഡാണ് (20 പന്തിൽ 37) ആർസിബിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.
ഡൽഹി ക്യാപ്പിറ്റൽസിന്‍റെ മറുപടി ബാറ്റിങ് തകർച്ചയോടെയായിരുന്നു. ഫാഫ് ഡു പ്ലെസി (2), ജേക്ക് ഫ്രേസർ മക്ഗുർക്ക് (7), അഭിഷേക് പോറൽ (7) എന്നിവരുടെ വിക്കറ്റ് വീഴുമ്പോൾ സ്കോർ ബോർഡിൽ വെറും 30 റൺസ്. പിന്നാലെ ക്യാപ്റ്റൻ അക്ഷർ പട്ടേലും (15) മടങ്ങി.
ഇതിനു ശേഷമായിരുന്നു കെ.എൽ. രാഹുലിന്‍റെ ഒറ്റയാൾ പോരാട്ടം. 53 പന്ത് നേരിട്ട രാഹുൽ ഏഴ് ഫോറും ആറ് സിക്സും സഹിതം 93 റൺസെടുത്ത് പുറത്താകാതെ നിന്നു. 23 പന്തിൽ പുറത്താകാതെ 38 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് മികച്ച പങ്കാളിയുമായി. ഇരുവരും ചേർന്ന 111 റൺസ് കൂട്ടുകെട്ട് കൂടുതൽ നഷ്ടമില്ലാതെ ഡൽഹിയെ ജയത്തിലെത്തിക്കുകയും ചെയ്തു.