അർജുൻ ടെൻഡുൾക്കർ
സച്ചിൻ ടെൻഡുൾക്കറുടെ പേര് കൂടെയുള്ളത് അനുഗ്രമാണോ അതോ വെല്ലുവിളിയോ? ഏതാനും നാളുകൾക്ക് മുൻപ് അർജുൻ ടെൻഡുൾക്കറോട് ശുഭങ്കർ മിശ്ര ചോദിച്ച ചോദ‍്യമാണിത്. മറ്റുള്ളവരുടെ താരതമ‍്യത്തിലോ പുറത്തു നിന്നുള്ള ശബ്ദങ്ങളിലോ ശ്രദ്ധിക്കാറിലെന്നും ക്രിക്കറ്റ് കളിക്കുന്നത് പാഷനു വേണ്ടിയാണെന്നുമായിരുന്നു അന്ന് അർജുൻ മറുപടി പറഞ്ഞത്.
ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ മകനെന്ന ലേബൽ കൊണ്ടു നടക്കുന്നത് വലിയ ഭാരമാണെന്ന് അർജുൻ ടെൻഡുൾക്കറോളം തിരിച്ചറിഞ്ഞ മറ്റൊരു യുവതാരവും കാണില്ല. ആരവങ്ങളും ആർപ്പു വിളികളും മുഴങ്ങിയ ക്രിക്കറ്റ് മൈതാനത്ത് വലിയ യുദ്ധങ്ങൾ നടക്കുന്നത് ബൗണ്ടറി ലൈനുകൾക്കപ്പുറമാണ്. ക‍്യാമറ കണ്ണുകൾ തങ്ങളുടെ മേൽ പതിയുമെന്നറിഞ്ഞിട്ടും ബെഞ്ചിലിരുന്നപ്പോൾ ചെറുപുഞ്ചിരിയോടെയാണ് അർജുൻ അതെല്ലാം നേരിട്ടത്.
ഈ ഐപിഎൽ സീസൺ മുഴുവൻ ബെഞ്ചിലിരുന്ന താരത്തിന് പഞ്ചാബ് കിങ്സിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ലഖ്നൗവിന് വേണ്ടി കന്നി മത്സരം കളിക്കാൻ അവസരം ലഭിച്ചത്.
ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിന്‍റെ ബാറ്റർമാർ തകർത്ത് അടിച്ച് സ്കോർബോർഡ് ഉയർത്തി മുന്നേറുമ്പോളാണ് ക‍്യാപ്റ്റൻ ഋഷഭ് പന്ത് 26കാരനായ അർജുൻ ടെൻഡുൾക്കറെ പന്തേൽപ്പിക്കുന്നത്. ചില കാത്തിരിപ്പുകൾക്ക് ശേഷം സംഭവിക്കുന്ന ചിലതുണ്ട് സിനിമകളിലെ മാസ് എൻട്രികൾ പോലെ. അതേ നിമിഷമായിരുന്നു അർജുൻ ടെൻഡുൾക്കറിന്‍റെ ആദ‍്യ ഓവർ. വഴങ്ങിയത് വെറും നാല് റൺസ്.
എന്നാൽ അർജുന്‍റെ രണ്ടാം ഓവറിൽ പ്രഭ്സിമ്രാൻ സിങ്ങും ശ്രേയസ് അയ്യരും ചേർന്ന് 15 റൺസാണ് അടിച്ചു കൂട്ടിയത്. തുടർന്ന് ലഖ്നൗ ബൗളർമാരെ ഇരുവരം തല്ലിചതച്ചു. സമ്മർദ ഘട്ടത്തിൽ പന്തെറിയുകയെന്നത് ഏതൊരു ബൗളറെ സംബന്ധിച്ചും പ്രയാസമാണ്. പക്ഷേ റൺസ് വഴങ്ങിയപ്പോഴും തിരിച്ചുവരും എന്ന ആത്മവിശ്വാസം അയാളെ കൈവിട്ടില്ല.
തന്‍റെ അടുത്ത ഓവറിൽ പന്തെറിയുന്നത് അപകടകാരിയായി ക്രീസിൽ നിലയുറപ്പിച്ച പ്രഭ്സിമ്രാൻ സിങ്ങിനെതിരേ. രണ്ടും കൽപ്പിച്ച് അർജുൻ എറിഞ്ഞത് ഒരു ഉഗ്രൻ യോർക്കർ. പ്രതിരോധിക്കാനാകാതെ പ്രഭ്സിമ്രാൻ ഡഗ്‌ഔട്ടിലേക്ക് മടങ്ങി. തന്‍റെ ഈ സീസണിലെ കന്നി വിക്കറ്റ് വീഴ്ത്തിയ ശേഷം ബാറ്ററെ നോക്കിയുള്ള അർജുന്‍റെ ആഹ്ലാദ പ്രകടനം ആരാധകരെ ആവേശത്തിലാഴ്ത്തി.
മത്സരത്തിലെ 17ാം ഓവറും അർജുൻ തന്നെയാണ് പന്തെറിഞ്ഞത്. വിട്ടുകൊടുത്തതാകട്ടെ വെറും അഞ്ച് റൺസ്. ഡെത്ത് ഓവറുകളിൽ സ്ഥിരതയായി യോർക്കറുകളും ബൗൺസറും എറിയാനുള്ള കഴിവാണ് അർജുനെ മറ്റുതാരങ്ങളിൽ നിന്നും വ‍്യത‍്യസ്തനാക്കുന്നത്. പഞ്ചാബിനെതിരായ മത്സരം പരാജയപ്പെട്ടതോടെ ലഖ്നൗവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയമായത് അർജുൻ ടെൻഡുൾക്കറുടെ തീപ്പൊരി പ്രകടനമാണ്.