എം.എസ്. ധോണിയും സ്റ്റീഫൻ ഫ്ളെമിങ്ങും.
File photo
പതിനെട്ട് വർഷം നീണ്ട ആത്മബന്ധത്തിന് പൂർണവിരാമം. അഞ്ച് വട്ടം ഐപിഎൽ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സും, ആ ടീമിന്‍റെ ഹൃദയമിടിപ്പായിരുന്ന മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിങ്ങും ഔപചാരികമായി വഴിപിരിഞ്ഞു. കഴിഞ്ഞ മൂന്ന് സീസണുകളായി പ്ലേ ഓഫ് കാണാൻ കഴിയാതെ ടീം തളർന്നതോടെ, മാനേജ്‌മെന്‍റുമായി നടത്തിയ 'തുറന്നതും സത്യസന്ധവുമായ' ചർച്ചകൾക്കൊടുവിലാണ് പരസ്പരധാരണ പ്രകാരം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് ഔദ്യോഗിക വിശദീകരണം.
2008-ലെ ആദ്യ ഐപിഎൽ സീസണിൽ കളിക്കാരനായി എത്തിയ ഫ്ളെമിങ്, 2009-ൽ ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു സൗഹൃദത്തിന്‍റെ കഥയായിരുന്നു ആ യാത്ര.
"കായികരംഗത്ത് പതിനെട്ട് വർഷം എന്നത് ഒരു ആയുഷ്ക്കാലം തന്നെയാണ്. കൃതാർഥനായാണ് ഞാൻ ഈ പടിയിറങ്ങുന്നത്. ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ചെലവഴിച്ച ഈ കാലം എന്‍റെ പരിശീലക ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. നമ്മൾ ഒരുമിച്ച് നേടിയെടുത്ത എല്ലാ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു," ഫ്ളെമിങ് തന്‍റെ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു.
"മറക്കാനാവാത്ത ഒരുപാട് വിജയങ്ങൾ, പ്രതിസന്ധികളെ അതിജീവിച്ച നിമിഷങ്ങൾ, എന്നും മനസ്സിൽ സൂക്ഷിക്കുന്ന ഓർമകൾ... ചെന്നൈ എന്‍റെ ഹൃദയത്തോട് ചേർന്നുനിൽക്കും. വരും വർഷങ്ങളിലും ഞാൻ ഈ ടീമിന് വേണ്ടി കൈയടിക്കും," വികാരഭരിതനായി അദ്ദേഹം കൂട്ടിച്ചേർത്തു.
2009-ൽ പരിശീലകനായ ശേഷം, മഹേന്ദ്ര സിങ് ധോണിയുമൊത്ത് ഫ്ളെമിങ് കെട്ടിപ്പടുത്തത് ഒരു സാമ്രാജ്യം തന്നെയായിരുന്നു. അഞ്ച് ഐപിഎൽ കിരീടങ്ങൾ, രണ്ട് തവണ ചാംപ്യൻസ് ലീഗ് വിജയം, 12 തവണ പ്ലേ ഓഫ് പ്രവേശനം എന്ന റെക്കോഡ്, അതിൽ 10 തവണയും ഫൈനലിൽ - ഫ്ളെമിങ്ങിന്‍റെ ചെന്നൈ, മുംബൈ ഇന്ത്യൻസിനൊപ്പം ഐപിഎല്ലിന്‍റെ മുഖമുദ്രയായി മാറി.
എന്നാൽ, കഴിഞ്ഞ മൂന്ന് വർഷമായി ടീം വലിയ തളർച്ചയിലായിരുന്നു. പ്ലേ ഓഫിൽ എത്താൻ കഴിയാതെ പോയതും, ധോണിയുടെ പരുക്കുൾപ്പെടെയുള്ള വിഷയങ്ങളിൽ ടീം പ്രതിസന്ധിയിലായതും ഫ്ളെമിങ്ങിന്‍റെ കസേര ഇളക്കി.
ചെന്നൈ ടീമിനൊപ്പം, യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിൽ (MLC) ടെക്സസ് സൂപ്പർ കിങ്സിനെയും, ദക്ഷിണാഫ്രിക്കയിലെ എസ്20 ലീഗിൽ ജോബർഗ് സൂപ്പർ കിങ്സിനെയും പരിശീലിപ്പിച്ചിരുന്നത് ഫ്ളെമിങ് തന്നെയാണ്. സിഎസ്‌കെ മാനെജ്മെന്‍റിനു കീഴിൽ തന്നെയുള്ള ഈ രണ്ടു ടീമുകളുടെയും ചുമതലയിൽ നിന്നു കൂടിയാണ് അദ്ദേഹം ഒഴിവാകുന്നത്. മൂന്നു ടീമുകളുടെയും പ്രകടനം കഴിഞ്ഞ സീസണിൽ ശരാശരിക്കു താഴെയായിരുന്നു.
സിഎസ്കെയുടെ 'ഹൃദയമിടിപ്പ്'
"ഈ ഫ്രാഞ്ചൈസിയുടെ യാത്രയിൽ മിക്കവാറും സമയവും നമ്മുടെ പരിശീലക സംഘത്തിന്‍റെ ഹൃദയമിടിപ്പായിരുന്നു സ്റ്റീഫൻ ഫ്ളെമിങ്. രണ്ട് പതിറ്റാണ്ടോളം നമ്മുടെ ഐഡന്‍റിറ്റിയും കാഴ്ചപ്പാടും രൂപപ്പെടുത്തിയത് അദ്ദേഹമാണ്," സിഎസ്കെ ഉടമ രൂപ ഗുരുനാഥ് പറഞ്ഞു.
"കളിക്കളത്തിലെ നമ്മുടെ യാത്ര ഇവിടെ അവസാനിച്ചാലും, ഈ ടീമിന്‍റെ അഭിവാജ്യഘടകമായി അദ്ദേഹം എപ്പോഴും ഉണ്ടാകും," അവർ കൂട്ടിച്ചേർത്തു.
ഫ്ളെമിങ് വെറുമൊരു പരിശീലകനായിരുന്നില്ലെന്നും, സ്ഥിരതയും വിനയവും നിറഞ്ഞ ഒരു സംസ്കാരം തന്നെ അദ്ദേഹം ചെന്നൈയിൽ വളർത്തിയെടുത്തെന്നും സിഎസ്കെ എംഡി കാശി വിശ്വനാഥൻ ഓർമിപ്പിച്ചു. വ്യക്തികളെ മനസിലാക്കാനും അവരിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാനും അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസ്റ്റർ ടാക്റ്റീഷ്യൻ
തന്ത്രങ്ങളുടെ ആശാനായി അറിയപ്പെട്ടിരുന്ന ന്യൂസിലൻഡ് ക്യാപ്റ്റനായിരുന്നു ഫ്ളെമിങ്. ചെന്നൈ ടീമിന്‍റെ പരിശീലനച്ചുമതല ഏറ്റെടുത്തപ്പോഴും അത് തുടർന്നു. പലപ്പോഴും പ്രായമേറിയെന്നു പേരു കേൾപ്പിച്ചവരെയും, ആഭ്യന്തര ക്രിക്കറ്റിൽ പോലും തഴയപ്പെട്ടവരെയുമൊക്കെ കൃത്യമായി ഉപയോഗിച്ച് അദ്ദേഹം ടീമിനു കിരീടങ്ങൾ നേടിക്കൊടുത്തു. ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്കു പോലും അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു.
കളിക്കളത്തിലെ ആ തന്ത്രജ്ഞൻ മടങ്ങുമ്പോഴും, മഞ്ഞക്കുപ്പായമണിഞ്ഞ ആയിരക്കണക്കിന് ആരാധകരുടെ മനസ്സിൽ ഫ്ളെമിങ്ങിന്‍റെ ഓർമകൾ മായാതെ കിടക്കും. ഒരു യുഗം അവസാനിക്കുന്നു, മറ്റൊരു അധ്യായം തുറക്കാൻ ചെന്നൈ സൂപ്പർ കിങ്സ് തയാറെടുക്കുന്നു.