കൊളംബിയക്കു വേണ്ടി ഇരട്ട ഗോൾ നേടിയ ലൂയിസ് ഡയസിന്‍റെ ആഹ്ളാദം.

 
FIFA World Cup

ഡയസിന്‍റെ കണ്ണീരൊപ്പിയ കൊളംബിയൻ വിജയം

ലൂയിസ് ഡയസ് രണ്ടു ഗോളും ഒരു അസിസ്റ്റുമായി കൊളംബിയക്ക് ഉസ്ബെക്കിസ്ഥാനെതിരേ 3-1 ജയം നേടിക്കൊടുക്കുമ്പോൾ, തട്ടിക്കൊണ്ടുപോയി 12 ദിവസം തടവിലായിരുന്ന അച്ഛൻ ഗ്യാലറിയിൽ സാക്ഷിയായി

Sports Desk

മെക്സിക്കോ സിറ്റി: തന്‍റെ കരിയറിലെ ആദ്യ ലോകകപ്പ് മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ലൂയിസ് ഡയസ് കളി അവസാനിച്ചതിനു പിന്നാലെ ഗ്യാലറിയിലേക്ക് ഓടിയെത്തിയത് തന്‍റെ അച്ഛനെ തെരഞ്ഞായിരുന്നു. അച്ഛനെ കണ്ടുമുട്ടിയ ആ നിമിഷം, വർഷങ്ങളായുള്ള വലിയൊരു കാത്തിരിപ്പിന്‍റെ സാക്ഷാത്കാരമായിരുന്നു.

"ഭൂതകാലത്തെ ഒരുപാട് കാര്യങ്ങൾ എന്‍റെ മനസിനെ അലട്ടിയിരുന്നു. ഈ നിമിഷത്തിനായി ഞാൻ കഠിനമായി അധ്വാനിച്ചു, പോരാടി," മത്സരശേഷം വികാരാധീനനായി ഡയസ് പറഞ്ഞു.

2022-ലെ ഖത്തർ ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ കൊളംബിയൻ ടീമിന്‍റെ നിരാശയും, അതിനു തൊട്ടുപിന്നാലെ തന്‍റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയ ഭയാനകമായ സംഭവങ്ങളും ഡയസിന്‍റെ കരിയറിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്.

2023-ൽ കൊളംബിയ-വെനസ്വേല അതിർത്തിയിൽ വച്ചാണ് സായുധരായ ഗറില്ലകൾ ലൂയിസ് മാനുവൽ 'മാനെ' ഡയസിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്.. അമ്മയെ പെട്ടെന്ന് തന്നെ മോചിപ്പിക്കാനായെങ്കിലും അച്ഛൻ 12 ദിവസത്തോളം തടവിലായിരുന്നു. ആ നാളുകളിൽ അച്ഛന്‍റെ മോചനത്തിനായി ലോകത്തോടു നിലവിളിച്ച ഡയസ്, ഇന്ന് ലോകകപ്പ് വേദിയിൽ അച്ഛനെ സാക്ഷിയാക്കി കരിയറിലെ ഏറ്റവും മികച്ച പ്രകടനവും പുറത്തെടുത്തു.

മത്സരത്തിനായുള്ള തയാറെടുപ്പുകൾക്കിടെ ഡയസിന്‍റെ ജെഴ്സിയുമായി അച്ഛൻ പ്രാർഥിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഉസ്ബെക്കിസ്ഥാൻ സമനില പിടിച്ചതിന് തൊട്ടുപിന്നാലെ, ടീമിന് വിജയത്തിലേക്ക് നയിക്കുന്ന നിർണായക ഗോൾ നേടിയത് ഡയസാണ്. അച്ഛൻ ഗ്യാലറിയിൽ നിന്ന് ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ഡയസിന്‍റെ കൺകോണുകളിൽ സന്തോഷത്തിന്‍റെ നനവുണ്ടായിരുന്നു.

3-1 എന്ന സ്കോറിന് ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയ കൊളംബിയ, ഗ്രൂപ്പ് കെ-യിൽ ഒന്നാമതെത്തി. അടുത്ത വ്യാഴാഴ്ച ഗ്വാഡലജാരയിൽ വെച്ച് കോംഗോയുമായി നടക്കുന്ന മത്സരത്തിലും ഡയസിന്‍റെ മികവിൽ വലിയ പ്രതീക്ഷയിലാണ് കൊളംബിയൻ ആരാധകർ.

നേരത്തെ, ലോകകപ്പിൽ ആദ്യമായി കളിക്കുന്ന ഡാനിയൽ മുനോസാണ് ഡയസിന്‍റെ പാസിൽ നിന്ന് 40-ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. 65-ാം മിനിറ്റിലായിരുന്നു ഡയസിന്‍റെ നിർണായകമായ രണ്ടാം ഗോൾ. ക്ലോസ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ ഉത്കിർ യൂസുപോവിന്‍റെ കൈകളിൽ തട്ടി വലയിൽ കയറുകയായിരുന്നു.

എസ്റ്റാഡിയോ അസ്റ്റെക്കയിൽ കൊളംബിയൻ ആരാധകരുടെ വൻ സാന്നിധ്യത്തിൽ അരങ്ങേറ്റം കുറിച്ച ഉസ്ബെക്കിസ്ഥാനായി ഫൈസുല്ലയേവ് അബ്ബോസ്ബെക്ക് 60-ാം മിനിറ്റിൽ ഗോൾ നേടി.

ലൂയിസ് ഡയസിന്‍റെ ജെഴ്സി മുന്നിൽ വച്ച് പ്രാർഥിക്കുന്ന അച്ഛൻ മാനുവൽ ഡയസ്.

നേരത്തെ നടന്ന മത്സരത്തിൽ പോർച്ചുഗലും കോംഗോയും 1-1 സമനിലയിൽ പിരിഞ്ഞതോടെ, ഗ്രൂപ്പ് കെ-യിൽ കൊളംബിയ ഒന്നാമതെത്തി. കൊളംബിയക്കാർ അടുത്ത വ്യാഴാഴ്ച മെക്സിക്കോയിലെ ഗ്വാഡലജാരയിൽ വെച്ച് കോംഗോയെ നേരിടും, അതേസമയം ഉസ്ബെക്കിസ്ഥാൻ ഹ്യൂസ്റ്റണിൽ വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലുമായി ഏറ്റുമുട്ടും.

അർജന്റീനയ്ക്കും ഇക്വഡോറിനും പിന്നാലെ ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ മൂന്നാം സ്ഥാനത്താണ് കൊളംബിയ ഫിനിഷ് ചെയ്തത്. ഇറാനു പിന്നാലെ ഏഷ്യൻ യോഗ്യതാ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു ഉസ്ബെക്കിസ്ഥാൻ.

അതിതീവ്ര മഴ; 5 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

"മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി"; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി

തൃശൂർ മെഡിക്കൽ കോളെജിൽ തീപിടുത്തം

ലൈംഗികാതിക്രമ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ആസാറാം ബാപ്പുവിന് 20 ദിവസത്തെ പരോൾ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ജാമ്യം