അർജന്‍റീനയുടെ ദേശീയ പതാക.

 
FIFA World Cup

മേയ് മാസത്തിലെ വിപ്ലവ സൂര്യൻ: അർജന്‍റീനയുടെ ഇൻക ദൈവം

ഇൻക സൂര്യദേവനായ ഇൻതിൻറെ പ്രതീകമായ ‘സോൾ ഡി മായോ’ അർജന്‍റീനയുടെ സ്വാതന്ത്ര്യസ്മരണ; സ്പെയിനുമായുള്ള ലോകകപ്പ് ഫൈനലിൽ ആ ചരിത്രം വീണ്ടും മുന്നണിയിൽ

VK SANJU

അർജന്‍റീനയുടെ ദേശീയ പതാകയിൽ നീലയും വെള്ളയും വരകൾക്കു നടുവിൽ ജ്വലിച്ചു നിൽക്കുന്ന ഒരു സൂര്യനുണ്ട്—'സോൾ ഡി മായോ' (May Sun). നൂറ്റാണ്ടുകൾക്ക് മുൻപ് ആ മണ്ണിലെ ആദിമനിവാസികളായ ഇൻക വംശജർ ആരാധിച്ചിരുന്ന 'ഇൻതി' (Inti) എന്ന സൂര്യദേവന്‍റെ പ്രതീകം. അത് കേവലമൊരു ചിത്രമല്ല; മൂന്ന് നൂറ്റാണ്ടു കാലത്തെ സ്പാനിഷ് അധിനിവേശത്തിന്‍റെ അന്ധകാരത്തിൽ നിന്ന്, 1810-ലെ വിപ്ലവത്തിലൂടെ അർജന്‍റീന നേടിയെടുത്ത സ്വാതന്ത്ര്യത്തിന്‍റെ പ്രകാശഗോപുരമാണ് ആ സൂര്യൻ.

ഇന്ന്, 2026-ൽ, അതേ സ്പെയിനും അർജന്‍റീനയും ലോകകപ്പിന്‍റെ ഫൈനൽ പോരാട്ടത്തിനായി നേർക്കുനേർ വരുമ്പോൾ, ചരിത്രത്തിന്‍റെ ആ പഴയ സൂര്യൻ കളിമുറ്റത്ത് വീണ്ടും ഉദിച്ചുയരുകയാണ്. ഇത് വെറുമൊരു ഫുട്ബോൾ മത്സരമല്ല; അധിനിവേശത്തിന്‍റെ ഭൂതകാലം നിഴൽ വീഴ്ത്താത്ത വർത്തമാനകാലത്തെ സൗഹൃദങ്ങളുടെ മഹാസംഗമം കൂടിയാണ്.

പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് കപ്പലുകൾ അർജന്‍റീനയുടെ തീരങ്ങളിൽ നങ്കൂരമിട്ടപ്പോൾ തുടങ്ങിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വൈരവും. വിഭവങ്ങളും സംസ്കാരവും കവർന്നെടുക്കപ്പെട്ട അധിനിവേശത്തിന്‍റെ നീണ്ട നാളുകൾ. 1810 മേയ് മാസത്തിൽ ബുവാനോസ് ഐരീസിലെ തെരുവുകളിൽ സ്വാതന്ത്ര്യത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞു വീശി. സ്പാനിഷ് ഭരണാധികാരികളെ പുറത്താക്കി അർജന്‍റീന സ്വന്തം വിധി നിർണയിക്കാൻ തുടങ്ങിയ ആ ചരിത്ര മുഹൂർത്തത്തിന്‍റെ ഓർമപ്പെടുത്തലാണ് അവരുടെ പതാകയിലെ സൂര്യ ദേവൻ.

നൂറ്റാണ്ടുകൾക്കപ്പുറത്തെ അധികാരക്കളിയുടെ ചതുരംഗപ്പലക ഇന്ന് പച്ചപ്പുൽ മൈതാനത്തെ പന്തുകളിക്ക് വഴിമാറിയിരിക്കുന്നു. യൂറോപ്യൻ മേൽക്കോയ്മക്കെതിരായ ലാറ്റിനമേരിക്കൻ പോരാട്ടത്തിന്‍റെ പ്രതീകം പോലെ ഒരു ലോകകപ്പ് ഫൈനൽ.

അധിനിവേശത്തിന്‍റെ മുന്നൂറാണ്ടു കൊണ്ട് സ്പാനിഷ് സംസ്കാരം അർജന്‍റീനയെ നന്നായി സ്വാധീനിച്ചിരുന്നു. ആൽഫ്രഡോ ഡി സ്റ്റെഫാനോ മുതൽ ലയണൽ മെസി വരെ കളിച്ചു തെളിഞ്ഞത് സ്പാനിഷ് ക്ലബ്ബുകളിലാണ്. ലോകകപ്പ് കളിച്ചിട്ടില്ലെങ്കിലും, അർജന്‍റീനയുടെ ആദ്യത്തെ സൂപ്പർ താരമെന്നു വിളിക്കാവുന്ന ഡി സ്റ്റെഫാനോ സ്പെയിൻ ദേശീയ ടീമിനു വേണ്ടിയും കളിക്കാനിറങ്ങി. അർജന്‍റീനയുടെ ഇപ്പോഴത്തെ ലോകകപ്പ് ടീമിൽ ഏഴു പേർ സ്പാനിഷ് ലീഗിൽ കളിക്കുന്നവരാണ്.

ആക്രമണവും പ്രതിരോധവും തമ്മിൽ

ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ (19) ഗോളടിച്ച ടീമാണ് അർജന്‍റീന. ഈ ലോകകപ്പിൽ ഏറ്റവും കുറവ് (1) ഗോൾ വഴങ്ങിയ സ്പെയിനുമായി അവർ ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ പൊസഷൻ ഫുട്ബോളിന്‍റെ മാസ്മരിക ദൃശ്യങ്ങളാണ് ആരാധകർ ഇരുപക്ഷത്തും പ്രതീക്ഷിക്കുന്നത്.

1958-ലും 1962-ലും ബ്രസീൽ തുടർച്ചയായി രണ്ട് ലോകകപ്പ് നേടിയ ശേഷം ആദ്യമായി ആ നേട്ടം ആവർത്തിക്കാനാണ് അർജന്‍റീനയുടെ മോഹം. 2010-ലെ നേട്ടത്തോടു കൂട്ടിച്ചേർക്കാൻ രണ്ടാമതൊരു കിരീടമാണ് യൂറോപ്യൻ ചാംപ്യൻമാരായ സ്പെയിൻ നോട്ടമിടുന്നത്.

യൂറോപ്യൻ ചാംപ്യൻമാരും കോപ്പ അമെരിക്ക ജേതാക്കളും ഏറ്റുമുട്ടുന്ന 'ഫൈനലിസിമ' മധ്യപൂർവേഷ്യൻ സംഘർഷം കാരണം റദ്ദാക്കിയിരുന്നു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ആ മഹാപോരാട്ടമാണ് ലോകകപ്പ് ഫൈനലിന്‍റെ രൂപത്തിൽ ഇപ്പോൾ ന്യൂയോർക്കിൽ നടക്കാൻ പോകുന്നത്. ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള അർജന്‍റീനയും മൂന്നാം സ്ഥാനത്തുള്ള സ്പെയിനും.

ഫൈനലിലേക്കുള്ള വഴി

അർജന്‍റീന: ഏഴ് വിജയം, തോൽവികളില്ല. 19 ഗോളുകൾ നേടി, 7 ഗോളുകൾ വഴങ്ങി.

സ്പെയിൻ: ആറ് വിജയം, ഒരു സമനില. 13 ഗോളുകൾ നേടി, ഒന്ന് മാത്രം വഴങ്ങി.

കഴിഞ്ഞ 37 അന്താരാഷ്ട്ര മത്സരങ്ങളിൽ സ്പെയിൻ തോൽവി അറിഞ്ഞിട്ടില്ല. 2022 ലോകകപ്പിലെ സൗദി അറേബ്യക്കെതിരായ തോൽവിക്കു ശേഷം ലോകകപ്പ് മത്സരങ്ങളിൽ അർജന്‍റീനയും തോറ്റിട്ടില്ല. ആദ്യഘട്ട വിലയിരുത്തലുകളിൽ സ്പെയിനിനാണ് (+120) അർജന്‍റീനയെക്കാൾ (+275) മുൻതൂക്കം കൽപ്പിക്കുന്നത്. എങ്കിലും ഫുട്ബോൾ ലോകം കാത്തിരിക്കുന്നത് ആവേശകരമായ ഒരു ഫൈനലിനു തന്നെയാണ്.

തലമുറകളുടെ സംഗമം

ഇരുപതു വർഷം മുൻപ്, ബാഴ്സലോണയിൽ വച്ചൊരു ചാരിറ്റി കലണ്ടറിനായി അന്നത്തെ യുവതാരം ലയണൽ മെസി ഒരു കുഞ്ഞിനെ കുളിപ്പിക്കുന്ന ചിത്രം ഇന്നിപ്പോൾ ലോകമെങ്ങും തരംഗമാണ്. അന്ന് ആ കുളിത്തൊട്ടിയിൽ കിടന്ന കുഞ്ഞ് ഇന്ന് സ്പാനിഷ് ടീമിന്‍റെ കുന്തമുനയാണ്- ലാമിൻ യമാൽ! മെസിയുടെ കൈകളിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങിയ ആ കുഞ്ഞ് ഇന്ന് അതേ മെസിയുടെ കിരീടം പിടിച്ചടക്കാൻ അദ്ദേഹത്തിന് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കുന്നു.

തന്‍റെ കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന ലയണൽ മെസിക്ക് ഇത് സിംഹാസനത്തിൽ നിന്നുള്ള രാജകീയമായ പടിയിറക്കത്തിനുള്ള വേദിയാണ്. എന്നാൽ ലാമിൻ യമാലിന് ഇത് പുതിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള തുടക്കവും. മെസിയുടെ ഇടങ്കാലിൽ നിന്നുദ്ഭവിക്കുന്ന ഫുട്ബോൾ വസന്തം ലോകം ഒരുവട്ടം കൂടി പ്രതീക്ഷിക്കുമ്പോൾ, അതേ ഇടങ്കാലിന്‍റെ കരുത്തിൽ സ്പെയിനിന് ലോകകിരീടം നേടിക്കൊടുക്കാൻ യമാൽ ഒരുങ്ങിക്കഴിഞ്ഞു.

ലോകകപ്പ് ഫൈനലിന് അവസാന വിസിൽ മുഴങ്ങുമ്പോൾ, ഒന്നുകിൽ മെസിയുടെ കിരീടധാരണത്തോടെ അർജന്‍റീനയുടെ സൂര്യൻ കൂടുതൽ പ്രതാപത്തോടെ ജ്വലിക്കും, അല്ലെങ്കിൽ പുതിയൊരു രാജകുമാരന്‍റെ ഉദയത്തോടെ ഫുട്ബോൾ ചരിത്രം സ്പെയിനിനു മുന്നിൽ നമിക്കും.

പ്ര‌സവത്തിനു ശേഷം വൃക്കരോഗികളായി അഞ്ച് അമ്മമാർ; ദയാവധത്തിന് അപേക്ഷിച്ച് കുടുംബങ്ങൾ

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരുക്ക്; വീട് തകർന്നു

ഡോക്റ്റർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

"പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും.., ബിസ്മയത്തിന്‍റെ അതിതീവ്ര നാളുകൾ"; സർക്കാരിനെ പരിഹസിച്ച് ശിവൻകുട്ടി