ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ കൊളംബിയക്കെതിരേ പോർച്ചുഗലിന്‍റെ രക്ഷനായി മാറിയ ഡിയോഗോ കോസ്റ്റ.

 
FIFA World Cup

കോട്ട കാത്ത് കോസ്റ്റ; കൊളംബിയയെ സമനിലയിൽ പിടിച്ച് പോർച്ചുഗൽ

ഡിയോഗോ കോസ്റ്റയുടെ ആറു നിർണായക സേവുകളും കൊളംബിയയുടെ പാഴായ ഗോളവസരങ്ങളും മത്സരത്തെ ഗോൾരഹിത സമനിലയിൽ അവസാനിപ്പിച്ചു

VK SANJU

എട്ട് വർഷം മുൻപണിഞ്ഞ ഗോൾഡൻ ബൂട്ടിനു തിളക്കം മങ്ങിയിരുന്നു; പഴയ പ്രതാപത്തിന്‍റെ നിഴൽ മാത്രമായിരുന്നു ഹമിഷ് റോഡ്രിഗസ്. അല്ലായിരുന്നെങ്കിൽ പോർച്ചുഗലിനെ മിനിമം നാല് ഗോളിനെങ്കിലും കീഴടക്കിയേനേ കൊളംബിയ! ഫിഫ ലോകകപ്പ് കെ ഗ്രൂപ്പ് മത്സരത്തിൽ വ്യക്തമായ ആധിപത്യമുണ്ടായിരുന്നു കൊളംബിയക്ക്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിലുമെല്ലാം അവർ എതിരാളികളെ ബഹുദൂരം പിന്നിലാക്കി. പക്ഷേ, ഗോൾ ഒഴിഞ്ഞു നിന്ന മത്സരത്തിൽ 0-0 സമനിലയുമായി പോർച്ചുഗൽ തടിതപ്പി.

ഇരു വിങ്ങുകളിലൂടെയും നടത്തിയ മിന്നൽ നീക്കങ്ങളിലൂടെ കൊളംബിയ നിരന്തരം പോർച്ചുഗീസ് പെനൽറ്റി ബോക്സിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരുന്നു. പക്ഷേ, ഒരു ഫനൽ ടച്ച്, ഗോൾ പോസ്റ്റിലേക്കു തൊടുക്കേണ്ടുന്ന ആ ഒരു അവസാന ടച്ച്, അതിനു മാത്രം അവർക്ക് ആളില്ലാതെ പോയി. ഉണ്ടായപ്പോഴൊക്കെ പോർച്ചുഗൽ ഗോളി ഡിയോഗോ കോസ്റ്റ വിഘാതവുമായി; എണ്ണം പറഞ്ഞ ആറ് സേവുകൾ!

ആദ്യ പകുതിയിൽ ജോൺ കോർഡോബയുടെയും ജോൺ അരിയാസിന്റെയും ഉറപ്പായ ഗോളവസരങ്ങൾ തടുത്ത കോസ്റ്റ, മുൻപ് കളിച്ച രണ്ട് മത്സരങ്ങളിൽ നടത്തിയ ആകെ സേവുകളേക്കാൾ കൂടുതൽ ഈ ഒരൊറ്റ മത്സരത്തിൽ മാത്രം (6 സേവുകൾ) പോർച്ചുഗലിനായി നടത്തി.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സഹതാരങ്ങൾ പാസ് കൊടുക്കുന്നില്ലെന്ന പരാതി പരിഹരിക്കപ്പെട്ട മത്സരം കൂടിയായിരുന്നു ഇത്. ബ്രൂണോ ഫെർണാണ്ടസ് അടക്കം ക്രിസ്റ്റ്യാനോയ്ക്ക് കൃത്യമായി പന്തെത്തിച്ചു. പക്ഷേ, മുന്നിൽ ഉസ്ബക്കിസ്ഥാൻ ആയിരുന്നില്ല, കൊളംബിയ ആയിരുന്നു. പക്ഷേ, റോഡ്രിഗസിനെപ്പോലെ തന്നെ പ്രതാപ കാലം പിന്നിട്ട ഈ സൂപ്പർ താരവും അവിടെ നിസഹായനായിരുന്നു. ക്രിസ്റ്റ്യാനൊ കൊടുത്ത പാസുകളിലാവട്ടെ, ആ പഴയ ക്രിയേറ്റിവിറ്റിയൊക്കെ ചോർന്നു പോയിരുന്നു! ഫലം, കൊളംബിയൻ ഗോളി കാമിലോ വർഗാസിന് രണ്ട് സേവുകളേ നടത്തേണ്ടിവന്നുള്ളൂ.

ഏതായാലും, ഇരു ടീമുകളും നേരത്തെ തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയിരുന്നതിനാൽ ഈ സമനില ആരെയും കാര്യമായി പരുക്കേൽപ്പിക്കുന്നില്ല. ഏഴ് പോയിന്‍റുമായി കൊളംബിയ ഗ്രൂപ്പിൽ ആധിപത്യം നിലനിർത്തിയപ്പോൾ അഞ്ച് പോയിന്‍റുമായി പോർച്ചുഗൽ രണ്ടാം സ്ഥാനത്ത്. ഇതേ സമയം നടന്ന മറ്റൊരു ഗ്രൂപ്പ് മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ 3-1നു തോൽപ്പിച്ച കോംഗോ മൂന്നാം സ്ഥാനത്തായെങ്കിലും നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു; എതിരാളികൾ ഇംഗ്ലണ്ട് ആയിരിക്കുമെന്നും! പോർച്ചുഗൽ റൗണ്ട് ഓഫ് 32-ൽ ക്രോയേഷ്യയെ നേരിടും. കൊളംബിയക്ക് ആഫ്രിക്കൻ പ്രതിനിധികളായ ഘാന ആയിരിക്കും എതിരാളികൾ.

മനോഹരമായ ഫുട്ബോൾ കണ്ട മത്സരത്തിൽ ഒരിക്കലൊഴികെ പരുക്കൻ അടവുകൾ തീരെ കുറവായിരുന്നു. റഫറിക്ക് ഒരു മഞ്ഞക്കാർഡ് പോലും പുറത്തെടുക്കേണ്ടി വന്നില്ല. മത്സരത്തിന് മുൻപ് ടണലിൽ വെച്ച് ക്യാപ്റ്റൻമാരായ റൊണാൾഡോയും റോഡ്രിഗസും പരസ്പരം കെട്ടിപ്പിടിച്ച ദൃശ്യം ആരാധകർക്ക് ആവേശമായിരുന്നു. 75 മിനിറ്റിലെ പോരാട്ടത്തിന് ശേഷം റോഡ്രിഗസ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടു. ക്രിസ്റ്റ്യാനോ 90 മിനിറ്റും കളിച്ചു.

രണ്ടാം പകുതിയിലാണ് മത്സരം കൈയാങ്കളിയുടെ വക്കോളമെത്തിയത്. ഫൗളിന് പിന്നാലെ ഗുസ്താവോ പ്യൂർട്ട പോർച്ചുഗലിന്റെ പെഡ്രോ നെറ്റോയോടു തട്ടിക്കയറിയത് കളി അൽപ്പം ചൂടാക്കി.

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ യുവാൻ ക്വിന്റേറോയുടെ മനോഹരമായ ക്രോസിൽ നിന്നു ഡാവിൻസൺ സാഞ്ചസ് അസാധ്യമെന്നു തോന്നിച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് പോർച്ചുഗൽ വലയിലെത്തിച്ചതാണ്. കൊളംബിയൻ ക്യാംപ് വിജയമുറപ്പിച്ച് ആഘോഷമാക്കിയെങ്കിലും തൊട്ടുപിന്നാലെ റഫറിയുടെ ഓഫ്‌സൈഡ് ഫ്ലാഗ് ഉയർന്നത് പോർച്ചുഗലിന് ജീവശ്വാസം നൽകി.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു മുന്നേറ്റവും ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങിയിരുന്നു. അവസാന മിനിറ്റുകളിൽ കൊളംബിയ മുൻ മത്സരങ്ങളിൽ ഗോളടിച്ച ഡാനിയൽ മുനോസിനെ ഇറക്കി പരമാവധി ശ്രമിച്ചെങ്കിലും പോർച്ചുഗൽ പ്രതിരോധം കോട്ടപോലെ കാത്തു.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പനാമയെ തകർത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കൾ

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്