ഫിഫ ലോകകപ്പ് 2026 സെമി ഫൈനലിൽ ഫ്രാൻസിനെതിരേ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയ സ്പെയിന്‍ റൈറ്റ് ബാക്ക് പെഡ്രോ പോറോ.

 
FIFA World Cup

ഫ്രഞ്ച് ഫ്രൈസ്, സ്പാനിഷ് ഡിലൈറ്റ്

ഫിഫ ലോകകപ്പ് 2026 സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ടു ഗോളിനു മുക്കിയ സ്പെയിൻ ഫൈനലിൽ ഇടം പിടിക്കുന്ന ആദ്യ ടീമായി.

VK SANJU

ഈ ലോകകപ്പിലെ ഏറ്റവും ശക്തരായ ടീമെന്നു വിശേഷിപ്പിക്കപ്പെട്ട ഫ്രാൻസിനെ നിസാരമായി തോൽപ്പിച്ച് സ്പെയിൻ ഫൈനലിൽ ഇടമുറപ്പിച്ചു. അർജന്‍റീന - ഇംഗ്ലണ്ട് മത്സരത്തിലെ ജേതാക്കളെയാണ് അവരിനി നേരിടുക. തോറ്റ ഫ്രാൻസിന് ഇനി ലൂസേഴ്സ് ഫൈനലിൽ മൂന്നാം സ്ഥാനത്തേക്കു മത്സരിക്കാം!

ഫ്രഞ്ച് പടയോട്ടങ്ങളെല്ലാം സ്പാനിഷ് പ്രതിരോധത്തിന്‍റെ ഉരുക്കുകോട്ടയിൽ തട്ടിത്തകർന്നപ്പോൾ, തുല്യശക്തികൾ തമ്മിലുള്ള പോരാട്ടം പോലുമാക്കാനായില്ല കിലിയൻ എംബാപ്പെയ്ക്കും കൂട്ടർക്കും. മറുവശത്ത്, ഈ ടൂർണമെന്‍റിൽ ഇതുവരെ കളിച്ചതിനെക്കാൾ മികച്ച ഫോമിലേക്ക് ഒന്നാകെ ഉയരുകയായിരുന്നു യൂറോപ്യൻ ചാംപ്യന്മാരായ സ്പെയിൻ. 2010-ൽ കിരീടം ചൂടിയ ശേഷം ചരിത്രത്തിലാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനൽ കളിക്കാൻ പോകുന്നത്.

ടൂർണമെന്‍റിൽ ഇതുവരെയുള്ള പ്രകടനം നോക്കിയാൽ സ്പെയിനു മുന്നിലായിരുന്നു ഫ്രാൻസ്. കളിയുടെ തുടക്കത്തിൽ അതിനെ സാധൂകരിക്കുന്ന പ്രകടനം അവർ പുറത്തെടുക്കുകയും ചെയ്തു. എന്നാൽ, 22-ാം മിനിറ്റിൽ കളി മാറി. വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച സ്പെയിന്‍റെ കൗമാര വിസ്മയം ലാമിൻ യമാലിനെ ബോക്സിനുള്ളിൽ വച്ച് ഫ്രഞ്ച് ഡിഫെൻഡർ ലൂക്കാസ് ദിഗ്നെ തൊഴിച്ചുവീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്ത മിഖേൽ ഒയാർസബാൽ ഫ്രഞ്ച് ഗോളി മൈക്ക് മൈനാനെ മറികടന്ന് പന്ത് വലയിലെത്തിച്ചു (1-0).

ആദ്യപകുതിയിൽ ഫ്രാൻസിന്‍റെ പ്രതിരോധ താരം വില്യം സാലിബ പരിക്കേറ്റ് പുറത്തായത് അവർക്ക് അടുത്ത തിരിച്ചടിയായി. രണ്ടാം പകുതിയിൽ കളി തിരിച്ചുപിടിക്കാൻ ഫ്രാൻസ് ശ്രമിക്കുന്നതിനിടെ സ്പെയിൻ അടുത്ത പ്രഹരമേൽപ്പിച്ചു. 58-ാം മിനിറ്റിൽ ഡാനി ഓൽമോയുമായി ചേർന്ന് നടത്തിയ മനോഹരമായ മുന്നേറ്റത്തിനൊടുവിൽ ഡിഫെൻഡർ പെഡ്രോ പോറോ ബോക്സിനുള്ളിൽ നിന്ന് തൊടുത്ത ക്ലിനിക്കൽ ഫിനിഷിങ് ഫ്രഞ്ച് വല തുളച്ചു (2-0).

കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലീസ് എന്നിവരടങ്ങിയ ലോകത്തിലെ ഏറ്റവും ഭയനാകമായ മുന്നേറ്റ നിരയെ പൂർണമായും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് റോഡ്രിയുടെ നേതൃത്വത്തിലുള്ള സ്പാനിഷ് മധ്യനിരയും പൗ ക്യൂബാർസി നയിച്ച പ്രതിരോധവും പുറത്തെടുത്തത്.

ടൂർണമെന്‍റിൽ 8 ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുണ്ടായിരുന്ന എംബാപ്പെയെ ഒരു ഓൺ ടാർഗെറ്റ് ഷോട്ട് പോലും ഉതിർക്കാൻ അവർ അനുവദിച്ചില്ല. ഗോളി ഉനായ് സൈമൺ പെനൽറ്റി ബോക്സിനു പുറത്തേക്കിറങ്ങി അതിസാഹസികമായ സേവുകൾ കൂടി നടത്തിയതോടെ ഫ്രഞ്ച് കൗണ്ടർ അറ്റാക്കുകൾ പോലും നിഷ്ഫലമായി.

ഈ ലോകകപ്പിൽ ഇതുവരെ ഒരേയൊരു ഗോൾ മാത്രം വഴങ്ങിയ സ്പെയിൻ, അന്താരാഷ്ട്ര ഫുട്ബോളിൽ തങ്ങളുടെ തോൽവിയറിയാതെയുള്ള കുതിപ്പ് 37 മത്സരങ്ങളായി (28 ജയം, 9 സമനില) ഉയർത്തി ചരിത്രം കുറിച്ചു. ഇറ്റലിയുടെ എക്കാലത്തെയും വലിയ റെക്കോർഡിനൊപ്പം (37 മത്സരങ്ങൾ) ഇതോടെ സ്പെയിൻ എത്തിക്കഴിഞ്ഞു.

അങ്കിത് ബല്യാൻ കൊലക്കേസ്; യുപിയിലെ ഷാംലിയിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് ഷാർപ്പ് ഷൂട്ടർമാർ കൊല്ലപ്പെട്ടു

നേപ്പാള്‍ പ്രളയം; മരണസംഖ്യ 800 ലേക്ക്, 2500 ഓളം പേർ‌ക്കായി തെരച്ചിൽ‌ തുടരുന്നു

"സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം, പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും"; വിവാദ പരാമർശവുമായി കാന്തപുരം

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍