ഫിഫ ലോകകപ്പ് 2026 സെമി ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച ശേഷം സ്പെയിൻ ടീമംഗങ്ങൾ.

 
FIFA World Cup

അതിരുചിയിൽ സ്പാനിഷ് മസാല

ലമീൻ യമാലിന്‍റെ പെനൽറ്റിയും പെഡ്രോ പോറോയുടെ ഗോളും കൊണ്ട് ഉനായ് സിമോണിന്റെ അജയ്യ പ്രതിരോധം ചേർന്ന് കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബലെയും നിശ്ശബ്ദരാക്കി

Sports Desk

ഇ. രുദ്രൻ

അവിശ്വസനീയം... അപ്രതീക്ഷിതം... ലോകകപ്പ് ഫുട്ബോളിന്‍റെ സെമിഫൈനലിൽ ഫ്രാൻസിന്‍റെ ദയനീയ പ്രകടനത്തെ ഇങ്ങനെയേ വിശേഷിപ്പിക്കാനാവൂ. കളിമികവുകൊണ്ട് ലക്ഷക്കണക്കിനു ഫ്രഞ്ച് ആരാധകരുടെ മനസിൽ കുടിയേറിയ എംബാപ്പെയും ഡെംബലെയുമൊക്കെ നിഷ്പ്രഭരാവുന്ന കാഴ്ചകണ്ട് സകലരും അമ്പരന്നുകാണും. സ്പാനിഷ് പ്രതിരോധ നിരയും മധ്യനിരയും ഗോളി ഉനായ് സിമോണും ചേർന്ന് ഫ്രഞ്ച് പടയെ അക്ഷരാർഥത്തിൽ കോട്ടകെട്ടി തടയുകയായിരുന്നു. എത്ര സുന്ദരമായ ഫുട്ബോളാണ് സ്പെയിൻ കളിച്ചത്. ടിക്കി-ടാക്ക എന്നറിയപ്പെടുന്ന പ്രശസ്തമായ സ്പാനിഷ് പാസിങ് ഗെയിം ഫുട്ബോൾ പ്രേമികളുടെ മനസിലാകെ കുളിരു കോരിയിടുകയായിരുന്നു. പന്തു ചോരാത്ത പ്രതിരോധത്തിനിടയിൽ അവർ സൃഷ്ടിച്ചെടുത്ത ബിൽഡ് അപ്പുകൾ ഫ്രഞ്ച് പ്രതിരോധത്തെ വിറപ്പിക്കുകയും ചെയ്തു.

ഇരുപതാം മിനിറ്റിൽ ലമീൻ യമാലിനെ ചവിട്ടിവീഴ്ത്തിയതിന് റഫറി വിധിച്ച പെനൽറ്റിയെടുത്ത ഒയർസബാൽ ഫ്രഞ്ച് വലയിൽ പന്തെത്തിച്ചത് മത്സരഗതി തന്നെ സ്പെയിന് അനുകൂലമായി തിരിച്ചു. പിന്നീട് ഏതു വിധേനയും തിരിച്ചടിക്കാനുള്ള ഫ്രഞ്ച് ശ്രമങ്ങൾ ഒന്നൊന്നായി തകരുകയായിരുന്നു. സ്പാനിഷ് ബോക്സിൽ പൊലിഞ്ഞുപോയ ഫ്രഞ്ച് സ്വപ്നങ്ങൾ പലതായി പെരുകി. ഇതിനിടെ ലീഡ് ഉയർത്താനുള്ള സ്പാനിഷ് മുന്നേറ്റങ്ങളും മത്സരം ആവേശകരമാക്കി.

രണ്ടാം പകുതിയിൽ ആത്മവിശ്വാസത്തോടെയും പന്തടക്കത്തോടെയും മുന്നേറ്റങ്ങൾ മെനഞ്ഞ സ്പെയിൻ പെഡ്രോ പോറോയിലൂടെ രണ്ടാം ഗോളും നേടിയതോടെ ഫ്രഞ്ച് നിരയിൽ നിരാശ പടരാൻ തുടങ്ങി. എംബാപ്പെയുടെ ഷോട്ടുകൾക്കും സ്പാനിഷ് നെറ്റിനുമിടയിൽ ഗോളി സിമോൺ അജയ്യനായി നിലയുറപ്പിച്ചു. ഡെംബലയുടെ മുന്നേറ്റങ്ങൾ പ്രതിരോധ നിരക്കാരുടെ കാലുകളിലും ഗോളിയുടെ കൈപ്പിടിയിലും ഒതുങ്ങി. പകരക്കാരെ ഇറക്കിയുള്ള ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിന്‍റെ പരീക്ഷണങ്ങളും പരാജയപ്പെട്ടു. ഏതു നിലയ്ക്കും ഇതു ഫ്രാൻസിന്‍റെ ദിവസമേ ആയിരുന്നില്ല.

ആധികാരിക വിജയങ്ങളോടെ സെമി ഫൈനൽ വരെയെത്തിയ ഫ്രാൻസ് ലോകകപ്പുമായേ മടങ്ങൂ എന്നു പ്രവചിച്ചവർ നിരവധിയാണ്. എംബാപ്പെയുടെ ടീമിനെ തോൽപ്പിക്കാൻ ആരുണ്ട് എന്നതായിരുന്നു ചോദ്യം. അവരുടെ മാസ്റ്റർ ക്ലാസ് പ്രകടനം അതിനുള്ള ന്യായീകരണവുമായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ ഡെംബലെയുടെ ഹാട്രിക്കിന്‍റെ ബലത്തിൽ 4-1നാണ് അവർ നോർവേയെ തോൽപ്പിച്ചത്. എംബാപ്പെയുടെ രണ്ടു ഗോൾ സഹായത്തോടെ സെനഗലിനെ 3-1നു കീഴടക്കി. എംബാപ്പെയുടെ രണ്ടും ഡെംബലെയുടെ ഒന്നും ഗോളിന് (3-0) ഇറാഖിനെ തകർത്തു. തോൽവിയറിയാതെ ഗ്രൂപ്പിൽ നിന്നു നോക്കൗട്ടിലേക്ക്. എംബാപ്പെയുടെ രണ്ടു ഗോൾ അടക്കം എതിരില്ലാത്ത മൂന്നു ഗോളിന് സ്വീഡനെ തകർത്ത് പ്രീ ക്വാർട്ടർ ഫൈനലിൽ. എംബാപ്പെയുടെ ഏക ഗോളിന് പരാഗ്വെയെ തോൽപ്പിച്ച് ക്വാർട്ടറിൽ. എംബാപ്പെയുടെയും ഡെംബലെയുടെയും ഗോളുകൾക്ക് മൊറോക്കോയെ (2-0) മറികടന്ന് സെമിയിൽ- എന്തൊരു മുന്നേറ്റമായിരുന്നു അത്!

എംബാപ്പെ എട്ടും ഡെംബലെ അഞ്ചും ഗോളുകൾ നേടി ടീമിന്‍റെ ഹീറോകളായാണ് സ്പെയ്‌നു മുന്നിലെത്തിയത്. രണ്ടു പേരെയും കൃത്യമായി തളയ്ക്കാൻ സ്പെയിനു കഴിഞ്ഞു. മധ്യനിരയിലെ സ്പാനിഷ് നിയന്ത്രണം വിങ്ങുകളിലേക്ക് അതിവേഗം പന്തെത്തിക്കുന്നതിനു ഫ്രാൻസിനു തടസമായി.

2010ലെ ലോക ചാംപ്യൻമാരും നിലവിലുള്ള യൂറോപ്യൻ ചാംപ്യൻമാരുമായ സ്പെയിന് രണ്ടാം ലോകകപ്പിലേക്ക് ഇനി ഒരു മത്സരത്തിന്‍റെ അകലം മാത്രമേയുള്ളൂ. ഈ ലോകകപ്പിൽ അദ്ഭുതങ്ങൾ സൃഷ്ടിച്ച കേപ് വെർദെയോട് ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾരഹിത സമനില വഴങ്ങി എന്നതൊഴിച്ചാൽ സ്പെയിന് ഇതുവരെ വിജയങ്ങളേ ഉണ്ടായിട്ടുള്ളൂ. നാലു ഗോളിന് സൗദി അറേബ്യയെ തകർത്ത അവർ ഏക ഗോളിനാണ് ഉറുഗ്വെയെ മറികടന്നത്. റൗണ്ട് ഒഫ് 32 മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് ഓസ്ട്രിയയെ കീഴടക്കി പ്രീ ക്വാർട്ടറിൽ എത്തി. പോർച്ചുഗലിനെ ഒരേയൊരു ഗോളിനു മറികടന്ന് ക്വാർട്ടറിലും ബെൽജിയത്തെ 2-1നു തോൽപ്പിച്ച് സെമിയിലും. ശരിയായ സമയത്ത് ഏറ്റവും മികച്ച ഫോമിലേക്ക് ഉയർന്നിരിക്കുന്നു എന്നതാണ് സ്പെയിനെ അപകടകാരികളാക്കുന്നത്.

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍; വിലകുറഞ്ഞ് ബ്രിട്ടീഷ് കാറുകളും വിസ്‌കിയും

ബലാത്സംഗ ശ്രമങ്ങൾ എന്തൊക്കെ? കോടതികൾക്ക് കർശന നിർദേശം നൽകി സുപ്രീം കോടതി

ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ; ലഹരി വിരുദ്ധ ബോധവത്കരണത്തിനായി വിജയ് കൊച്ചിയിലെത്തും

കള്ളാടി ദുരന്തബാധിത മേഖലയിൽ പരിശോധന നടത്തി വിദഗ്ധ സംഘം

പുഴുവരിച്ച മൃതദേഹത്തിൽ നിന്ന് അണുബാധയേറ്റു; ചികിത്സയ്ക്ക് പണമില്ലാതെ പൊലീസിന്‍റെ സഹായി