ലോകകപ്പ് സെമി ഫൈനൽ വിജയം ആഘോഷിക്കുന്ന എൻസോ ഫെർണാണ്ടസും ലയണൽ മെസിയും.
ഇ. രുദ്രൻ
ലോക ചാംപ്യൻമാരാണ് അർജന്‍റീന. ഇനിയും ലോകത്തിന്‍റെ നെറുകയിൽ നിൽക്കാൻ തങ്ങൾക്കു കഴിയുമെന്ന് അവർക്കു തെളിയിക്കുകയും വേണം. അതാണ് ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിയുടെ അവസാന നിമിഷങ്ങളിൽ കണ്ടത്. ഇഞ്ച്വറി ടൈം പോലും കളിച്ചു ജയിക്കാനുള്ളതാണെന്ന് അവർ ഉറപ്പിച്ചു. സമനില നേടിയ ശേഷം അധിക സമയത്തേക്കു കാത്തിരിക്കുകയെന്ന ചിന്ത പോലുമുണ്ടായില്ല. ഈ മത്സരത്തെ സ്വാധീനിച്ചതു പ്രധാനമായി രണ്ടു ഘടകങ്ങളാണ്. തോൽവി സ്വീകരിക്കാൻ തയാറല്ല എന്ന അർജന്‍റീനയുടെ ദൃഢനിശ്ചയമാണ് ഒന്ന്. കൈവിട്ടുപോകുന്നു എന്നു തോന്നിയ അവസാന ഘട്ടത്തിൽ തിരമാല കണക്കെ തള്ളിക്കയറി ഇംഗ്ലീഷ് നിരയെ വിറപ്പിച്ച് വിള്ളലുകളുണ്ടാക്കുകയായിരുന്നു അവർ. മെസിയുടെ നേതൃത്വത്തിൽ ചാംപ്യൻമാർ കെട്ടഴിച്ച ഫുട്ബോൾ വിദ്യകൾ ഇംഗ്ലണ്ടിന്‍റെ ബോൾ പൊസഷൻ കുറച്ചു.
ഏക ഗോളിന്‍റെ ലീഡ് നിലനിർത്താൻ അസാധാരണ പ്രതിരോധത്തിലേക്ക് ഇംഗ്ലണ്ട് വലിഞ്ഞതാണു രണ്ടാമത്തെ ഘടകം. 4-2-3-1 ശൈലിയിൽ നിന്ന് 5-3-2 ഫോർമേഷനിലേക്കുള്ള അവരുടെ മാറ്റവും അതിനു വേണ്ടി കോച്ച് തോമസ് ടുഹൽ നടത്തിയ സബ്സ്റ്റിറ്റ്യൂഷനുകളും വിമർശന വിധേയമാവുന്നുണ്ട്. ലീഡെടുത്ത ശേഷം ഇംഗ്ലണ്ട് വല്ലാതെ പ്രതിരോധത്തിലേക്കു വലിഞ്ഞുവെന്ന് നായകൻ ഹാരി കെയ്ൻ തന്നെ സമ്മതിക്കുന്നുണ്ട്. അമിത പ്രതിരോധം ഏറെ നേരവും പന്തു സ്വന്തം പകുതിയിലാക്കിയപ്പോൾ മികച്ച പ്രകടനം കാഴ്ചവച്ച ഗോളി പിക്ഫോഡിനു പോലും സമ്മർദം താങ്ങാനായില്ല. അതേസമയം, അർജന്‍റൈൻ കോച്ച് ലയണൽ സ്കലോനിയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ ഫലപ്രദമാവുകയും ചെയ്തു. പകരം വന്നവർ ആക്രമണ ഗെയിം ഉഷാറാക്കിയെടുക്കുന്നതിന് മെസിക്കു പൂർണ പിന്തുണ നൽകി. പ്രതിരോധവും ആക്രമണവും പ്ലാൻ ചെയ്യുന്നത് ഫുട്ബോളിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഈ മത്സരം തെളിയിക്കുന്നു. ലോകകപ്പ് ജേതാക്കളായ 1966നു ശേഷം ആദ്യമായി ഫൈനലിലെത്തുകയെന്ന ചരിത്രത്തിനു തൊട്ടു മുന്നിൽ വച്ചാണ് ഇംഗ്ലണ്ടിനു കാലിടറിയത്.
ഫൗളുകൾ നിറഞ്ഞ ഒന്നാം പകുതിയിൽ എടുത്തുപറയാൻ കാര്യമായി ഒന്നുമില്ല. അമ്പത്തഞ്ചാം മിനിറ്റിൽ ആന്തണി ഗോർഡനിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയ ശേഷമാണ് കളിയാകെ തിരിയുന്നത്. ഗോൺസാലസും പിന്നാലെ ഓട്ടമെൻഡിയും മോണ്ടിയെലും ഡി പോളും മാർട്ടിനസും പകരക്കാരായി കളത്തിലെത്തിയത് അർജന്‍റൈൻ നീക്കങ്ങൾക്ക് ഊർജം പകർന്നു. സമനില ഗോളിനായുള്ള അവരുടെ തള്ളിക്കയറ്റമായിരുന്നു തുടരെ. ഗോൾ നേടിയ ഗോർഡനെ തന്നെ പിൻവലിച്ചാണ് ഇംഗ്ലണ്ട് പ്രതിരോധ നിരയിൽ ആളെ കൂട്ടിയത്. ഗോളി പിക്ഫോർഡ് പലവട്ടം ഇംഗ്ലണ്ടിന്‍റെ രക്ഷകനായി. എൺപത്തഞ്ചാം മിനിറ്റിൽ മെസി നൽകിയ പന്ത് ഫെർണാണ്ടസ് വലയിലെത്തിച്ചതോടെ 1-1 സമനില. മത്സരം അധിക സമയത്തേക്കു നീളുമെന്ന ഇംഗ്ലീഷ് ആരാധകരുടെ പ്രതീക്ഷകൾ തകിടം മറിച്ച് ഇഞ്ച്വറി ടൈമിൽ പകരക്കാരൻ മാർട്ടിനസിന്‍റെ ക്ലോസ് റേഞ്ച് ഹെഡർ വലയിൽ കുടുങ്ങി. മെസി നൽകിയ സുന്ദരമായ ക്രോസ് വിന്നറാക്കി മാറ്റുകയായിരുന്നു മാർട്ടിനസ്. പിന്നെയൊരു തിരിച്ചുവരവിനു സമയം പോലുമില്ലായിരുന്നു ഇംഗ്ലണ്ടിന്.
പ്രീ ക്വാർട്ടറിൽ രണ്ടു ഗോളിനു പിന്നിൽ നിന്ന ശേഷം ഈജിപ്തിനെ പിന്തള്ളിയ അർജന്‍റീനയുടെ വിജയവും അവസാന നിമിഷങ്ങളിലെ ഗോളുകളിലൂടെയായിരുന്നു. ഈജിപ്ത് ഏതാണ്ട് വിജയമുറപ്പിച്ച മത്സരത്തിൽ എഴുപത്തൊമ്പതാം മിനിറ്റിലാണ് അർജന്‍റീനയുടെ ആദ്യ ഗോൾ; റൊമേരോയിലൂടെ. എൺപത്തിമൂന്നാം മിനിറ്റിൽ മെസിയുടെ വക സമനില ഗോളും സ്റ്റോപ്പെജ് ടൈമിൽ ഫെർണാണ്ടസിന്‍റെ വിന്നിങ് ഗോളും. റഫറി കളിച്ചുവെന്ന് എതിരാളികൾ ആരോപിച്ച ഈ മത്സരത്തിനു ശേഷം ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ അർജന്‍റീന മറികടന്നത് അധിക സമയത്തെ കളിയിലൂടെയാണ്. നിശ്ചിത സമയത്ത് 1-1 സമനില. അന്തിമ സ്കോർ 3-1. ഇനി ഫൈനലാണ്. യൂറോപ്യൻ ചാംപ്യൻമാരായ സ്പെയ്നുമായി നിലവിലുള്ള ലോക ചാപ്യൻമാരും സൗത്ത് അമെരിക്കൻ ചാംപ്യൻമാരുമായ അർജന്‍റീനയുടെ പോരാട്ടം രണ്ടു വ്യത്യസ്ത ശൈലികളുടെ ഏറ്റുമുട്ടലാവും. സെമിയിൽ ഫ്രാൻസിനെ നിഷ്പ്രഭമാക്കിയ സ്പെയിനിന്‍റെ ആത്മവിശ്വാസമാണ് ലോക ഫുട്ബോളിലെ മഹാ മാന്ത്രികൻ മെസിക്കും സംഘത്തിനും മറികടക്കേണ്ടത്. ലോകകപ്പ് ചരിത്രത്തിൽ തന്നെ മെസിയുടെ അവസാന മത്സരവും ഇതാവുമെന്നു കരുതണം. എട്ടു ഗോളുകളും നാല് അസിസ്റ്റുകളുമായി ഗോൾഡൺ ബൂട്ട് മത്സരത്തിൽ ഒന്നാമതുണ്ട് മെസി എന്നതും ഇതോടു ചേർത്തു പറയണം. ഏതു വമ്പനും തന്‍റെ മുന്നിൽ തലകുനിക്കുമെന്നു തെളിയിച്ചുകഴിഞ്ഞ സൂപ്പർ ഹീറോയ്ക്ക് വിജയത്തോടെയുള്ള രാജകീയ യാത്രയയപ്പാണ് ലോകമെമ്പാടുമുള്ള മെസി ആരാധകർ കാത്തിരിക്കുന്നത്.