സുനിൽ ഗവാസ്കർ, ഋഷഭ് പന്ത് 
Sports

''ഋഷഭ് പന്ത് ടീം വിട്ടത് പണം മോഹിച്ച്'', എയറിൽനിന്ന് ഇറങ്ങാൻ നേരമില്ലാതെ ഗവാസ്കർ | Video

വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ടു മാത്രം മറുപടി പറയുന്ന സഞ്ജുവിനെ പോലെയല്ല ഋഷഭ്, വേണ്ടിവന്നാൽ നാവ് കൊണ്ടും കൊടുക്കാനുള്ളത് ഓൺ ദ സ്പോട്ട് കൊടുത്തിരിക്കും

സഞ്ജു സാംസണെ നിരന്തരം വിമർശിച്ചതിന്‍റെ ട്രോൾ മുഴുവൻ സഞ്ജു ഫാൻസിൽ നിന്ന് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. സഞ്ജു അടിക്കുന്ന ഓരോ സിക്സറും വന്നു വീഴുന്നത് ഗവാസ്കറുടെ നെഞ്ചിലാണെന്ന പോലെയായി കാര്യങ്ങൾ.

ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലേക്ക് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ തിരിഞ്ഞു തുടങ്ങിയതോടെ ഈ പഞ്ഞിക്കിടലിന് ഒട്ടൊന്ന് കുറവ് വന്നതോടെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പഴയ ലിറ്റിൽ മാസ്റ്റർ. ഇക്കുറി സഞ്ജുവിനെ വിട്ട് ഋഷഭ് പന്തിനെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

പക്ഷേ, വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ടു മാത്രം മറുപടി പറയുന്ന സഞ്ജുവിനെ പോലെയല്ല ഋഷഭ്, വേണ്ടിവന്നാൽ നാവ് കൊണ്ടും ഓൺ ദ സ്പോട്ട് കൊടുക്കാനുള്ളതു കൊടുത്തിരിക്കും. അതിനി ഗവാസ്കറല്ല ബ്രാഡ്മാൻ ആയാലും ഋഷഭിനു പ്രശ്നമല്ല.

ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ഡൽഹി ക്യാപ്പിറ്റൽസ് നിലനിർത്തിയ താരങ്ങളുടെ കൂട്ടത്തിൽ ടീം ക്യാപ്റ്റനായിരുന്ന ഋഷഭ് പന്ത് ഉൾപ്പെട്ടിരുന്നില്ല. ഇത് പ്രതിഫലക്കാര്യത്തിൽ ധാരണയുണ്ടാകാത്തതിനാൽ സംഭവിച്ചതാകാം എന്ന സുനിൽ ഗവാസ്കറുടെ അഭിപ്രായമാണ് പുതിയ വിവാദം.

റീട്ടെയിൻ ചെയ്യുന്ന താരങ്ങൾക്ക് അതതു ടീമുകൾ നിശ്ചിത റീട്ടെയ്നർ ഫീസ് നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഋഷഭ് ആവശ്യപ്പെട്ട ഉയർന്ന തുക നൽകാൻ ഡൽഹി ക്യാപ്പിറ്റൽസ് തയാറായില്ലെന്ന മട്ടിലായിരുന്നു ഗവാസ്കറുടെ അഭിപ്രയപ്രകടനം.

തന്‍റെ കാര്യത്തിൽ പണമായിരുന്നില്ല വിഷയം എന്നു തനിക്ക് ഉറപ്പിച്ചു പറയാമെന്ന് ഇതേ എക്സ് വീഡിയോയ്ക്ക് താഴെ ഋഷഭ് നേരിട്ട് കമന്‍റ് ചെയ്തോടെ ഗവാസ്കർ റോക്കറ്റ് വിട്ടതു പോലെ എയറിലേക്ക്. പിന്നെ ഋഷഭ് പന്ത് ആരാധകരും, നാക്കിന്‍റെ ഗുണം കൊണ്ട് ഉണ്ടാക്കിവച്ച മറ്റനേകം ഹേറ്റേഴ്സും ചേർന്ന് ഗവാസ്കറെ വളഞ്ഞിട്ട് ആക്രമിക്കുക തന്നെയായിരുന്നു.

കടുത്ത മുംബൈ പക്ഷപാതിയായി അറിയപ്പെടുന്ന ഗവാസ്കർക്ക് സഞ്ജു സാംസണോടെന്ന പോലെ തന്നെ ഋഷഭ് പന്തിനോടുള്ള വിരോധവും കുപ്രസിദ്ധമാണ്. ഗവാസ്കർ ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് മുംബൈയുടെ പരമ്പരാഗതവൈരികളായിരുന്നു ഡൽഹി. അവിടെനിന്നുള്ള ആളായതാണ് ഋഷഭിനോടുള്ള വിരോധത്തിനു കാരണമെന്നാണ് കമന്‍റുകളിലെ ആരോപണം.

സൈബർ ആക്രമണം: ഹണി ഭാസ്കരന്‍റെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് മുഖ‍്യമന്ത്രിയുടെ ഓഫിസ്

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

ശ്രേയസ് അയ്യർ ക‍്യാപ്റ്റൻ സ്ഥാനത്തേക്കില്ല; അഭ‍്യൂഹങ്ങൾ ബിസിസിഐ തള്ളി

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും