ശുഭ്മൻ ഗിൽ

 
Sports

ഗില്ലാട്ടം തുണച്ചില്ല; ഗുജറാത്ത് ടൈറ്റൻസിന് തോൽവി

29 റൺസിനാണ് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചത്

Aswin AM

കോൽക്കത്ത: ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ‌ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. നിശ്ചിത 20 ഓവറിൽ കോൽക്കത്ത ഉയർത്തിയ 248 റൺസ് വിജയലക്ഷ‍്യം ഗുജറാത്തിന് മറികടക്കാനായില്ല. ഇതോടെ 29 റൺസിന് കോൽക്കത്ത വിജയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെ അടിച്ചെടുക്കാനായുള്ളൂ. 49 പന്തിൽ നിന്നും 7 സിക്സും 5 ബൗണ്ടറിയും അടക്കം 85 റൺസടിച്ച ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ടീമിന്‍റെ ടോപ് സ്കോറർ.

ഗില്ലിനു പുറമെ ജോസ് ബട്ട്ലർ 35 പന്തിൽ 57 റൺസും ഓപ്പണിങ് ബാറ്റർ സായ് സുദർശൻ 28 പന്തിൽ 53 റൺസും നേടി. നിശാന്ത് സിന്ധുവിന് തിളങ്ങാനായില്ല. 4 പന്തുകൾ നേരിട്ട താരം ഒരു റൺസെടുത്ത് മടങ്ങി. കോൽക്കത്തയ്ക്കു വേണ്ടി സുനിൽ നരെയ്ൻ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സൗരഭ് ദുബെയും കാമറോൺ ഗ്രീൻ ഒരു വിക്കറ്റും വീഴ്ത്തി. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റന്തേിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ശുഭ്മൻ ഗില്ലും സായ് സുദർശനും സമ്മാനിച്ചത്. ആദ‍്യ മൂന്ന് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസുണ്ടായിരുന്നു ടീമിന്.

നാലാം ഓവറിൽ‌ മതീഷ പാതിരാന എറിഞ്ഞ പന്തിൽ സായ് സുദർശന്‍റെ ഇടത് കൈമുട്ടിന് പരുക്കേറ്റത് തിരിച്ചടിയായി. അഞ്ചാം ഓവറിലെ ആദ‍്യ പന്തിൽ തന്നെ നിഷാന്ത് സിന്ധു പുറത്തായതോടെ ടീം പ്രതിരോധത്തിലായി. എന്നാൽ മൂന്നാം വിക്കറ്റിൽ ബട്‌ലറും ഗില്ലും ഒന്നിച്ച് സഖ‍്യമുണ്ടാക്കിയതോടെ ടീം സ്കോർ ഉയർന്നു.

10 ഓവർ പൂർത്തിയാകുമ്പോൾ തന്നെ ഗുജറാത്ത് 100 റൺസ് കടന്നിരുന്നു. പതിനൊന്നാം ഓവറിൽ‌ അർധസെഞ്ചുറി നേടിയ ഗിൽ 14ാം ഓവറിൽ വരുൺ ചക്രവർത്തിയെ രണ്ട് സിക്സും രണ്ട് ബൗണ്ടറിയും അടിച്ച് 22 റൺസ് നേടി ഗിൽ പ്രതീക്ഷ നൽകിയെങ്കിലും 17ാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ പുറത്താക്കി സുനിൽ നരെയ്ൻ കൂട്ടുകെട്ട് പൊളിച്ചതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. ഗിൽ പുറത്തായതിനു പിന്നാലെ സായ് സുദർശൻ ക്രീസിലെത്തിയെങ്കിലും വിജയലക്ഷ‍്യം മറികടക്കാനായില്ല.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത കോൽക്കത്ത നിശ്ചിത 20 ഓവറിൽ 247 റൺസ് അടിച്ചെടുത്തു. 35 പന്തിൽ 10 സിക്സും 4 ബൗണ്ടറിയും അടക്കം 93 റൺസ് അടിച്ചെടുത്ത ഓപ്പണിങ് ബാറ്റർ ഫിൻ അലനാണ് ടീമിന്‍റെ ടോപ് സ്കോറർ. ഫിൻ അലനു പുറമെ അംഗ്കൃഷ് രഘുവംശി 44 പന്തിൽ 82 റൺസും കാമറൂൺ ഗ്രീൻ 28 പന്തിൽ 52 റൺസും നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനു വേണ്ടി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ഹോംഗ്രൗണ്ടിൽ ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെയും ഫിൻ അലനും നൽകിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ‍്യ ഓവർ ബഹുമാനിച്ചു കൊണ്ട് തുടങ്ങിയെങ്കിലും രണ്ടാം ഓവറിൽ കാഗിസോ റബാഡയെ ഓഫ് സൈഡിൽ സിക്സർ അടിച്ചുകൊണ്ട് രഹാനെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു.

മറുവശത്ത് സിറാജിനെ രണ്ട് ബൗണ്ടറി പറത്തി കൊണ്ട് ഫിൻ അലനും നിലയുറപ്പിച്ചതോടെ ഗുജറാത്ത് ബൗളർമാർ വിയർത്തു. ഒടുവിൽ 4.3 ഓവറിൽ സിറാജാണ് രഹാനെയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. ഒന്നാം വിക്കറ്റിൽ 44 റൺസ് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു.

പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലായിരുന്നു ടീം. രണ്ടാം വിക്കറ്റിൽ ഫിൻ അലനൊപ്പം ചേർന്ന് അംഗ്കൃഷ് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ സ്കോർബോർഡ് ഉയർന്നു. ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് നിരയെന്ന് ആരാധകർ അവകാശവാദം ഉന്നയിക്കുന്ന ടീമിനെതിരേയാണ് ഫിൻ അലൻ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്.

ഫിൻ അലന്‍റെ രണ്ട് ക‍്യാച്ചുകൾ ഗുജറാത്ത് ഫീൽഡർമാർ‌ കൈവിട്ടതാണ് തിരിച്ചടിക്ക് കാരണമായത്. 11.2 ഓവറിൽ സായ് കിഷോറിനെ സിക്സർ അടിക്കാൻ ശ്രമിച്ചാണ് ഫിൻ അലൻ പുറത്തായത്. 7 റൺസിന് താരത്തിന് സെഞ്ചുറി നഷ്ടമായി. ഫിൻ‌ അലൻ അടി നിർത്തിയിടത്ത് നിന്നും കാമറൂൺ‌ ഗ്രീൻ അടി തുടങ്ങി. മൂന്നാം വിക്കറ്റിൽ അംഗ്കൃഷിനൊപ്പം 50 റൺസ് കൂട്ടുകെട്ടുണ്ടായതോടെ 247 റൺസെന്ന കൂറ്റൻ സ്കോറിലേക്കെത്തി.

എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളിലെ മൈലേജ് കുറയ്ക്കും; ഒടുവിൽ സമ്മതിച്ച് കേന്ദ്ര മന്ത്രി

''സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ‍്യക്തമാക്കണം": പൊലീസിന് അൻസിബയുടെ മറുപടി

ഹോർമൂസ് കടലിടുക്കിൽ കപ്പൽ സ്വാതന്ത്ര്യം ഉറപ്പാക്കണം

പിഎസ്‌സി നിയമന തട്ടിപ്പ്: ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

ഇറാൻ നടത്തിയ ആക്രമണങ്ങൾ താൽക്കാലിക കരാറിന്‍റെ ലംഘനം