ഷാനവാസ് ദഹാനി, ഹർഭജൻ സിങ്
അബുദാബി: പാക്കിസ്ഥാൻ താരം ഷാനവാസ് ദഹാനിക്ക് കൈ കൊടുത്ത് ഇന്ത‍്യൻ താരം ഹർഭജൻ സിങ്. അബുദാബി ടി10 ലീഗിനിടെയാണ് സംഭവം. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക് താരങ്ങൾക്ക് കൈ കൊടുക്കുന്നത് ഇന്ത‍്യൻ താരങ്ങൾ ഒഴിവാക്കിയിരുന്നു.
ഇതേത്തുടർന്ന് ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ ഇന്ത‍്യൻ താരങ്ങൾ പാക്കിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകിയിരുന്നില്ല. പിന്നീട് വനിതാ ലോകകപ്പിലും ഇത് തുടർന്നു. ഇതു കൂടാതെ ലോക ലെജൻഡ്സ് ചാംപ‍്യൻഷിപ്പിൽ പാക്കിസ്ഥാൻ താരങ്ങൾക്കെതിരേ കളിക്കാൻ ഹർഭജൻ സിങ് അടക്കമുള്ള താരങ്ങൾ വിസമ്മതിച്ചിരുന്നു.
ഷാനവാസ് ദഹാനിക്ക് ഹർഭജൻ സിങ് കൈ കൊടുത്ത ചിത്രങ്ങൾ സമൂഹമാധ‍്യമങ്ങളിൽ വൈറലായതിനു പിന്നാലെ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഹർഭജൻ സിങ്ങിന്‍റെ ഇരട്ടത്താപ്പാണ് പുറത്തു വന്നിരിക്കുന്നതെന്നാണ് പാക്കിസ്ഥാൻ ആരാധകർ പറയുന്നത്.
ഏഷ‍്യ കപ്പിൽ പാക്കിസ്ഥാനെതിരേ ഇന്ത‍്യൻ ടീമിനെ കളിക്കാൻ സമ്മതിച്ചതിന് ബിസിസിഐയെ വിമർശിച്ച് ഹർഭജൻ രംഗത്തെത്തിയിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഹർഭജൻ സിങ്ങിനെതിരേ വിമർശനം ശക്തമാവുന്നത്.
അതേസമയം, ഷാനവാസ് ദഹാനി പാക്കിസ്ഥാന്‍റെ ക്രിക്കറ്റ് താരമായിരുന്നു എന്നു തനിക്കറിയില്ലായിരുന്നു എന്നാണ് ഹർഭജൻ സിങ് പറയുന്നത്. ഗ്രൗണ്ട് സ്റ്റാഫ് ആണെന്നു കരുതിയാണ് ഹസ്തദാനം നൽകിയതെന്നാണ് വിശദീകരണം.