വഡോദര: വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത‍്യ കൂറ്റൻ സ്കോറിൽ. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത‍്യ 50 ഓവർ പിന്നിടുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തു. 103 പന്തിൽ 115 റൺസ് നേടിയ ഹർലീൻ ഡിയോളിന്‍റെ സെഞ്ച്വറിയാണ് ഇന്ത‍്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഹർലിന് പുറമേ പ്രതിക റാവൽ (76), ജമീമ റോഡ്രിഗസ് (52), സ്മൃതി മന്ദാന (53) എന്നിവരുടെ മികച്ച പ്രകടനങ്ങളും ഇന്ത‍്യൻ ഇന്നിങ്സിന് അടിത്തറയിട്ടു. ഓപ്പണിങ് ബാറ്റർമാരായ മന്ദാന- പ്രതിഖ സഖ‍്യം ഒന്നാം വിക്കറ്റിൽ 110 റൺസാണ് അടിച്ചുകൂട്ടിയത്.
തുടർന്ന് റണ്ണൗട്ടായ മന്ദാനയ്ക്ക് പിന്നാലെ വന്ന ഹർലിൻ ഡിയോൾ പ്രതികയ്ക്കൊപ്പം ചേർന്നു. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 76 റൺസിൽ പ്രതികയെ സെയ്ദ ജെയിംസ് മടക്കി. 86 പന്തിൽ 1 സിക്സും 10 ബൗണ്ടറിയുമടങ്ങുന്നതായിരുന്നു പ്രതികയുടെ ഇന്നിങ്സ്. ക‍്യാപ്റ്റൻ ഹർമൻപ്രീത് കൗർ 22 റൺസെടുത്ത് മടങ്ങി. മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് 9.3 ഓവർ പിന്നിടുമ്പോൾ 36 റൺസിൽ രണ്ട് വിക്കറ്റ് നഷ്ടമായി. 16 പന്തിൽ 15 റൺസെടുത്ത കിയാന ജോസഫും 17 പന്തിൽ 13 റൺസെടുത്ത നെരിസ ക്രാഫ്റ്റണുമാണ് പുറത്തായത്. 8 റൺസുമായി ഹെയ്‌ലി മാത‍്യൂസും റഷാദ വില്യംസുമാണ് ക്രീസിൽ.