ഇന്ത്യൻ ഫുട്ബോൾ ടീം. 
Sports

നൂറിന്‍റെ കടമ്പ കടന്ന് നീലക്കടുവകൾ

ഫിഫ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും നൂറിനുള്ളിൽ

വി.കെ. സഞ്ജു

മൂന്നു കിരീടങ്ങൾ നേടിയ സുവർണ വർഷത്തിൽ ഇന്ത്യൻ ഫുട്ബോളിന് അഭിമാനിക്കാൻ ചെറുതെങ്കിലും മറ്റൊരു നേട്ടം കൂടി- ഫിഫയുടെ ഫുട്ബോൾ റാങ്കിങ്ങിൽ 2018നു ശേഷം ആദ്യമായി നൂറിനുള്ളിൽ കടന്നിരിക്കുന്നു നീലക്കടുവകൾ. ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 99 ആണ് ഇന്ത്യയുടെ സ്ഥാനം. ഇതിനുമുൻപ് 2018ലാണ് ഇന്ത്യ നൂറിനുള്ളിലെത്തിയിട്ടുള്ളത്, അന്ന് 96 വരെയെത്താൻ സാധിച്ചിരുന്നു.

1996ൽ രേഖപ്പെടുത്തിയ 94 ആണ് ഇന്ത്യൻ ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്ക്. എന്നാൽ, അതിനു ശേഷം ക്രമാനുഗതമായി കുറഞ്ഞുകുറഞ്ഞ് 2007ൽ 143ലും, 2012ൽ 154ലും, 2014ൽ 171 എന്ന ഏറ്റവും താഴ്ന്ന നിലയിലുമെത്തി.

ഐ.എം. വിജയൻ, വി.പി. സത്യൻ, ബ്രൂണോ കുടീഞ്ഞോ.

1992ലാണ് ഫിഫ റാങ്കിങ് സംവിധാനം ആരംഭിക്കുന്നത്. അന്ന് 143ാം റാങ്കിലാണ് ഇന്ത്യയുടെ തുടക്കം. വി.പി. സത്യൻ, ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, ബ്രൂണോ കുടീഞ്ഞോ എന്നിവർ പീക്ക് ഫോമിൽ ഒരുമിച്ച് കളിച്ചിരുന്ന ആ കാലത്ത് പെട്ടെന്നൊരു കുതിപ്പ് തന്നെ നടത്താൻ ഇന്ത്യക്കു സാധിച്ചു. 1993ൽ ആദ്യമായി ടോപ് ഹൺഡ്രഡിൽ. തുടർന്ന് 1995 വരെ ഇന്ത്യ കളിച്ച അന്താരാഷ്‌ട്ര മത്സരങ്ങൾ വളരെ കുറവായിരുന്നത് റാങ്കിങ്ങിനെയും കാര്യമായി ബാധിച്ചു.

1996ലാണ് വീണ്ടുമൊരു കുതിപ്പ് കാണാനാവുന്നത്. വിജയനൊപ്പം ബൈചുങ് ബുടിയ കൂടി ചേർന്നതോടെ ഗംഭീരമായൊരു ആക്രമണ ജോടി ഇന്ത്യക്കു ലഭിച്ചത് ഈ കാലഘട്ടത്തിലാണ്. അന്നത്തെ 94ാം റാങ്കാണ് ഇപ്പോഴും ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സർവകാല റെക്കോഡ്. വിജയൻ ഏഴും ബുടിയ നാലും അന്താരാഷ്‌ട്ര ഗോളുകൾ നേടിയ 1999 വരെ ഈ നിലവാരത്തിൽ കളി തുടരാൻ ടീമിനു സാധിച്ചു.

എന്നാൽ, അതേ വർഷം ഫിഫ റാങ്കിങ് രീതിയിൽ മാറ്റം വന്നത് തിരിച്ചടിയായി. എതിരാളികളുടെ നിലവാരവും സ്കോറും കൂടി റാങ്കിങ്ങിൽ കണക്കിലെടുക്കാൻ തുടങ്ങിയത് ഇന്ത്യയുടെ സ്ഥാനം താഴത്തേക്കു കൊണ്ടുപോയി.

സംഭവിക്കാതെ പോയ ആക്രമണ ത്രയം... ബൈ‌ചുങ് ബുടിയ, സുനിൽ ഛേത്രി, ഐ.എം. വിജയൻ.

വിജയന്‍റെയും അഞ്ചേരിയുടെയും റിട്ടയർമെന്‍റോടെ ഗോളടിക്കാനുള്ള ചുമതല പൂർണമായും ബുടിയയുടേതായി മാറി. സുനിൽ ഛേത്രി അന്നു ദേശീയ ടീമിൽ പുതുമുഖം. താനും ബുടിയയും ഛേത്രിയും ഒരുമിക്കുന്ന ആക്രമണനിരയ്ക്ക് കൂടുതൽ മികച്ച ഫലങ്ങളുണ്ടാക്കാൻ സാധിക്കുമായിരുന്നു എന്നും, റിട്ടയർമെന്‍റ് ഒന്നോ രണ്ടോ വർഷം കൂടി വൈകിക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ടെന്നും വിജയൻ പിന്നീട് പരിതപിച്ചിട്ടുമുണ്ട്.

സമാനമായി, ഛേത്രി രാജ്യാന്തര മികവ് കാണിച്ചുതുടങ്ങിയ സമയത്ത് ബുടിയയും വിരമിച്ചു. 2014 ആയതോടെ ഇന്ത്യയുടെ റാങ്ക് 171 വരെ താഴ്ന്നു. എന്നാൽ, രണ്ടു വർഷത്തിനുള്ളിൽ വീണ്ടും നൂറിനുള്ളിൽ തിരിച്ചെത്താൻ സാധിച്ചു.

സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ

മുഖ്യ പരിശീലകനായി സ്റ്റീഫൻ കോൺസ്റ്റൈന്‍റെ തിരിച്ചുവരവായിരുന്നു ഇതിൽ നിർണായകമായത്. 2014ൽ തുടക്കം കുറിച്ച ഐഎസ്എല്ലിൽ നിന്ന് കോൺസ്റ്റന്‍റൈൻ മികച്ച പ്രതിഭകളെ കണ്ടെത്തി. അതുവരെ ഐ-ലീഗ് ക്ലബ്ബുകളെ മാത്രം ആശ്രയിച്ചാണ് ഇന്ത്യൻ ടീം തെരഞ്ഞെടുപ്പ് സാധ്യമായിരുന്നത്. ഐഎസ്എല്ലിൽ മികവുറ്റ വിദേശ താരങ്ങൾക്കൊപ്പം കളിച്ചത് സുനിൽ ഛേത്രി അടക്കമുള്ള പല ഇന്ത്യൻ കളിക്കാരെയും ലോക നിലവാരത്തിലേക്കുയർത്തുകയും ചെയ്തു.

ഇന്ത്യ ഒരു മത്സരം പോലും തോൽക്കാത്ത വർഷമായിരുന്നു 2017. അങ്ങനെ 21 വർഷത്തെ ഇടവേളയ്ക്കു ശേഷം 2017 മേയിൽ റാങ്ക് വീണ്ടും നൂറിനുള്ളിലെത്തി. ജൂലൈയിൽ 96 വരെയായിരുന്നെങ്കിലും വർഷം അവസാനിപ്പിക്കുന്നത് 105ാം റാങ്കിലാണ്.

ഇഗോർ സ്റ്റിമാച്ച്

ഇപ്പോഴും തുടരുന്ന ഇഗോർ സ്റ്റിമാച്ച് യുഗത്തിന്‍റെ തുടക്കം 2019-2020 സീസണിലായിരുന്നു. ആ യുഗത്തിന്‍റെ സുവർണകാലം ഈ വർഷവും. സാഫ് കപ്പും ഇന്‍റർകോണ്ടിനെന്‍റൽ കപ്പും ത്രിരാഷ്ട്ര പരമ്പരയും ഇന്ത്യ സ്വന്തമാക്കിയത് ഈ വർഷമാണ്. പക്ഷേ, ടീമിന്‍റെ പ്രകടനത്തിൽ തൃപ്തിയില്ലെന്ന് പരസ്യമായി പറയാൻ സ്റ്റിമാച്ചിന് ഇപ്പോഴും മടിയില്ല. നൂറിനുള്ളിൽ കടന്നെങ്കിലും ഇപ്പോഴത്തെ റാങ്കിങ്ങിനും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനാവുമെന്നു കരുതാനുമാവില്ല.

മാറ്റമില്ലാതെ ടോപ് 10

അതേസമയം, റാങ്കിങ്ങിലെ ആദ്യ പത്തിൽ കാര്യമായ മാറ്റങ്ങളില്ല. ലോക ചാംപ്യൻമാരായ അർജന്‍റീന ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫ്രാൻസും രണ്ടാമതും ബ്രസീൽ മൂന്നാമതും. ഇംഗ്ലണ്ടും ബെൽജിയവും നാലും അഞ്ചും സ്ഥാനങ്ങളിൽ.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി