സഞ്ജു സാംസൺ
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത‍്യയ്ക്ക് അനായാസ ജയം. നിശ്ചിത 20 ഓവറിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 14.3 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു. മലയാളി താരം സഞ്ജു സാംസൺ ( 22 പന്തിൽ 57) അഭിഷേക് ശർമ (19 പന്തിൽ 39), ഇഷാൻ കിഷൻ ( 22 പന്തിൽ 34 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത‍്യ വിജയിച്ചത്.
വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഇന്ത‍്യയ്ക്ക് മികച്ച തുടക്കമാണ് വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയും സഞ്ജു സാംസണും നൽകിയത്. സഞ്ജുവിനെ മറുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി അഭിഷേകാണ് ആക്രണമോത്സുക ബാറ്റിങ്ങിന് തുടക്കമിട്ടത്. പതിവിന് വിപരീതമായി സ്പിൻ പരീക്ഷണമാണ് അഫ്ഗാനിസ്ഥാൻ തുടക്കത്തിലെ ഇന്ത‍്യയ്ക്കെതിരേ പരീക്ഷിച്ചത്. മുജീബ് ഉർ റഹ്മാൻ എറിഞ്ഞ ആദ‍്യ ഓവറിൽ തന്നെ ബൗണ്ടറികൾ പറത്തികൊണ്ടായിരുന്നു അഭിഷേക് തുടക്കംക്കുറിച്ചത്.
അഭിഷേക് ശർമ
ഈ സമയം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക മാത്രമായിരുന്നു സഞ്ജു ചെയ്തത്. രണ്ടാം ഓവറും സ്പിന്നറായ നബിക്ക് കൊടുത്തതോടെ അഭിഷേക് ഫോമിലെത്തി. മൂന്നാം ഓവർ എറിയാനെത്തിയത് കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയ അസ്മത്തുള്ളയായിരുന്നു. അസ്മത്തുള്ള ഒരുക്കിയ ബോഡിലൈൻ കെണിയിൽ വീഴാതെ സ്ക്വയർ ലെഗിൽ ബൗണ്ടറി അടിച്ചുകൊണ്ടാണ് സഞ്ജു മറുപടി നൽകിയത്.
അസ്മത്തുള്ളയുടെ രണ്ടാം ഓവറിൽ 3 ബൗണ്ടറികളും ഒരു സിക്സും പറത്തികൊണ്ട് സഞ്ജു കഴിഞ്ഞ മത്സരത്തിലെ കടം വീട്ടി. ഇതോടെ ഫോമിലെത്തിയ സഞ്ജു നബിയെയും പ്രഹരിച്ചു. 15 റൺസാണ് ആറാം ഓവറിൽ താരം അടിച്ചെടുത്തത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 82 റൺസ് അടിച്ചെടുക്കാൻ ഇരുവർക്കും സാധിച്ചു. ഒടുവിൽ 6.2 ഓവറിലാണ് റാഷിദ് ഖാൻ അഭിഷേകിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിക്കുന്നത്.
അതേ ഓവറിൽ തന്നെ സഞ്ജുവിനെയും റാഷിദ് ഖാൻ പുറത്താക്കിയതോടെ ടീമിന് രണ്ടു വിക്കറ്റ് നഷ്ടമായി. പിന്നാലെയത്തിയ ഇഷാൻ കിഷൻ ഒരുവശത്ത് ബൗണ്ടറികൾ പറത്തി സ്കോർബോർഡ് ചലിപ്പിച്ചെങ്കിലും മറുവശത്ത് ബാറ്റ് ചെയ്ത ശ്രേയസ് അയ്യർ നിരാശപ്പെടുത്തി. 11 പന്തിൽ നിന്നും 11 റൺസ് മാത്രമാണ് ക‍്യാപ്റ്റൻ നേടിയത്.
പിന്നാലെയത്തിയ തിലക് വർമ ഇഷാനെ പിന്തുണച്ചതോടെ ഇന്ത‍്യ അനായാസം വിജയത്തിലെത്തുകയായിരുന്നു. ഇതോടെ 3 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത‍്യ 2-0ന് മുന്നിലായി. അതേസമയം, ആദ‍്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് അടിച്ചെടുത്തത്. 33 പന്തിൽ 6 ബൗണ്ടറി അടക്കം 37 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്‍റെ ടോപ് സ്കോറർ.
ഇബ്രാഹിമിനു പുറമെ 15 പന്തിൽ നിന്നും 26 റൺസ് അടിച്ചെടുത്ത ദാർവിഷ് റസൂലി മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത അസ്മത്തുള്ള ഒമർസായി (11) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. മത്സരത്തിന്‍റെ രണ്ടാം ഓവറിൽ തന്നെ അഫ്ഗാനിസ്ഥാന് ആദ‍്യ വിക്കറ്റ് നഷ്ടമായിരുന്നു. പേസർ അർഷ്ദീപ് എറിഞ്ഞ പന്തിൽ ആക്രമിച്ച് കളിക്കാൻ ശ്രമിച്ച ഓപ്പണിങ് ബാറ്റർ റഹ്മാനുള്ള ഗുർബാസാണ് (0) പുറത്തായത്.
എന്നാൽ രണ്ടാം വിക്കറ്റിൽ ഇബ്രാഹിം സദ്രാനും സേദിഖുള്ള അടലും (12) ചേർന്ന് പടുത്തുയർത്തിയ 50 റൺസ് കൂട്ടുകെട്ട് ടീമിന് അൽപ്പം ആശ്വാസമേകിയെങ്കിലും ടീം സ്കോർ 51ൽ നിൽക്കെ ഇബ്രാഹിം സദ്രാനെ പുറത്താക്കികൊണ്ട് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ സേദിഖുള്ള മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിക്ക് പകരക്കാരനായി ടീമിലെത്തിയ രവി ബിഷ്ണോയിക്ക് വിക്കറ്റ് നൽകി മടങ്ങിയതോടെ അഫ്ഗാനിസ്ഥാൻ പ്രതിരോധത്തിലായി. ഗുൽബദിൻ നയിബും (10) അസ്മത്തുള്ള ഒമർസായി എന്നിവർക്കും അധികം ആയുസുണ്ടായിരുന്നില്ല.
ഗുൽബദിനെ നിതീഷും അസ്മത്തുള്ളയെ അക്ഷർ പട്ടേലും മടക്കി അയച്ചു. ഇതോടെ 13.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാൻ കൂപ്പുകുത്തി. ദാർവിഷ് റസൂലി ഒരുവശത്ത് 2 സിക്സും ഒരു ബൗണ്ടറിയും അടക്കം ഒറ്റയാൾ പോരാട്ടം നടത്താൻ ശ്രമം നടത്തിയെങ്കിലും പിന്തുണയ്ക്കാൻ മറുവശത്ത് ആരുമുണ്ടായിരുന്നില്ല. 14.1 ഓവറിൽ ദാർവിഷിന്‍റെയും വിക്കറ്റ് ടീമിന് നഷ്ടമായി.
ഡെത്ത് ഓവറുകളിൽ സീനിയർ താരം മുഹമ്മദ് നബി (14 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പടെ 20 റൺസ്), റാഷിദ് ഖാൻ ( 16 പന്തിൽ 28 റൺസ്) അടിച്ചെടുത്തതോടെയാണ് അൽപ്പം റൺസ് ഉയർന്നത്. പക്ഷേ 19ാം ഓവറിൽ നബിയെ പൂട്ടി ബുംറ തിരിച്ചടിച്ചു. പിന്നീട് നിതീഷ് എറിഞ്ഞ അവസാന ഓവറിൽ ആകെ 11 റൺസാണ് അഫ്ഗാൻ താരങ്ങൾക്ക് അടിച്ചെടുക്കാനായത്. റാഷിദ് ഖാന്‍റെ വിക്കറ്റും നിതീഷ് ഈ ഓവറിലെടുത്തിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാൻ 159 റൺസിലെത്തുകയായിരുന്നു. ഇന്ത‍്യയ്ക്കു വേണ്ടി നിതീഷ് കുമാർ റെഡ്ഡി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷ്ദീപ് സിങ് രണ്ടും അക്ഷർ പട്ടേൽ, രവി ബിഷ്ണോയി, ജസ്പ്രീത് ബുംറ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഓൾറൗണ്ടർ ശിവം ദുബെ ഒരോവർ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല. 13 റൺസാണ് താരം വിട്ടുകൊടുത്തത്.