രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരേ അർധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന കൂപ്പർ കൊണോലി.

 
Sports

രണ്ടാം ഏകദിനവും ഇന്ത്യ തോറ്റു: പരമ്പര ഓസ്ട്രേലിയക്ക്

ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം. സ്കോർ: ഇന്ത്യ 50 ഓവറിൽ 264/9. ഓസ്ട്രേലിയ 46.2 ഓവറിൽ 265/8

Sports Desk

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തോൽവി. ആദ്യ മത്സരവും തോറ്റിരുന്ന സന്ദർശകർക്ക് ഇതോടെ പരമ്പര നഷ്ടമായി. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. ഓസ്ട്രേലിയ 46.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനും ഇറങ്ങിയത്. ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും നൽകിയത് പതിഞ്ഞ തുടക്കം. സേവ്യർ ബാർട്ട്ലറ്റിന്‍റെ പന്തിൽ മിച്ചൽ മാർഷ് ക്യാച്ചെടുത്ത് ഗിൽ (9) പുറത്താകുമ്പോൾ ഇന്ത്യയുടെ സ്കോർ 6.1 ഓവറിൽ 17 റൺസ് മാത്രം.

തുടർന്നെത്തിയ വിരാട് കോലി നേരിട്ട നാലാം പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി, ബാർട്ട്ലെറ്റിനു തന്നെ ഇരയായി. ആദ്യ മത്സരത്തിൽ എട്ട് പന്ത് നേരിട്ടാണ് കോലി പൂജ്യത്തിനു പുറത്തായത്. കരിയറിൽ ആദ്യമായാണ് കോലി തുടരെ രണ്ട് ഏകദിന മത്സരങ്ങളിൽ പൂജ്യത്തിനു പുറത്താകുന്നത്.

എന്നാൽ, തുടർന്നെത്തിയ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ശർമ വൻ തകർച്ച ഒഴിവാക്കി. കരുതലോടെ കളിച്ച രോഹിതിന്‍റെ സ്ട്രൈക്ക് റേറ്റ് ഒരു ഘട്ടത്തിൽ അമ്പതിലും താഴെയായിരുന്നു. എന്നാൽ, പിന്നീട് രണ്ട് തുടരൻ സിക്സറുകളുമായി റൺ റേറ്റ് ഉയർത്തിയ രോഹിത്, 74 പന്തിൽ തന്‍റെ അമ്പത്തൊമ്പതാം ഏകദിന അർധ സെഞ്ചുറി പൂർത്തിയാക്കി.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ പൂജ്യത്തിനു പുറത്തായി മടങ്ങുന്ന ഇന്ത്യൻ ബാറ്റർ വിരാട് കോലി.

97 പന്തിൽ ഏഴ് ഫോറും രണ്ടു സിക്സും സഹിതം 73 റൺസെടുത്താണ് രോഹിത് പുറത്തായത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 118 റൺസാണ് രോഹിതും ശ്രേയസും കൂട്ടിച്ചേർത്തത്. ഇതിനിടെ, 67 പന്തിൽ ശ്രേയസ് അയ്യർ തന്‍റെ 23ാം ഏകദിന അർധ സെഞ്ചുറിയും പിന്നിട്ടു. 77 പന്തിൽ 7 ഫോർ ഉൾപ്പെടെ 61 റൺസെടുത്ത് ശ്രേയസ് പുറത്തായി.

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ ബാറ്റിങ്.

അഞ്ചാം നമ്പറിൽ കളിച്ച അക്ഷർ പട്ടേൽ 41 പന്തിൽ അഞ്ച് ബൗണ്ടറി സഹിതം 41 റൺസെടുത്തു. എന്നാൽ, കെ.എൽ. രാഹുലും (11) വാഷിങ്ടൺ സുന്ദറും (12) നിതീഷ് കുമാർ റെഡ്ഡിയും (8) നിരാശപ്പെടുത്തി.

അവസാന ഓവറുകളിൽ ഹർഷിത് റാണയും (18 പന്തിൽ പുറത്താകാതെ 24, മൂന്ന് ഫോർ) അർഷ്ദീപ് സിങ്ങും (14 പന്തിൽ 13, രണ്ട് ഫോർ) നടത്തിയ സാഹസികമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെങ്കിലും എത്തിച്ചത്. ഓസ്ട്രേലിയക്കു വേണ്ടി ലെഗ് സ്പിന്നർ ആഡം സാംപ 60 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സേവ്യർ ബാർട്ട്ലറ്റിന് മൂന്ന് വിക്കറ്റ് കിട്ടിയപ്പോൾ, രണ്ടു പേർ മിച്ചൽ സ്റ്റാർക്കിന് ഇരകളായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കവും മികച്ചതായിരുന്നില്ല. ഓപ്പണർമാരായ മിച്ചൽ മാർഷും (11) ട്രാവിസ് ഹെഡും (24) പെട്ടെന്ന് കൂടാരം കയറി. മൂന്നാം നമ്പറിൽ കളിച്ച മാത്യു ഷോർട്ടിന്‍റെയും (78 പന്തിൽ 74) ആറാം നമ്പറിലിറങ്ങിയ കൂപ്പർ കൊണോലിയുടെയും (53 പന്തിൽ 61 നോട്ടൗട്ട്) അർധ സെഞ്ചുറികളാണ് ഓസ്ട്രേലിയൻ റൺ ചേസിനു കരുത്ത് പകർന്നത്.

മാറ്റ് റെൻഷോയും (30) മിച്ചൽ ഓവനുമാണ് (36) ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യക്കു വേണ്ടി അർഷ്ദീപ് സിങ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിനും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റ്.

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷും ടോസിനു ശേഷം.

ടീമുകൾ:

ഇന്ത്യ - ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ - ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), കൂപ്പർ കൊണോലി, മിച്ചൽ ഓവൻ, സേവ്യർ ബാർലറ്റ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്.

വനിതാ ലോകകപ്പ്: സ്മൃതിക്കും പ്രതീകയ്ക്കും സെഞ്ചുറി

ശൈത്യകാലം; കേദാർനാഥ് ക്ഷേത്രം അടച്ചു

ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേടന്‍ ഹൈക്കോടതിയിൽ

തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർഥി; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മഹാസഖ്യം

ഡൽഹിയിൽ സെയിൽസ് ഗേൾസിന് ഇനി രാത്രിയും ജോലി ചെയ്യാം; ഉത്തരവിറക്കി സർക്കാർ