ബെൻ ഡക്കറ്റിനെ ക്ലീൻ ബൗൾ ചെയ്ത ആകാശ് ദീപ്
ജബർമിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോഡുകൾ വാരിയെടുത്ത ഇന്ത്യൻ ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ആതിഥേയർക്കു മുന്നിൽ വച്ചത്. 608 റൺസ് വിജയലക്ഷ്യം. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ടിന് 72 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. 24 റൺസെടുത്ത ഒലി പോപ്പും 15 റൺസെടുത്ത ഹാരി ബ്രൂക്കും ക്രീസിൽ.
ബെൻ ഡക്കറ്റ് (25), സാക്ക് ക്രോളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റാണ് വീണത്. ഡക്കറ്റിനെയും റൂട്ടിനെയും ആകാശ് ദീപ് ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. ക്രോളിയെ സിറാജ് ബാക്ക്‌വേഡ് പോയിന്‍റിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായിറങ്ങിയ സായ് സുദർശന്‍റെ കൈകളിലുമെത്തിച്ചു.
ആദ്യ ഇന്നിങ്സിൽ നേടിയ 269 റൺസിനു പിന്നാലെ രണ്ടാം ഇന്നിങ്സിൽ 161 റൺസ് കൂടി നേടിയ ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലാണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് സമ്മാനിച്ചത്. 162 പന്തിൽ 13 ഫോറും എട്ട് സിക്സും സഹിതം 161 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഓപ്പണർ കെ.എൽ. രാഹുൽ (55), വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് (65), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (69 നോട്ടൗട്ട്) എന്നിവർ അർധ സെഞ്ചുറി നേടി. ജഡേജ ആദ്യ ഇന്നിങ്സിൽ 89 റൺസും നേടിയിരുന്നു.
ചായ സമയത്ത് 427/6 എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യ ആദ്യ ഇന്നിങ്സിൽ 587 റൺസും ഇംഗ്ലണ്ട് 407 റൺസുമാണ് നേടിയിരുന്നത്. 180 റൺസാണ് ഇന്ത്യയുടെ ഒന്നാമിന്നിങ്സ് ലീഡ്.
രണ്ടിന്നിങ്സിലായി 1014 റൺസാണ് ഇന്ത്യൻ ടീമിന്‍റെ പേരിൽ കുറിക്കപ്പെട്ടത്. ഒരു ടെസ്റ്റിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന അഗ്രഗേറ്റ് സ്കോറാണിത്. 2004ൽ ഓസ്ട്രേലിയക്കെതിരേ നേടിയ 916 റൺസായിരുന്നു ഇതിനു മുൻപ് ഏറ്റവും ഉയർന്നത്. ലോക ക്രിക്കറ്റിൽ തന്നെ ആറാം തവണ മാത്രമാണ് ഒരു ടീം ഒരു ടെസ്റ്റിൽ ആകെ ആയിരത്തിലധികം റൺസ് സ്കോർ ചെയ്യുന്നത്. ഈ പട്ടികയിൽ നാലാമത്തെ ഉയർന്ന അഗ്രഗേറ്റ് സ്കോറുമാണ് ഇന്ത്യയുടേത്.
ഒരേ ടെസ്റ്റിൽ രണ്ട് 150+ സ്കോറുകൾ നേടുന്ന രണ്ടാമത്തെ ബാറ്ററായി ഗില്ലും മാറി. ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന അൽ ബോർഡർ (150*, 153) മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1980ൽ പാക്കിസ്ഥാനെതിരേ ആയിരുന്നു ഇത്.
രണ്ടിന്നിങ്സിലായി ഗിൽ നേടിയ 430 റൺസ്, ഒരു ടെസ്റ്റിൽ ഒരു ബാറ്റർ നേടുന്ന ആകെ റൺ കണക്കിലും രണ്ടാം സ്ഥാനത്താണ്. 1996ൽ ഇഗ്ലണ്ടിനു വേണ്ടി ഗ്രഹാം ഗൂച്ച് ഇന്ത്യക്കെതിരേ രണ്ടിന്നിങ്സിലായി 456 റൺസെടുത്തിരുന്നു.
ഒരേ ടെസ്റ്റിൽ സെഞ്ചുറിയും ഡബിൾ സെഞ്ചുറിയും നേടുന്ന ഒമ്പതാമത്തെ ബാറ്ററാണ് ഗിൽ; രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനും. സുനിൽ ഗവാസ്കറാണ് ആദ്യത്തെ ഇന്ത്യക്കാരൻ.