ശുഭ്‌മൻ ഗില്ലിന്‍റെ സ്വീപ്പ് ഷോട്ട്. 
Sports

ഗില്ലിന് സെഞ്ചുറി, ഇംഗ്ലണ്ടിനു ജയിക്കാൻ 399 റൺസ്

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 255 റൺസിൽ അവസാനിച്ചു. ശുഭ്‌മൻ ഗില്ലിന് മൂന്നാം ടെസ്റ്റ് സെഞ്ചുറി. ടോം ഹാർട്ട്‌ലിക്ക് നാലു വിക്കറ്റ്.

വിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 399 റൺസ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 255 റൺസിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ 143 റൺസും ചേർത്ത് ആകെ 398 റൺസിന്‍റെ ലീഡാണ് ഇന്ത്യക്കുള്ളത്.

വൺഡൗൺ ബാറ്റർ ശുഭ്‌മൻ ഗില്ലിന്‍റെ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച ലീഡിലേക്കു നയിച്ചത്. രോഹിത് ശർമയെയും (13) യശസ്വി ജയ്സ്വാളിനെയും (17) രാവിലെ തന്നെ ഇന്ത്യക്കു നഷ്ടയമായിരുന്നു. അതിനു ശേഷം ഗില്ലും ശ്രേയസ് അയ്യരും ഭാഗ്യത്തിന്‍റെ കൂടി അകമ്പടിയോടെ 81 റൺസിന്‍റെ പാർട്ട്‌ണർഷിപ്പ് ഉയർത്തി.

29 റൺസെടുത്ത ശ്രേയസ് അയ്യർക്കു പിന്നാലെ 9 റൺസെടുത്ത രജത് പാട്ടീദാറും പുറത്തായെങ്കിലും, അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് ഗിൽ ഇന്ത്യയെ മുന്നോട്ടു നയിച്ചു.

147 പന്തിൽ 11 ഫോറും രണ്ടും സിക്സും സഹിതം 104 റൺസാണ് ഗിൽ നേടിയത്. അക്ഷറുമൊത്ത് 91 റൺസിന്‍റെ കൂട്ടുകെട്ടുമുണ്ടാക്കി. വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് (6) നിരാശപ്പെടുത്തിയപ്പോൾ, ആർ. അശ്വിന്‍റെയും (61 പന്തിൽ 29) ജസ്പ്രീത് ബുംറയുടെയും (26 പന്തിൽ 0) ഇന്ത്യയെ നാനൂറിനടുത്തെത്തിച്ചത്.

ഇംഗ്ലണ്ടിനു വേണ്ടി ഇടങ്കയ്യൻ സ്പിന്നർ ടോം ഹാർട്ട്‌ലി നാലും ലെഗ് സ്പിന്നർ രെഹാൻ അഹമ്മദ് മൂന്നും വിക്കറ്റ് വീഴ്ത്തി. ജയിംസ് ആൻഡേഴ്സൻ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഷോയിബ് ബഷീറിന് ഒരു വിക്കറ്റ്.

മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെടുത്തിട്ടുണ്ട്. 28 റൺസെടുത്ത ബെൻ ഡക്കറ്റിനെ ആർ. അശ്വിൻ പുറത്താക്കി. സഹ ഓപ്പണർ സാക്ക് ക്രോളിയും (29) നൈറ്റ് വാച്ച്‌മാൻ രെഹാൻ അഹമ്മദും (9) ക്രീസിൽ.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്

ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു