വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും.
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ പരാജയം ഒഴിവാക്കാൻ പൊരുതിയ ഇന്ത്യക്കു വേണ്ടി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പിന്നാലെ രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും സെഞ്ചുറി നേടി. കെ.എൽ. രാഹുലും ഗില്ലും പുറത്തായ ശേഷം വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്നിങ്സ് പരാജയം ഒഴിവാക്കുക മാത്രമല്ല, മത്സരം സമനിലയിൽ എത്തിക്കുകയും ചെയ്തു.
ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 358 റൺസിനെതിരേ ഇംഗ്ലണ്ട് 669 റൺസ് കുറിച്ച ഇംഗ്ലണ്ട് 311 റൺസിന്‍റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഈ ലീഡ് മറികടന്നതോടെ ഇംഗ്ലണ്ടിനെ രണ്ടാമതും ബാറ്റ് ചെയ്യിക്കാനുള്ള സ്കോറിൽ സന്ദർശകർ എത്തി. എന്നാൽ, ഇന്ത്യൻ സ്കോർ 424/4 എന്ന നിലയിൽ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റൻമാരും സമ്മതിക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിനെയും (0) സായ് സുദർശനെയും (0) തുടക്കത്തിൽ തന്നെ നഷ്ടമായ ഇന്ത്യക്ക് കെ.എൽ. രാഹുലും ശുഭ്മൻ ഗില്ലും ഒരുമിച്ച 188 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
അവസാന ദിവസമായ ഞായറാഴ്ച 174/2 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർ 188ലെത്തിയപ്പോൾ ഓപ്പണർ കെ.എൽ. രാഹുലിന്‍റെ വിക്കറ്റ് നഷ്ടമായി. 87 റൺസിൽ ബാറ്റിങ് തുടങ്ങിയ രാഹുൽ മൂന്നു റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. 230 പന്തിൽ എട്ട് ഫോർ ഉൾപ്പെടെ 90 റൺസാണ് രാഹുൽ നേടിയത്.
പരുക്കേറ്റ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ സ്ഥാനത്ത് വാഷിങ്ടൺ സുന്ദറാണ് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. നേരിട്ട 228ാം പന്തിൽ ഗിൽ സെഞ്ചുറിയും തികച്ചു. പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന നാലാം സെഞ്ചുറിയാണിത്. കരിയറിൽ ഒമ്പതാമത്തെയും.
ശുഭ്മൻ ഗിൽ
സെഞ്ചുറിക്കു പിന്നാലെ ജോഫ്ര ആർച്ചറുടെ പന്തിൽ വിക്കറ്റ് കീപ്പർ ജേമി സ്മിത്തിനു പിടികൊടുത്ത് ഗിൽ മടങ്ങുകയും ചെയ്തു. 238 പന്തിൽ 12 ഫോർ ഉൾപ്പെടെ 103 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.
എന്നാൽ, തുടർന്ന് സുന്ദറിനൊപ്പം ജഡേജയും ചേർന്നതോടെ ഇംഗ്ലണ്ട് ബൗളർമാർ തീർത്തും നിസഹായരാകുന്ന കാഴ്ച. 182 പന്തിലാണ് ജഡേജ ടെസ്റ്റ് കരിയറിൽ തന്‍റെ അഞ്ചാം സെഞ്ചുറി തികച്ചത്. തുടരെ നാല് അർധ സെഞ്ചുറികൾ (69*, 89, 72, 61*) നേടിയതിനു പിന്നാലെയാണ് ജഡേജ മൂന്നക്ക സ്കോർ കണ്ടെത്തിയത്.
ഇതിനു പിന്നാലെ വാഷിങ്ടൺ സുന്ദർ 206 പന്തിൽ കന്നി അന്താരാഷ്ട്ര സെഞ്ചുറിയും പൂർത്തിയാക്കിയതിനു പിന്നാലെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-1 എന്ന നിലയിൽ മുന്നിലാണ്. അവസാന ടെസ്റ്റ് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകാതെ കാക്കാം.