രോഹിത് ശർമ, വിരാട് കോലി

 
Sports

മിന്നും ഫോമിൽ രോ-കോ സഖ‍്യം, ശ്രേയസിന്‍റെ തിരിച്ചു വരവ്; കിവീസിനെതിരേ ഇന്ത‍്യ കളത്തിലിറങ്ങുമ്പോൾ

ജനുവരി 11ന് വഡോദരയിലാണ് ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പരമ്പര 2-1ന് വിജയിച്ച ശേഷം കിവീസിനെതിരേ ഏറ്റുമുട്ടാനൊരുങ്ങുകയാണ് ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം. ജനുവരി 11ന് വഡോദരയിലാണ് ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്. ടി20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന മത്സരമായതിനാൽ ഇന്ത‍്യയ്ക്ക് വളരെയധികം നിർണായകമാണ് കിവീസിനെതിരേയുള്ള പരമ്പര.

മിന്നും ഫോമിലുള്ള രോ- കോ സഖ‍്യം, ടി20 ലോകകപ്പിൽ ഇടം നേടാനാവാതെ ടീമിൽ നിന്നും പുറത്തായ ശുഭ്മൻ ഗിൽ, ദീർഘ നാളുകൾ നീണ്ടു നിന്ന പരുക്കുകൾക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന ശ്രേയസ് അയ്യർ എന്നിങ്ങനെ ഒട്ടനേകം ഘടകങ്ങളാണ് ഈ പരമ്പരയെ നിർണായകമാക്കുന്നത്. ഗിൽ ക‍്യാപ്റ്റനായി ടീമിലേക്ക് തിരിച്ചെത്തുന്നതോടെ നിലവിലെ ഓപ്പണിങ് ബാറ്ററായ യശസ്വി ജയ്സ്വാളിന്‍റെ സ്ഥാനം അപകടത്തിലാകും. ഏറെ നാളുകളായി നിറം മങ്ങിയ പ്രകടനം കാഴ്ചവയ്ക്കുന്ന ഗില്ലിന് വിമർശകർക്ക് മറുപടി നൽകാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്.

ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തുമ്പോൾ ടീമിന്‍റെ മധ‍്യനിര കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. പ്രഥമ വിക്കറ്റ് കീപ്പർ ബാറ്ററായി കെ.എൽ. രാഹുൽ തുടരുന്നതിനാൽ ഋഷഭ് പന്തിന് ഇടം ലഭിക്കാൻ സാധ‍്യതയില്ല. സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ‍്യയ്ക്കും ഏകദിന പരമ്പരയിൽ‌ വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഇന്ത‍്യയുടെ ബൗളിങ് നിര കൈകാര‍്യം ചെയ്യും.

അതേസമയം, ഇത്തവണ പരിച‍യസമ്പത്തില്ലാത്ത ന‍്യൂസിലൻഡ് നിരയാണ് ഇന്ത‍്യയുമായി ഏറ്റുമുട്ടുന്നത്. പരുക്കു മൂലം മിച്ചൽ സാന്‍റ്നറിന് ഏകദിനം നഷ്ടമാവും. അതിനാൽ മൈക്കൽ ബ്രേസ്‌വെല്ലാണ് ന‍്യൂസിലൻഡിനെ നയിക്കുന്നത്. സാന്‍റ്നറിനു പകരം ജെയ്‌ഡൻ ലെന്നോക്സിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോം ലാഥമിന് കുഞ്ഞ് പിറന്നതിനാൽ താരം നാട്ടിലേക്ക് മടങ്ങും.

മുൻ ന‍്യൂസിലൻഡ് ക‍്യാപ്റ്റൻ ദക്ഷിണാഫ്രിക്കൻ 20 ലീഗിൽ കളിക്കുന്നതിനാൽ ഏകദിനം കളിക്കില്ല. രച്ചിൻ രവീന്ദ്രയ്ക്കും പേസർ ജേക്കബ് ഡഫിക്കും വിശ്രമം നൽകിയിരിക്കുകയാണ്. മാറ്റ് ഹെൻറി, കൈലി ജേമിസൻ, ആദിത‍്യ അശോക് എന്നിവർ അടങ്ങുന്ന ബൗളിങ് നിരയാണ് ന‍്യൂസിലൻഡിനുള്ളത്. പരിചയ സമ്പത്ത് കുറവാണെങ്കിലും ഡാരി മിച്ചലും ഡെവോൺ കോൺവേയും ഹെൻറി നിക്കോൾസും അടങ്ങുന്ന മികവുറ്റ ബാറ്റിങ് നിരയുമായി ന‍്യൂസിലൻഡ് കളത്തിലിറങ്ങുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്.

ഇന്ത‍്യൻ ടീം: ശുഭ്മൻ ഗിൽ (ക‍്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, രോഹിത് ശർമ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ

ന‍്യൂസിലൻഡ് ടീം: മൈക്കൽ ബ്രേസ്‌വെൽ (ക‍്യാപ്റ്റൻ), ഡെവോൺ കോൺവേ, മൈക്കൽ ഹേ, നിക്ക് കെല്ലി, ഹെൻറി നിക്കോൾസ്, വിൽ യങ്, ജോഷ് ക്ലാർക്ക്സൻ, സക്കാരി ഫോക്സ്, ഡാരി മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ആദിത‍്യ അശോക്, ക്രിസ്റ്റ‍്യൻ ക്ലാർക്ക്, കൈലി ജേമിസൻ, ജെയ്‌ഡൻ ലെന്നോക്സ്, മൈക്കൽ റേ

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു, വീണ്ടും ജയിലിലേക്ക്

ജനൽ കട്ടള ദേഹത്തു വീണ് ഒന്നാം ക്ലാസുകാരൻ മരിച്ചു

സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കും, രാഷ്ട്രീയമായി തകർക്കാൻ കഴിയില്ല; അന്വേഷണ ഉദ‍്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ

''ഉടൻ അറസ്റ്റു ചെയ്യൂ''; രാഹുലിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരം

ഒന്നാം ഏകദിനം: ഇന്ത്യക്ക് 301 റൺസ് വിജയലക്ഷ്യം