നാല് വിക്കറ്റുമായി കുൽദീപ് യാദവ് തിളങ്ങി.

 
Sports

ഇന്ത്യയുടെ രണ്ടാം വിക്കറ്റും വീണു | ഏഷ്യ കപ്പ് Live Updates

ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് ഓൾൗട്ടായി.

സൂര്യകുമാർ യാദവ് പുറത്ത്

അഞ്ച് പന്തിൽ ഒരു റൺ മാത്രം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും വീണു. ഷഹീൻ അഫ്രീദിക്ക് വിക്കറ്റ്.

ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു

147 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ അഭിഷേക് ശർമയാണ് (6 പന്തിൽ 5) പുറത്തായത്. ഫഹീം അഷ്റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഹാരിസ് റൗഫിനു ക്യാച്ച്. മൂന്നാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ്ങിനിറങ്ങി.

9 വിക്കറ്റ് വീണത് 33 റൺസെടുക്കുന്നതിനിടെ

ഓപ്പണർമാരായ സാഹിബ്സാദാ ഫർഹാനും (57) ഫഖർ സമനും (46) ചേർന്നു നൽകിയ ഉറച്ച തുടക്കം മുതലാക്കാനാവാതെയാണ് പാക്കിസ്ഥാൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നത്.

9.4 ഓവറിൽ ടീം സ്കോർ 84 റൺസിലെത്തിയപ്പോഴാണ് ഫർഹാൻ വീഴുന്നത്. പിന്നീട് വൺഡൗൺ പൊസിഷനിൽ കളിച്ച സയിം അയൂബ് (14) ഒഴികെ ആർക്കും രണ്ടക്ക സ്കോർ പോലും നേടാൻ സാധിച്ചില്ല. 12.5 ഓവറിൽ അയൂബ് പുറത്താകുമ്പോൾ ടീം സ്കോർ 112. ഇതുൾപ്പെടെ ഒമ്പത് വിക്കറ്റാണ് 33 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നഷ്ടമായത്. 112/1 എന്ന നിലയിൽ നിന്ന് 146/10.

ഇന്ത്യക്കു വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റ് നേടിയപ്പോൾ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

പാക്കിസ്ഥാൻ ഓൾഔട്ട്

19.1 ഓവറിൽ പാക്കിസ്ഥാൻ 146 റൺസിന് ഓൾഔട്ട്. ജസ്പ്രീത് ബുംറ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്തായത് മുഹമ്മദ് നവാസ് (6)

പാക്കിസ്ഥാൻ ഓൾഔട്ട്

ജെറ്റ് വിമാനം വീഴ്ത്തി ഹാരിസ് റൗഫിന് ബുംറയുടെ മറുപടി

പാക്കിസ്ഥാൻ ഇന്ത്യയുടെ ആറ് ജെറ്റ് വിമാനങ്ങൾ വീഴ്ത്തിയെന്ന മട്ടിൽ 6-0 ആഗ്യം കാണിച്ച് പ്രകോപനമുണ്ടാക്കിയ ഹാരിസ് റൗഫിന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ അതേ നാണയത്തിൽ മറുപടി നൽകി.

പാക്കിസ്ഥാൻ ഇന്നിങ്സിന്‍റെ പതിനെട്ടാം ഓവറിൽ റൗഫിന്‍റെ ഓഫ് സ്റ്റമ്പ് ഇളക്കിയ ശേഷം വിമാനം വീഴുന്ന ആംഗ്യമാണ് ബുംറ പുറത്തെടുത്തത്.

പാക്കിസ്ഥാന്‍റെ ഒമ്പതാം വിക്കറ്റാണ് ഇതോടെ നഷ്ടമായത്.

കുൽദീപിനു നാല് വിക്കറ്റ്

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് നാല് വിക്കറ്റ് തികച്ചു. നാലോവറിൽ 30 റൺസാണ് കുൽദീപ് വഴങ്ങിയത്.

ഫഹീം അഷ്റഫിന്‍റെ (0) രൂപത്തിൽ എട്ടാം വിക്കറ്റും പാക്കിസ്ഥാനു നഷ്ടമായി. 17 ഓവറിൽ 134/8

ഏഴാം വിക്കറ്റ്

ഷഹീൻ അഫ്രീദിയെ കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുടുക്കി. മൂന്ന് പന്ത് നേരിട്ട അഫ്രീദിക്ക് റണ്ണൊന്നും നേടാനായില്ല. പാക്കിസ്ഥാൻ 16.4 ഓവറിൽ 134/7

വിക്കറ്റ് നമ്പർ 6

ക്യാപ്റ്റൻ സൽമാൻ ആഘ (7 പന്തിൽ 8) പുറത്ത്. കുൽദീപ് യാദവിന് രണ്ടാം വിക്കറ്റ്.

അഞ്ചാം വിക്കറ്റും വീണു

ഹുസൈൻ തലത്ത് (രണ്ടു പന്തിൽ 1) പുറത്ത്. വരുൺ ചക്രവർത്തിയും അക്ഷർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കുൽദീപ് യാദവിന് ഒരു വിക്കറ്റ്.

പാക്കിസ്ഥാന് നാല് വിക്കറ്റ് നഷ്ടപ്പെട്ടു

നാലു വിക്കറ്റുകൾ നഷ്ടപ്പെട്ട് പാക്കിസ്ഥാൻ. സാഹിബ്സാദാ ഫർഹാനു (57) ശേഷം സയിം അയൂബ് (11 പന്തിൽ 14), മുഹമ്മദ് ഹാരിസ് (രണ്ടു പന്തിൽ 0), ഫഖർ സമൻ (35 പന്തിൽ 46) എന്നിവരാണു പുറത്തായത്.

വരുൺ ചക്രവർത്തിയെ അഭിനന്ദിക്കുന്ന ഇന്ത്യൻ താരങ്ങൾ.

ആദ്യ വിക്കറ്റ്

മത്സരത്തിന്‍റെ പത്താം ഓവറിൽ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. 38 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 57 റൺസെടുത്ത് അപകടകാരിയായി മുന്നേറുകയായിരുന്ന സാഹിബ്സാദാ ഫർഹാനാണ് പുറത്തായത്. വരുൺ ചക്രവർത്തിയുടെ രണ്ടാം ഓവറിലെ മൂന്നാം പന്ത് സിക്സറിനു പറത്തിയ ശേഷം നാലാം പന്തിലും ബൗണ്ടറിക്കു ശ്രമിച്ച് ഡീപ്പ് മിഡ് വിക്കറ്റിൽ തിലക് വർമയ്ക്കു ക്യാച്ച് നൽകുകയായിരുന്നു ഫർഹാൻ.

ഫർഹാന് അർധസെഞ്ചുറി

അർധ സെഞ്ചുറി നേടിയ പാക്കിസ്ഥാൻ ഓപ്പണർ സാഹിബ്സാദാ ഫർഹാന്‍.

പാക്കിസ്ഥാൻ ഓപ്പണർ സാഹിബ്സാദാ ഫർഹാൻ 35 പന്തിൽ അർധ സെഞ്ചുറി പൂർത്തിയാക്കി. ഇതിനകം അഞ്ച് ഫോറും രണ്ടു സിക്സും നേടിക്കഴിഞ്ഞു.

പവർ പ്ലേയിൽ ഉദ്ദേശിച്ചതു പോലെ റൺ റേറ്റ് ഉയർത്താൻ സാധിച്ചില്ലെങ്കിലും, കുൽദീപ് യാദവ് പന്തെറിയാനെത്തിയതോടെ പാക് ഓപ്പണർമാർ കടന്നാക്രമണത്തിനു തുടക്കമിടുകയായിരുന്നു.

പൊളിക്കാനാവാതെ പാക് ഓപ്പണർമാർ

ആദ്യ ആറോവറിലെ ഫീൽഡിങ് നിയന്ത്രണത്തിന്‍റെ ആനുകൂല്യം കാര്യമായി മുതലാക്കാൻ പാക്കിസ്ഥാൻ ഓപ്പണർമാരായ സാഹിബ്സാദാ ഫർഹാനും ഫഖർ സമനും സാധിച്ചില്ല. വിക്കറ്റൊന്നും വീണില്ലെങ്കിലും 45 റൺസ് മാത്രമാണ് പവർ പ്ലേയിൽ അവർക്കു നേടാൻ സാധിച്ചത്.

ഓപ്പണിങ് ബൗളറായി ശിവം ദുബെ

പരുക്കേറ്റ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഇന്ത്യക്കു വേണ്ടി ന്യൂബോൾ എടുത്തത് ശിവം ദുബെ. 130 കിലോമീറ്ററിലധികം വേഗത്തിൽ പന്തെറിഞ്ഞ ദുബെയുടെ ആദ്യ നാലു പന്തിലും റണ്ണെടുക്കാൻ പാക്കിസ്ഥാൻ ഓപ്പണർ സാഹിബ്സാദാ ഫർഹാനു സാധിച്ചില്ല. അഞ്ചാമത്തെ പന്ത് ലോങ് ഓണിലൂടെ ബൗണ്ടറി കടത്തി. അവസാന പന്തിലും റൺ വഴങ്ങാതെ ദുബെ ഡീസന്‍റായി ആദ്യ ഓവർ പൂർത്തിയാക്കി.

രണ്ടോവറിൽ 12 റൺസ് മാത്രം വഴങ്ങിയ ദുബെ തന്നെ ഏൽപ്പിച്ച ജോലി ഭംഗിയാക്കി. ബുംറയുടെ ആദ്യ സ്പെല്ലിൽ 18 റൺസ് പിറന്ന സ്ഥാനത്താണിത്. അഞ്ചാം ഓവറിൽ തന്നെ വരുൺ ചക്രവർത്തി പന്തെറിയാനെത്തി, ആറാം ഓവറിൽ അക്ഷർ പട്ടേലും.

ആരെടുക്കും ന്യൂബോൾ?

ഇതുവരെയുള്ള പ്രധാന മത്സരങ്ങളിലെല്ലാം ജസ്പ്രീത് ബുംറയ്ക്കൊപ്പം ന്യൂബോൾ കൈകാര്യം ചെയ്തത് ഹാർദിക് പാണ്ഡ്യ ആയിരുന്നു. ബുംറ ഇല്ലാത്ത മത്സരങ്ങളിൽ പോലും ഹാർദിക് തന്നെ പവർ പ്ലേയിൽ പന്തെറിഞ്ഞു. പക്ഷേ, ഏറ്റവും നിർണായകമായ ഫൈനൽ മത്സരത്തിൽ ഹാർദിക് കളിക്കുന്നില്ല. പകരം ടീമിലെടുത്തത് സ്പെഷ്യലിസ്റ്റ് ബാറ്ററായ റിങ്കു സിങ്ങിനെ. ടീമിൽ ബുംറയല്ലാതെ വേറെ പേസ് ബൗളർമാരുമില്ല, പാർട്ട് ടൈം പേസർ എന്നു വിളിക്കാവുന്ന ശിവം ദുബെയാണ് മറ്റൊരു ഓപ്ഷൻ. ഇത്തവണ ബുംറയ്ക്കൊപ്പം ആരെടുക്കും ന്യൂബോൾ‍? ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇത്തരം കിട്ടും.

പ്ലെയിങ് ഇലവൻ

ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

പാക്കിസ്ഥാൻ: ഫഖർ സമൻ, സാഹിബ്സാദാ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഗാ (ക്യാപ്റ്റൻ), ഹുസൈൻ തലത്, മുഹമ്മദ് ഹാരിസ (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.

ഹാർദിക് ഇല്ല

പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഇന്ത്യ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി. പകരം ബാറ്റിങ് ശക്തിപ്പെടുത്താൻ റിങ്കു സിങ്ങിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കക്കെതിരേ കളിച്ച ഹർഷിത് റാണയും അർഷ്ദീപ് സിങ്ങും ഫൈനലിൽ ഇല്ല. ജസ്പ്രീത് ബുംറയും ശിവം ദുബെയും തിരിച്ചെത്തി.

ടോസ് ഇന്ത്യക്ക്

പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘയും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഏഷ്യ കപ്പ് ട്രോഫിയുമായി.

ഏഷ്യ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരേ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുത്തു.

ഇന്ത്യൻ ടീമിൽ രണ്ടു മാറ്റം ഉറപ്പ്

ശ്രീലങ്കയെ നേരിട്ട ടീമിൽ ഏറ്റവും കുറഞ്ഞത് രണ്ടു മാറ്റങ്ങളുമായാവും ഇന്ത്യ കളിക്കാനിറങ്ങുക. ജസ്പ്രീത് ബുംറയും ശിവം ദുബെയും തിരിച്ചെത്തും. ഹാർദിക് പാണ്ഡ്യക്ക് പരുക്കിന്‍റെ പ്രശ്നമുണ്ടെങ്കിൽ അർഷ്ദീപ് സിങ് ടീമിൽ തുടരും. അതല്ലെങ്കിലും, ഇടങ്കയ്യൻ സ്വിങ് ബൗളറായ അർഷ്ദീപിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. നിലവിൽ ഹാർദിക് ആണ് ബുംറയുടെ ന്യൂബോൾ പങ്കാളി. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും മികച്ച പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. സ്പിൻ ബൗളിങ് ഓൾറൗണ്ടറായ അക്ഷർ പട്ടേലിന്‍റെ സാന്നിധ്യം ടീം ബാലൻസ് നിലനിർത്താൻ അത്യാവശ്യവുമാണ്. അതിനാൽ ഹാർദിക് ഉണ്ടെങ്കിൽ അർഷ്ദീപിന് അവസരം കിട്ടാൻ ഇടയില്ല.

സഞ്ജുവിനു പ്രൊമോഷൻ?

ഫോം മങ്ങിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ സ്ഥാനത്ത് ഇൻ ഫോം ബാറ്റർ സഞ്ജു സാംസണെ ഇന്ത്യ മൂന്നാം നമ്പറിൽ പരീക്ഷിക്കുന്നത് പരിഗണനയിലാണ്. ഓപ്പണർമാരിൽ ശുഭ്മൻ ഗിൽ പവർ പ്ലേ കഴിയും മുൻപ് പുറത്തായാലാണ് ഇങ്ങനെയൊരു സാധ്യത ഉയരുക. ഫീൽഡിങ് നിയന്ത്രണം പരമാവധി മുതലെടുക്കാൻ നിലവിലുള്ള ഫോമിൽ സൂര്യയെക്കാൾ ശേഷി സഞ്ജുവിനാണ്. അതേസമയം, അഭിഷേക് ശർമയുടെ വിക്കറ്റാണ് ആദ്യം വീഴുന്നതെങ്കിൽ തിലക് വർമ മൂന്നാം നമ്പറിൽ കളിക്കാനാണ് സാധ്യത കൂടുതൽ. കിട്ടിയ പരിമിതമായ അവസരങ്ങളിൽ തിലക് തന്‍റെ ബിഗ് ഹിറ്റിങ് ശേഷി തെളിയിച്ചുകഴിഞ്ഞു. സഞ്ജുവിനെ പോലെ ടോപ് ഓർഡറിലാണ് തിലക് തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ളത്.

അഭിഷേക് ഫിറ്റ്

ടൂർണമെന്‍റിലെ ഏറ്റവും മികച്ച ബാറ്റർ എന്നു നിസംശയം പറയാവുന്ന ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയ്ക്ക് ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പരുക്കേറ്റത് ആശങ്കയായിരുന്നു. എന്നാൽ, പേശി വലിവ് മാത്രമാണുണ്ടായതെന്നും, ഫൈനലിൽ അഭിഷേകിനു കളിക്കാൻ കഴിയുമെന്നും ടീം വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ടോസ് 7.30ന്

ഇന്ത്യൻ സമയം രാത്രി 8.00 മണിക്ക് (യുഎഇ സമയം വൈകിട്ട് 6.30) ആരംഭിക്കുന്ന മത്സരത്തിന് ടോസ് ഇടുന്നത് 7.30ന് (യുഎഇ സമയം 6.00).

ചരിത്ര ഫൈനൽ

സൂര്യകുമാർ യാദവ്, സൽമാൻ ആഘ.

ഏഷ്യ കപ്പിന്‍റെ ചരിത്രത്തിൽ 41 വർഷത്തിനിടെ ആദ്യമായി ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുന്നു. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ 4 മത്സരത്തിലും പാക്കിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ ആത്മവിശ്വാസത്തിൽ. ഏറ്റവും നിർണായകമായ മത്സരത്തിൽ തിരിച്ചടിക്കാൻ വാശിയോടെ പാക്കിസ്ഥാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ മത്സരച്ചൂട് കൂട്ടിയ ടൂർണമെന്‍റിനിടെ പരസ്പരം പരാതികളും പലതുയർന്നു. ഇനി അവസാന അങ്കം.

സംസ്ഥാനവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

യുവതി ഭർതൃസഹോദരിക്കൊപ്പം ഒളിച്ചോടി; പരാതി നൽകി ഭർത്താവ്

മിഷിഗണിലെ പള്ളിയിൽ വെടിവയ്പ്പ്; നിരവധി പേർ മരിച്ചു

കരൂർ ദുരന്തം: വിജയ്‌യുടെ അറസ്റ്റിന് മുറവിളി, പൊട്ടിക്കരഞ്ഞ് ഡിഎംകെ മന്ത്രി

സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ച് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം