നാല് വിക്കറ്റ് നേടിയ ഓഫ് സ്പിന്നർ സൈമൺ ഹാർമറാണ് ഇന്ത്യൻ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.
കോൽക്കത്ത: ടെസ്റ്റ് ബാറ്റിങ് നിരയിൽ ചേതേശ്വർ പുജാരയുടെ പിൻഗാമിയെ കണ്ടെത്താനുള്ള ഇന്ത്യയുടെ പരീക്ഷണം അനിശ്ചിതമായി നീളുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അപ്രതീക്ഷിതമായി വാഷിങ്ടൺ സുന്ദറിനെയാണ് ഇന്ത്യ വൺ ഡൗൺ ബാറ്റിങ് പൊസിഷനിൽ പരീക്ഷിച്ചത്. ഇതു പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ബാറ്റിങ് നിര തകരുകയും ചെയ്തു. 189 റൺസിന് ഓൾഔട്ടായ ആതിഥേയർക്ക് 30 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ് മാത്രമാണ് നേടാനായത്.
ആദ്യ ദിവസം ആറ് റൺസുമായി പിടിച്ചു നിന്ന സുന്ദറിനു പക്ഷേ, കിട്ടിയ അവസരം മുതലാക്കാനായില്ല. രണ്ടാം ദിനം ഓപ്പണർ കെ.എൽ. രാഹുലിനൊപ്പം ബാറ്റിങ് പുനരാരംഭിച്ച സുന്ദറിന് 29 റൺസെടുക്കാനേ സാധിച്ചുള്ളൂ. 82 പന്തിൽ രണ്ടു ഫോറും ഒരു സിക്സും ഉൾപ്പെട്ടതായിരുന്നു ഇടങ്കയ്യൻ ബാറ്ററുടെ ഇന്നിങ്സ്. സൈമൺ ഹാർമറുടെ പന്തിൽ എയ്ഡൻ മാർക്രം സ്ലിപ്പിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
കെ.എൽ. രാഹുലിന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്.
പുജാരയുടെ സ്ഥാനത്ത് മൂന്നാം നമ്പറിൽ കളിച്ചിരുന്ന ശുഭ്മൻ ഗിൽ, വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ചതോടെ സെക്കൻഡ് ഡൗൺ പൊസിഷനിലേക്കു മാറുകയായിരുന്നു. പിന്നീട്, കരുൺ നായർ, ബി. സായ് സുദർശൻ എന്നിവരെയും ഇന്ത്യ വൺ ഡൗൺ പൊസിഷനിൽ പരീക്ഷിച്ചെങ്കിലും ഇരുവർക്കും ശരാശരിക്കു മുകളിൽ നിലവാരം പുലർത്താൻ സാധിച്ചിരുന്നില്ല.
ഇപ്പോഴത്തെ പ്ലെയിങ് ഇലവനിൽനിന്നു കുൽദീപ് യാദവ് പുറത്താകാതിരിക്കാൻ കൂടിയാണ് ഇപ്പോൾ സുന്ദറിനെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തത്. 93 വർഷത്തെ ഇടവേളയ്ക്കു ശേഷം നാല് സ്പിന്നർമാരുമായാണ് ഇന്ത്യ ഈ ടെസ്റ്റ് കളിക്കുന്നത്.
സുന്ദർ പുറത്തായതിനു പിന്നാലെ ശുഭ്മൻ ഗിൽ റിട്ടയേർഡ് ഹർട്ട് ആയി മടങ്ങി. മൂന്ന് പന്തിൽ നാലു റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. റിട്ട. ഔട്ട് അല്ലാത്തതിനാൽ ഗില്ലിന് പിന്നീട് തിരികെ വന്ന് ബാറ്റിങ് പുനരാരംഭിക്കാം. ഗില്ലിനു പകരം ഋഷഭ് പന്താണ് ക്രീസിലിറങ്ങിയത്. സെറ്റായിരുന്ന കെ.എൽ. രാഹുലിനെ (119 പന്തിൽ 39) കേശവ് മഹാരാജ് മാക്രമിന്‍റെ കൈകളിൽ തന്നെ എത്തിച്ചതോടെ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടം.
പരുക്കേറ്റ് ക്രീസ് വിടുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ.
ഋഷഭ് പന്തിനും രവീന്ദ്ര ജഡേജയ്ക്കും നല്ല തുടക്കം കിട്ടിയെങ്കിലും ഇരുവരും 24 റൺസ് വീതമെടുത്ത് പുറത്തായതോടെ ഇന്ത്യക്ക് വമ്പൻ സ്കോർ നേടാനാവില്ലെന്ന് ഉറപ്പായി. ഇൻഫോം ബാറ്റർ ധ്രുവ് ജുറലിനും (14) ഓൾറൗണ്ടർ അക്ഷർ പട്ടേലിനും (16) അധിക നേരം പിടിച്ചുനിൽക്കാനായില്ല. കുൽദീപ് യാദവും മുഹമ്മദ് സിറാജും ഓരോ റണ്ണെടുത്തപ്പോൾ, ജസ്പ്രീത് ബുംറ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ സൈമൺ ഹാർമറുടെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കു കരുത്ത് പകർന്നു. മാർക്കോ യാൻസൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, കേശവ് മഹാരാജിനും കോർബിൻ ബോഷിനും ഓരോ വിക്കറ്റ്. 159 റൺസാണ് ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സിൽ നേടിയത്. ഇത് ഇന്ത്യ മറികടന്നെങ്കിലും, വലിയ ലീഡ് നേടാൻ സാധിക്കാത്തതിനാൽ രണ്ടാമിന്നിങ്സ് നിർണായകമാകും.