രക്ഷകരായി ദീപ്തിയും അമൻജോത് കൗറും; ശ്രീലങ്കയെ വീഴ്ത്തി ഇന്ത‍്യ
ഗുവഹാത്തി: വനിതാ ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത‍്യക്ക് വിജയം. 59 റൺസിനാണ് ഇന്ത‍്യ വിജയിച്ചത്. മഴ മൂലം 47 ഓവറായി വെട്ടി ചുരുക്കിയ മത്സരത്തിൽ ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ 8 വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് നേടി. ഇന്ത‍്യ ഉയർത്തിയ 271 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ശ്രീലങ്ക 45.4 ഓവറിൽ 211 റൺസിന് കൂടാരം കയറി. ഡക്ക് വർത്ത് ലൂയിസ് നിയമം അനുസരിച്ച് ശ്രീലങ്കയുടെ വിജയലക്ഷ‍്യം 47 ഓവറിൽ 271 റൺസായിരുന്നു.ഇന്ത‍്യക്കു വേണ്ടി ദീപ്തി ശർമ മൂന്നും സ്നേഹ റാണ, ശ്രീ ചരണി എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്കു വേണ്ടി ദീപ്തി ശർമ (53), അമൻജോത് കൗർ (57), പ്രതീക റാവൽ (37), ഹർലീൻ ഡീയോൾ (48), എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഓപ്പണിങ് ബാറ്റർ സ്മൃതി മന്ദാന പുറത്തായി. 8 റൺസ് മാത്രമെ താരത്തിന് നേടാൻ സാധിച്ചുള്ളൂ. പിന്നീട് പ്രതീക റാവലും ഹർലീൻ ഡീയോളും ചേർന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ടീം സ്കോർ 81ൽ നിൽക്കെ പ്രതീക റാവലിനെ ഇനോക രണവീര പുറത്താക്കി.
ഇരുവരും 67 റൺസിന്‍റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റിൽ ഉണ്ടാക്കിയത്. ഇതോടെ പ്രതിരോധത്തിലായ ഇന്ത‍്യക്ക് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമാകാൻ തുടങ്ങിയെങ്കിലും ദീപ്തി- അമൻജോത് സഖ‍്യം ബാറ്റിങ് തകർച്ചയിൽ നിന്നും ടീമിനെ കരകയറ്റി. 103 റൺസാണ് ഏഴാം വിക്കറ്റിൽ ഇരുവരും അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കു വേണ്ടി ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35) എന്നിവർക്ക് മാത്രമാണ് ഇന്ത‍്യൻ ബൗളിങ് നിരയ്ക്കെതിരേ പൊരുതി നിൽക്കാൻ സാധിച്ചത്.