ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ.

 

File photo

Sports

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ജപ്പാനെ ചവിട്ടിമെതിച്ച് ഇന്ത്യ സെമിയിൽ

ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ജപ്പാൻ 57 റൺസിന് ഓൾഔട്ട്. ശ്രീ ചരണിക്ക് നാല് വിക്കറ്റ്. ഇന്ത്യ അഞ്ചോവറിൽ ലക്ഷ്യം നേടി.

Sports Desk

ടോക്യോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ശക്തമായ തുടക്കവുമായി ഇന്ത്യൻ വനിതാ ടീം. ആതിഥേയരായ ജപ്പാനെ വെറും 57 റൺസിന് എറിഞ്ഞിട്ടുകൊണ്ടാണ് ഇന്ത്യൻ വനിതകൾ വരവറിയിച്ചത്. അഞ്ചോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടിയ ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ ഇടം ഉറപ്പിച്ചു. ബംഗ്ലാദേശാണ് സെമിയിൽ ഇന്ത്യയെ കാത്തിരിക്കുന്നത്.

ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഫീൽഡിങ്ങാണ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ പവർപ്ലേ പൂർത്തിയാക്കാൻ ജപ്പാനു സാധിച്ചു. എന്നാൽ, സ്കോർ 24 റൺസിൽ നിൽക്കെ, ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ഹരുണ ഇവസാക്കിയെ (22 പന്തിൽ 10) ഷഫാലി വർമയുടെ കൈകളിലെത്തിച്ച സ്പിന്നർ ശ്രീ ചരണി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി.

ഇന്ത്യൻ ലെഫ്റ്റ് ആം സ്പിന്നർ എൻ. ശ്രീചരണി.

ഹരുണയെ കൂടാതെ സഹ ഓപ്പണർ അയാക കാറ്റോ-സ്റ്റാഫഡിനു മാത്രമാണ് രണ്ടക്ക സ്കോർ കണ്ടെത്താൻ സാധിച്ചത്. 47 പന്തിൽ 25 റൺസെടുത്ത അയാകയാണ് ജപ്പാന്‍റെ ടോപ് സ്കോറർ.

ഇന്ത്യക്കു വേണ്ടി ശ്രീചരണി നാലോവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഇതിൽ രണ്ട് ഓവറുകൾ മെയ്ഡനായിരുന്നു. ഷഫാലി നാലോവറിൽ 13 റൺസിന് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ശ്രേയാങ്ക പാട്ടീലിനും ദീപ്തി ശർമയ്ക്കും ഓരോ വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവർ മുതൽ തകർത്തടിച്ച ഷഫാലിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 15 പന്ത് മാത്രം നേരിട്ട് 40 റൺസെടുത്ത ഷഫാലി പുറത്താകാതെ നിന്നു. ആറ് ഫോറും രണ്ട് സിക്സുമാണ് 22 വയസുകാരിയുടെ ബാറ്റിൽനിന്ന് പുറന്നത്.‌

എന്നാൽ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ സ്ഥാനത്ത് ഓപ്പൺ ചെയ്യാൻ അവസരം കിട്ടിയ പതിനെട്ടുകാരി ജി. കമാലിനിക്ക് അവസരം മുതലാക്കാൻ കഴിഞ്ഞില്ല. രണ്ട് പന്ത് നേരിട്ട കമാലിനി പൂജ്യത്തിനു പുറത്തായി. നാലാം നമ്പറിലേക്ക് പ്രൊമോഷൻ കിട്ടിയ ഭാരതി ഫൂൽമാലിയും (6) നിരാശപ്പെടുത്തി. റിച്ച ഘോഷ് 12 റൺസെടുത്ത് പുറത്താകാതെ നിന്നു. സ്മൃതിയും ഹർമൻപ്രീതും ബാറ്റിങ്ങിനിറങ്ങിയില്ല.

മിസ്റ്റർ സിങ് പോസ്റ്റ് വിവാദം; അമെരിക്കയിൽ സിഖ് ഡ്രൈവർക്ക് 17 തവണ കുത്തേറ്റു

ഡൽഹിയിൽ സ്കൂളിന് ബോംബ് ഭീഷണി; പരിശോധന തുടരുന്നു

യുജിസി-നെറ്റ് പുനഃപരീക്ഷ ഫലം പ്രഖ്യാപിച്ചു

വീട്ടിൽ നിന്ന് മദ്യം പിടിച്ച കേസ്; ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി

അമൃത്സറിൽ എഎസ്ഐയെ വെടിവച്ച് കൊന്നു