ഷഫാലി വർമ
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ മൂന്നാം വനിതാ ടി20യിൽ ഇന്ത‍്യക്ക് ജയം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ‍്യം ഇന്ത‍്യ 13.2 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു.
ഇതോടെ അഞ്ച് ടി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ മൂന്നും വിജയിച്ച ഇന്ത‍്യ പരമ്പര ഉറപ്പിച്ചു. ഓപ്പണിങ് ബാറ്റർ സ്മൃതി മന്ഥന (1), ജെമീമ റോഡ്രിഗസ് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത‍്യയ്ക്ക് നഷ്ടപ്പെട്ടത്.
ശ്രീലങ്കയ്ക്കു വേണ്ടി കവിഷ ദിൽഹാരിയാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്. 42 പന്തിൽ 11 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 79 റൺസെടുത്ത് പുറത്താവാതെ നിന്ന ഷഫാലി വർമയുടെ തിളക്കമാർന്ന പ്രകടനമാണ് ഇന്ത‍്യയെ വിജയത്തിലേക്ക് നയിച്ചത്. ഷഫാലിക്കു പുറമെ ക‍്യാപ്റ്റൻ ഹർമൻപ്രീത് കൗർ 18 പന്തിൽ 21 റൺസെടുത്ത് പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്കു വേണ്ടി 27 റൺസ് പുറത്തെടുത്ത ഇമേഷ ദുലനിയാണ് ടീമിന്‍റെ ടോപ് സ്കോറർ. ഇരുവർക്കും പുറമെ ഹാസിനി പെരെര (25), കവിഷ ദുൽഹാരി (20), കൗശിനി നുത‍്യയങ്കന (19) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ സാധിച്ചത്. ക‍്യാപ്റ്റൻ ചമാരി അത്തപ്പത്തു (3) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ഇന്ത‍്യക്കു വേണ്ടി രേണുക സിങ് നാലും ദീപ്തി ശർമ മൂന്നു വിക്കറ്റും വീഴ്ത്തി.