വനിതാ ഐപിഎല്ലിലെ മികച്ച പ്രകടനം കാശ്വി ഗൗതമിന് ഏകദിന ടീമിൽ ഇടം നേടിക്കൊടുത്തു
ന്യൂഡൽഹി: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. ഏറെക്കാലത്തിനു ശേഷം ഒരു മലയാളി പോലുമില്ലാത്ത ഇന്ത്യൻ ടീമിനെയാണ് സെലക്റ്റർമാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദിന ടീമിൽ മോശമല്ലാത്ത പ്രകടനം നടത്തിയിരുന്ന മിന്നു മണി പുറത്തായതാണ് ഇതിൽ ശ്രദ്ധേയം. ടി20 സ്പെഷ്യലിസ്റ്റായി പരിഗണിക്കപ്പെടുന്ന സജന സജീവനെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. പരുക്കേറ്റ് പുറത്തായ ലെഗ് സ്പിന്നർ ആശ ശോഭനയുടെ കാര്യത്തിൽ വ്യക്തതയുമില്ല.
ഇവരെ കൂടാതെ, വനിതാ ഐപിഎല്ലിൽ ഗംഭീര പ്രകടനം പുറത്തെടുത്ത വെടിക്കെട്ട് ഓപ്പണർ ഷഫാലി വർമ ഇപ്പോഴും ദേശീയ ഏകദിന ടീമിന്‍റെ പദ്ധതികളിൽ ഉൾപ്പെടുന്നില്ല എന്നതും കൗതുകകരമാണ്. അയർലൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ പ്രതീക റാവൽ മാത്രമാണ് സ്മൃതി മന്ഥനയ്ക്കൊപ്പം സ്പെഷ്യലിസ്റ്റ് ഓപ്പണറായി ടീമിലുള്ളത്. ബാക്കപ്പ് ഓപ്പണറും ബാക്കപ്പ് വിക്കറ്റ് കീപ്പറും യസ്തിക ഭാട്ടിയയാണ്. പവർ ഹിറ്റർ റിച്ച ഘോഷ് ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പർ.
പരുക്കേറ്റ പേസ് ബൗളർമാർ രേണുക സിങ് ഠാക്കൂർ, ടിറ്റാസ് സാധു, പൂജ വസ്ത്രകാർ എന്നിവരുടെ അഭാവത്തിൽ പുതുമുഖം കാശ്വി ഗൗതമിന് ടീമിൽ ഇടം കിട്ടി. ലെഫ്റ്റ് ആം സ്പിന്നർമാരായ ശ്രീ ചരണി, ശുചി ഉപാധ്യായ എന്നിവരാണ് ടീമിലെ മറ്റു പുതുമുഖങ്ങൾ. പേസ് ബൗളിങ് ഓൾറൗണ്ടർമാരായ അരുന്ധതി റെഡ്ഡിയും അമൻജ്യോത് കൗറും ടീമിലുണ്ട്.
അയർലൻഡ് പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട ഹർമൻപ്രീത് കൗർ ഈ പരമ്പരയിൽ ക്യാപ്റ്റനായി തിരിച്ചെത്തുന്നു. സ്മൃതി വൈസ് ക്യാപ്റ്റനായി തുടരും.
ഏപ്രിൽ 27ന് ശ്രീലങ്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കയാണ് ടൂർണമെന്‍റിലെ മൂന്നാമത്തെ ടീം. മൂന്നു ടീമുകളും രണ്ടുവട്ടം പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്നവർ മേയ് 11നു ഫൈനലിൽ നേർക്കുനേർ.
ടീം ഇങ്ങനെ:
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജമീമ റോഡ്രിഗ്സ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജ്യോത് കൗർ, കാശ്വി ഗൗതം, സ്നേഹ് റാണ, അരുന്ധതി റെഡ്ഡി, തേജാൽ ഹസാബ്നിസ്, ശ്രീ ചരണി, ശുചി ഉപാധ്യായ.