ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരേ ബാറ്റ് ചെയ്യുന്ന ഇന്ത്യ അണ്ടർ-19 ഓപ്പണർ വൈഭവ് സൂര്യവംശി.

 
Sports

''അവൻ സച്ചിൻ-കോലി ലെവൽ, അല്ലെങ്കിൽ അതുക്കും മേലേ''

ഇംഗ്ലണ്ടിലെ അസാമാന്യ പ്രകടനത്തോടെ ‌ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് വിദേശത്തും ആരാധകർ പെരുകുന്നു

ന്യൂഡൽഹി: പതിനാലാം വയസിൽ ഇന്ത്യയിൽ മാത്രമല്ല ഇംഗ്ലണ്ടിലും ആവേശം വിതറുകയാണ് വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യൻ അണ്ടർ-19 ടീമിന്‍റെ ഓപ്പണറായി ഈ പതിനാലുകാരൻ കാഴ്ചവയ്ക്കുന്നത് അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ. കമന്‍റേറ്റർമാരും മുൻ താരങ്ങളുമെല്ലാം അവനു മേൽ നിർലോപം പ്രശംസകൾ ചൊരിയുകയും ചെയ്യുന്നു.

വൈഭവ് ഇന്ത്യൻ സീനിയർ ടീമിനു വേണ്ടി കളിക്കുമെന്ന് മുൻ ദേശീയ പരിശീലകൻ രവി ശാസ്ത്രി ഉറപ്പിച്ചു പറയുന്നു. മുൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കും ഇതിനോട് യോജിക്കുകയാണ്.

വൈഭവ് ഇപ്പോൾത്തന്നെ പരസ്യവിപണിയുടെ പ്രിയ താരമായിക്കഴിഞ്ഞെന്ന് അവന്‍റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ ക്രിക്കറ്റ് ഡയറക്റ്റർ കുമാർ സംഗക്കാര.

ഗുജറാത്ത് ടൈറ്റൻസിനെതിരേ വൈഭവ് 35 പന്തിൽ നേടിയ ഐപിഎൽ സെഞ്ചുറിക്ക് എതിർ ടീമിൽനിന്നു സാക്ഷ്യം വഹിച്ച ജോസ് ബട്‌ലർ പറയുന്നത്, അവന്‍റെ ബാറ്റ് സ്വിങ് യുവരാജ് സിങ്ങിന്‍റെയും ബ്രയൻ ലാറയുടേതും പോലെയാണെന്ന്.

ഇന്ത്യ അണ്ടർ-19 ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരേ യൂത്ത് ഏകദിന പരമ്പര 3-1നു ജയിച്ചപ്പോൾ വൈഭവിന്‍റെ പ്രകടനം നിർണായകമായിരുന്നു. 174 എന്ന അപാരമായ സ്ട്രൈക്ക് റേറ്റിൽ 355 റൺസാണ് പരമ്പരയിൽ വൈഭവ് നേടിയത്. 27 സിക്സറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇരു ടീമുകളും തമ്മിലുള്ള ആദ്യ യൂത്ത് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ വൈഭവ് അർധ സെഞ്ചുറിയും നേടി.

വൈഭവ് ഇറങ്ങുന്ന മത്സരങ്ങൾ കാണാൻ ഇംഗ്ലണ്ടിലെ ഗ്രൗണ്ടുകളിൽ കാണികൾ തടിച്ചുകൂടുന്നുണ്ടെന്ന് ഇസിബിയുടെ ക്രിക്കറ്റ് അനലിസ്റ്റും സ്റ്റാറ്റിസ്റ്റീഷ്യനുമായ ഡാനിയൽ പീകോക്ക്. 31 പന്തിൽ 86 റൺസടിച്ച മത്സരത്തിൽ കാണികൾ എഴുന്നേറ്റു നിന്നാണ് കൈയടിച്ചതെന്നും അദ്ദേഹം പറയുന്നു.

ഇംഗ്ലണ്ട് അണ്ടർ-19 ടീമിനെതിരേ 52 പന്തിൽ സെഞ്ചുറി നേടിയ വൈഭവ് സൂര്യവംശിയുടെ പ്രകടനം.

യൂത്ത് ഏകദിന പരമ്പരയിൽ ഇന്ത്യ അണ്ടർ-19 ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്സ് താരവുമായ ആയുഷ് മാത്രെ നിരാശപ്പെടുത്തിയെങ്കിലും, ആദ്യ യൂത്ത് ടെസ്റ്റിൽ സെഞ്ചുറിയുമായി ഫോമിൽ തിരിച്ചെത്തി.

മുൻ താരങ്ങളായ മൈക്കൽ വോഗൻ, ആൻഡ്രൂ ഫ്ളിന്‍റോഫ് എന്നിവരുടെ മക്കളായ ആർച്ചി വോഗനും റോക്കി ഫ്ളിന്‍റോഫും ഉൾപ്പെടുന്നതാണ് ഇംഗ്ലണ്ട് ടീം. തോമസ് റൂ, ഹംസ ഷെയ്ക്ക് എന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർമാരും ടീമിൽ ഉൾപ്പെടുന്നു.

എന്നാൽ, ഇംഗ്ലണ്ടിൽ ഇപ്പോൾ ഇവരെക്കാളെല്ലാം കൂടുതൽ ആരാധകരുള്ളത് വൈഭവ് സൂര്യവംശിക്കാണെന്ന് പീകോക്കിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നു. സച്ചിൻ ടെൻഡുൽക്കറുമായും വിരാട് കോലിയുമായുമൊക്കെ വൈഭവിനെ താരതമ്യം ചെയ്യുന്നതിനെയും അദ്ദേഹം സാധൂകരിക്കുന്നു. അവർക്കൊപ്പമോ, ഒരുപക്ഷേ ഭാവിയിൽ അവർക്കും മുകളിലോ വളരാനുള്ള പ്രതിഭ വൈഭവിനുണ്ടെന്നാണ് പീകോക്കിന്‍റെ വിലയിരുത്തൽ.

വിദ‍്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷണത്തിന് പ്രത‍്യേക സംഘം

20 ലക്ഷം ഫോളോവേഴ്സുമായി കേരള പൊലീസ് എഫ്ബി പേജ്

മിഥുൻ സർക്കാർ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ

നിമിഷപ്രിയയെ രക്ഷിക്കാൻ എല്ലാ പിന്തുണയും നൽകും: കേന്ദ്രം

നിപ: മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം