നെയ്മർ ജൂനിയർ
File photo
സാവോപോളോ: പരുക്കിന്‍റെ പേരിൽ സാന്‍റോസിനായി കളിക്കാതിരിക്കുമ്പോഴും കാർണിവൽ പരേഡിൽ പങ്കെടുത്ത ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് വിമർശനം. സാവോപോളോ സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ ഞായറാഴ്ച കൊറിന്ത്യൻസിനെതിരായ മത്സരത്തിൽ നിന്നാണ് നെയ്മർ വിട്ടുനിന്നത്. കളിയിൽ സാന്‍റോസ് 2-1ന് പരാജയപ്പെട്ടിരുന്നു. തനിക്ക് ചെറിയ പരുക്കുണ്ടെന്നാണ് തിങ്കളാഴ്ച നെയ്മർ വിശദീകരിച്ചത്.
എന്നാൽ, മത്സരത്തിന് തൊട്ടു മുൻപത്തെ ദിവസങ്ങളിലൊന്നിൽ നെയ്മർ റിയോ ഡി ജനീറോയിലെ കാർണിവൽ പരേഡിൽ പങ്കെടുത്തിരുന്നു. സാവോപോളോ സ്റ്റേറ്റ് ചാംപ്യൻഷിപ്പിൽ 2ന് നടന്ന മറ്റൊരു മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഇടതു തുടയിലെ പരുക്കിന്‍റെ പേരിൽ നെയ്മറെ പിൻവലിച്ചിരുന്നു. അതിനു മണിക്കൂറുകൾക്കുശേഷമാണ് താരം കാർണിവലിൽ പങ്കെടുത്തത്.
അതേസമയം, ഞായറാഴ്ചത്തെ സെമി ഫൈനലിന് മുൻപ് നെയ്മർക്ക് ഏതെങ്കിലും തരത്തിലെ പരുക്കുണ്ടായിരുന്നോയെന്ന് സാന്‍റോസ് മാനെജ്മെന്‍റ് വ്യക്തമാക്കിയിട്ടില്ല. കാൽമുട്ടിന് പരുക്കേറ്റ നെയ്മർ ഒരു വർഷത്തോളം കളത്തിനു പുറത്തായിരുന്നു.
2023ൽ സൗദി ക്ലബ്ബ് അൽ ഹിലാലിൽ ചേർന്ന നെയ്മർക്ക് പരുക്കുമൂലം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാകുകയുണ്ടായി. ഹിലാലിനായി വെറും മൂന്നു കളികളിൽ മാത്രം കളത്തിലിറങ്ങിയ നെയ്മർ ജനുവരിയിലാണ് തന്‍റെ ബാല്യകാല ക്ലബ്ബായ സാന്‍റോസിലേക്ക് തിരിച്ചെത്തിയത്.