ശ്രീലങ്ക എ ബാറ്റർ സദീര സമരവിക്രമ.

 
Sports

സൂപ്പർ ഓവറിനു ശേഷം കൈയാങ്കളി; സൂര്യവംശിക്ക് വിലക്ക് വന്നേക്കും

ശ്രീലങ്ക എ ടീമിനോട് ഇന്ത്യ എ സൂപ്പർ ഓവറിൽ തോറ്റ ശേഷം ഇരു ടീമിലെയും കളിക്കാർ തമ്മിൽ സംഘർഷം. അരണ്ട വെളിച്ചത്തിൽ മത്സരം തുടർന്നതാണ് പ്രശ്നത്തിനു കാരണമായത്. വൈഭവ് എതിരാളിയെ പിടിച്ചുതള്ളി.

VK SANJU

ധാംബുള്ള: ഇന്ത്യ എ ടീമിനു വേണ്ടി തുടരെ മൂന്നാം മത്സരത്തിലും കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് നിരാശ. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ മറ്റൊരു കൗമാര താരം, ശ്രീലങ്കയുടെ പത്തൊമ്പതുകാരൻ സ്ലിങ്ങർ കുഗാതാസ് മാതുലൻ തന്‍റെ ടീമിന് ജയം നേടിക്കൊടുത്തു. എന്നാൽ, മത്സര ശേഷം ഇരു ടീമിലെയും കളിക്കാർ സംഘർഷമുണ്ടായത് ആശങ്കയുളവാക്കി.

നേരത്തെ, ടോസ് നേടിയ ശ്രീലങ്ക എ ക്യാപ്റ്റൻ സഹൻ അരാച്ചിഗെ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. 14 പന്തിൽ 22 റൺസെടുത്ത വൈഭവ് പുറത്തായതിനു പിന്നാലെ ചീട്ടുകൊട്ടാരം പോലെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നു. പക്ഷേ, വാലറ്റത്തിന്‍റെ മിടുക്ക് ടീമിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടാവുകയായിരുന്നു ഇന്ത്യ എ. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക എ ടീമിന് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് തന്നെയാണ് നേടാനായത്.

വൈഭവിനു പിന്നാലെ സഹ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിനെയും (11) പുറത്താക്കാൻ സാധിച്ചതോടെയാണ് ശ്രീലങ്കൻ ബൗളർമാർ ഇന്ത്യക്ക് മികച്ച തുടക്കം നിഷേധിച്ചു. കൂറ്റനടികൾക്ക് ശേഷിയുള്ള പ്രിയാംശ് ആര്യയെ പ്ലെയിങ് ഇലവനിൽനിന്നു പുറത്താക്കിയതു കാരണം ഋതുരാജ് ഗെയ്ക്ക്‌വാദും (42 പന്തിൽ 37) തിലക് വർമയും (32 പന്തിൽ 23) ചേർന്നുള്ള പ്രതിരോധക്കൂട്ടായ്മയായിരുന്നു പിന്നീട്.

ഇരുവരുടെയും പ്രതിരോധം പൊളിഞ്ഞതോടെ വീണ്ടും ബാറ്റിങ് തകർച്ച. സെലക്റ്റർമാർക്കു പ്രിയപ്പെട്ട ആയുഷ് ബദോനി (35 പന്തിൽ 15), പ്രിയാംശ് ആര്യക്കു പകരം ടീമിലെത്തിയ നിഷാന്ത് സിന്ധു (12 പന്തിൽ 6), ആഭ്യന്തര ക്രിക്കറ്റിലെ സ്റ്റാർ ഓൾറൗണ്ടർ അനുകുൽ റോയ് (27 പന്തിൽ 8) എന്നിവർ 'ടെസ്റ്റ്' കളിച്ചു നോക്കിയിട്ടും നിന്നുപിഴയ്ക്കാനായില്ല.

അനുകുൽ പുറത്താകുമ്പോൾ 32.1 ഓവറിൽ ഏഴ് വിക്കറ്റിന് 143 എന്ന നിലയിൽ പതറുകയായിരുന്നു ഇന്ത്യൻ യുവനിര. എന്നാൽ, അവിടെ ഒരുമിച്ച സൂര്യാംശ് ഷെഡ്ഗെയും വിപ്രജ് നിഗമും ചേർന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 103 റൺസാണ് ചേർത്തത്.

49 പന്തിൽ ആറ് ബൗണ്ടറി സഹിതം 51 റൺസെടുത്ത വിപ്രജ് 48-ാം ഓവറിലെ ആദ്യ പന്തിൽ റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. ഇതിനിടെ അമ്പയറുടെ നിർദേശം ലംഘിച്ച് നിഗം പിച്ചിന് നടുവിലൂടെ രണ്ട് വട്ടം ഓടിയത് വിനയായി. ഈയിനത്തിൽ അഞ്ച് റൺസ് വീതം ആകെ പത്ത് റൺസ് ശ്രീ ലങ്കയ്ക്ക് ഫ്രീയായി കിട്ടി. നിഗമിനു പിന്നാലെ അർഷദ് ഖാൻ (2 പന്തിൽ 2) വീണു. 66 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 72 റൺസെടുത്ത് ടിപ്പിക്കൽ ഒഡിഐ ഇന്നിങ്സ് കളിച്ച പേസ് ബൗളിങ് ഓൾറൗണ്ടർ സൂര്യാംശ് ഷെഡ്ഗെ അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. ഇതോടെ ഇന്ത്യൻ ഇന്നിങ്സിനു തിരശീലയും വീണു.

ലങ്കയുടെ മറുപടി

മറുപടി ബാറ്റിങ്ങിൽ നിരോഷൻ ഡിക്ക്‌വെല്ലയും (33 പന്തിൽ 37) അവിഷ്ക ഫെർണാണ്ടോയും (14 പന്തിൽ 22) ചേർന്ന് അഞ്ചോവറിൽ 56 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, നിഷാന്ത് സിന്ധുവിന്‍റെ പന്തിൽ ഫെർണാണ്ടോ ക്ലീൻ ബൗൾഡ് ആയതോടെ ലങ്കയ്ക്കും ബാറ്റിങ് തകർച്ച.

പക്ഷേ, നാലാം നമ്പറിൽ കളിച്ച സദീര സമരവിക്രമ ഉറച്ചു നിന്നത് അവരെ മത്സരത്തിൽ നിലനിർത്തി. വാലറ്റത്ത് വനുജ സഹൻ (25), വിജയകാന്ത് വിയസ്കാന്ത് (18), ചമിക ഗുണശേഖര (18) എന്നിവർ ചെറുത്തുനിന്നതോടെ ലങ്ക അനായാസ ജയം നേടുമെന്ന പ്രതീതി.

എന്നാൽ, അവസാന ഓവറിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ അഞ്ച് റൺസ് മാത്രം വേണ്ടപ്പോൾ അർഷദ് ഖാൻ പന്തെടുത്തു. 93 റൺസെടുത്ത സമരവിക്രമയെ അർഷദ് ബൗൾഡാക്കിയതിനു പിന്നാലെ ഗുണശേഖര റണ്ണൗട്ടുമായതോടെ ഈ ഓവറിൽ നാല് റൺസേ പിറന്നുള്ളൂ.

റെഗുലർ സമയത്തും സൂപ്പർ ഓവറിലും മികവ് പുലർത്താൻ വൈഭവ് സൂര്യവംശിക്കു സാധിച്ചില്ല.

ത്രില്ലില്ലാതെ സൂപ്പർ ഓവർ

വെളിച്ചം മങ്ങിയതിനാൽ നീണ്ട ആശ‍യക്കുഴപ്പത്തിനു ശേഷം പത്ത് മിനിറ്റ് വൈകിയാണ് അംപയർമാർ സൂപ്പർ ഓവർ നടത്താൻ തീരുമാനിച്ചത്. ഈ സമയം വെളിച്ചം വീണ്ടും കുറഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്കു വേണ്ടി അരാച്ചിഗെയും ഫെർണാണ്ടോയും ചേർന്ന് അർഷദ് ഖാന്‍റെ തന്നെ ഓവറിൽ 16 റൺസെടുത്തു.

ഇന്ത്യക്കു വേണ്ടി വൈഭവ് സൂര്യവംശിയും സൂര്യാംശ് ഷെഡ്ഗെയും ഓപ്പൺ ചെയ്യാനിറങ്ങിയെങ്കിലും ഷെഡ്ഗെയാണ് സ്ട്രൈക്ക് എടുത്തത്. ആദ്യ മൂന്ന് പന്തിൽ 3 റൺസ് മാത്രം പിറന്ന ശേഷമാണ് വൈഭവിന് സ്ട്രൈക്ക് കിട്ടുന്നത്. അടുത്ത മൂന്ന് പന്തിൽ വൈഭവിന് നേടാനായത് ഒരു ഫോർ ഉൾപ്പെടെ ആറ് റൺസ് മാത്രം. യോർക്കറുകളിൽ ശ്രദ്ധിച്ച മാതുലന്‍റെ മാരക ബൗളിങ്ങിൽ ഇന്ത്യ എ ടീം ആകെ നേടിയത് ഒമ്പത് റൺസ്.

വൈഭവിന്‍റെ രോഷം

മത്സരശേഷം ഇരു ടീമിലെയും കളിക്കാർ തമ്മിൽ ഉന്തും തള്ളും വരെയെത്തിയ സംഘർഷവുമുണ്ടായി. വൈഭവ് എതിർ ടീമിലെ വിഷേൻ ഹലംഗബഗെയെ പിടിച്ചുതള്ളുന്നതും ടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഡിക്ക്‌വെല്ല ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

പിന്നീട് കളിക്കാർ പരസ്പരം കൈകൊടുത്താണ് പിരിഞ്ഞതെങ്കിലും ഇരുപക്ഷത്തും അതൃപ്തി പ്രകടമായിരുന്നു. സംഘർഷത്തിൽ ഉൾപ്പെട്ട കളിക്കാർക്ക് പിഴയോ വിലക്കോ അടക്കമുള്ള ശിക്ഷയ്ക്കും സാധ്യതയുണ്ട്.

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ

നവംബർ 30 വരെ നടപടി സ്വീകരിക്കരുത്; അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ പൊലീസിനോട് ഹൈക്കോടതി

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു

ഇന്ത്യയ്ക്ക് ഇന്ധനം ഉറപ്പുനൽകി റഷ്യ