കെസിഎല്‍ ആവേശത്തില്‍ തലസ്ഥാനം; ട്രോഫി ടൂറിന് ഉജ്ജ്വല സ്വീകരണം

 
Sports

കെസിഎല്‍ ആവേശത്തില്‍ തലസ്ഥാനം; ട്രോഫി ടൂറിന് ഉജ്ജ്വല സ്വീകരണം

ക്രിക്കറ്റിന്‍റെ ആരവമുയര്‍ത്തി ജില്ലയിലെത്തിയ പര്യടനത്തിന് കായിക പ്രേമികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വന്‍ വരവേല്‍പ്പാണ് നല്‍കിയത്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎല്‍) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്‍റെ ആരവമുയര്‍ത്തി ജില്ലയിലെത്തിയ പര്യടനത്തിന് കായിക പ്രേമികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. പ്രാദേശിക ടീമായ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ സാന്നിധ്യം പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ മിഴിവേകി.

ബുധനാഴ്ച രാവിലെ 9.30-ന് കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്റ്റർ അനുകുമാരി, തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ എന്നിവര്‍ ചേര്‍ന്ന് വാഹന പ്രചരണ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കണ്ണൂരില്‍ നിന്ന് പ്രയാണം ആരംഭിച്ച ട്രോഫി ടൂര്‍ തലസ്ഥാനത്തെത്തിയപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയായിരുന്നു നഗരവാസികള്‍.

ഉദ്ഘാടനത്തിന് ശേഷം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെത്തിയ പ്രചരണ സംഘത്തിന് അധ്യാപകരും വിദ്യാര്‍ഥികളും ഊഷ്മളമായ സ്വീകരണമൊരുക്കി. അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ടീം ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ്, വൈസ് ക്യാപ്റ്റന്‍ ഗോവിന്ദ് ദേവ് പൈ എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ സാന്നിധ്യം വിദ്യാര്‍ഥികളില്‍ ആവേശം നിറച്ചു. താരങ്ങളെ നേരില്‍ കണ്ടതും ട്രോഫിക്കൊപ്പം ചിത്രങ്ങളെടുത്തതും അവര്‍ക്ക് പുതിയ അനുഭവമായി. തുടര്‍ന്ന് സെന്‍റ് സേവ്യേഴ്‌സ് കോളേജ് തുമ്പ, ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ആദ്യ ദിനത്തിലെ പരിപാടികള്‍ ലുലു മാളില്‍ സമാപിച്ചു.

വരും ദിവസങ്ങളില്‍ മാര്‍ ഇവാനിയോസ് കോളേജ്, ശംഖുമുഖം, കോവളം, നിംസ് മെഡിക്കല്‍ കോളേജ്, മാനവീയം വീഥി, മാള്‍ ഓഫ് ട്രാവന്‍കൂര്‍, കനകക്കുന്ന് മൈതാനം ഉള്‍പ്പെടെ നഗരത്തിലെ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് പര്യടനം എത്തും. ശനിയാഴ്ച നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങോടെയാകും പര്യടനത്തിന് സമാപനമാകുക. ചടങ്ങില്‍ കേരള ക്രിക്കറ്റ് ലീഗ് ഡയറക്റ്റർ രാജേഷ് തമ്പി, തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെ.കെ. രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ, ട്രിവാന്‍ഡ്രം റോയല്‍സ് പ്രതിനിധി മനോജ് മത്തായി, ഡോ.മൈഥിലി തുടങ്ങിയവര്‍ പങ്കെടുത്തു.

ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണുണ്ടായ അപകടം; 5 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

സർക്കാർ-ഗവർണർ പോര് തുടരുന്നു; രാജ്ഭവനിലെ അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു

മലപ്പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വച്ചതായി പരാതി

പാക്കിസ്ഥാനിൽ കനത്ത മഴ, മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മരണം

സംസ്ഥാനത്ത് അതിശക്ത മഴ; തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി