വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി
പുതുചച്ചേരി: 19 വയസിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി. മധ്യപ്രദേശ് 74 റൺസിനാണ് കേരളത്തെ തോൽപ്പിച്ചത്. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 70 റൺസിന് ഓൾ ഔട്ടായി. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 42.1 ഓവറിൽ 144 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശിന് ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാന്‍റെ ഇന്നിങ്സാണ് തുണയായെത്തിയത്. മറ്റ് ബാറ്റർമാരെല്ലാം നിറം മങ്ങിയപ്പോൾ യഷ് വർധന്‍റെ ഒറ്റയാൾ പോരാട്ടമാണ് മധ്യപ്രദേശിന്‍റെ സ്കോർ 144ൽ എത്തിച്ചത്.94 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 74 റൺസാണ് ചൌഹാൻ നേടിയത്.
വളരെ ചെറുപ്രായത്തിൽ തന്നെ കൂറ്റൻ ഇന്നിങ്സുകളിലൂടെ മധ്യപ്രദേശിന്‍റെ ജൂനിയർ തലങ്ങളിൽ ശ്രദ്ധേയനായ യഷ് വർധൻ, ഭാവിയുടെ താരമായാണ് വിലയിരുത്തപ്പെടുന്നത്. ആഷ്ലിന്‍റെ പന്തിൽ സംഗീത് സാഗർ പിടിച്ചാണ് യഷ് വർധൻ പുറത്തായത്. യഷ് വർധന് പുറമെ മൂന്ന് ബാറ്റർമാർ മാത്രമാണ് മധ്യപ്രദേശ് നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി ആഷ്ലിനും മിഥുനും മൂന്ന് വിക്കറ്റ് വീതവും അമയ് മനോജ് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ ഏഴ് വിക്കറ്റ് വീഴ്ത്തിയ ആയുഷ് ശുക്ലയുടെ ബൌളിങ്ങാണ് തകർത്തത്. ആദ്യ നാല് വിക്കറ്റുകളും വീഴ്ത്തി തുടക്കത്തിൽ തന്നെ ആയുഷ് കേരളത്തിന് കനത്ത പ്രഹരമേൽപ്പിച്ചു.
19 റൺസെടുത്ത സംഗീത് സാഗറാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. രോഹിത് കെ ആർ 13ഉം മാധവ് കൃഷ്ണ പുറത്താകാതെ 12 റൺസും നേടി. 22.5 ഓവറിൽ 70 റൺസിന് കേരളത്തിന്‍റെ ഇന്നിങ്സിന് അവസാനമായി. മധ്യപ്രദേശിന് വേണ്ടി ആയുഷ് ശുക്ല ഏഴ് വിക്കറ്റും ഗിർരാജ് ശർമ്മ മൂന്ന് വിക്കറ്റും വീഴ്ത്തി.