ഖാലിദ് ജമീൽ, ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച്.

 
Sports

''നെഗറ്റീവ് അടി നിർത്തണം'', ബ്രസീലുമായി കളിക്കുന്നത് ഇന്ത്യൻ ഫുട്ബോളിന്‍റെ വഴിത്തിരിവാകുമെന്ന് കോച്ച്

ബ്രസീൽ, ഉറുഗ്വെ, പനാമ ടീമുകൾക്കെതിരേ കളിക്കുന്നത് ഇന്ത്യൻ ഫുട്ബോളിനു ഗുണം ചെയ്യുമെന്ന് കോച്ച് ഖാലിദ് ജമീൽ. ഏഷ്യ കപ്പ് യോഗ്യതയാണ് ലക്ഷ്യമെന്നും അതിനുള്ള തയാറെടുപ്പിന് ഇതു സഹായിക്കുമെന്നും കോച്ച്

Sports Desk

ന്യൂഡൽഹി: അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീലിനെയും രണ്ട് തവണ വിജയികളായ ഉറുഗ്വെയെയും ഇന്ത്യയിൽ നേരിടുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ. ഇത് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ വഴിത്തിരിവായി മാറുമെന്നും ജമീൽ പറയുന്നു.

അടുത്ത വർഷത്തെ നിർണായകമായ ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തയാറെടുക്കാൻ ഈ മത്സരങ്ങൾ ഇന്ത്യയെ സഹായിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

''ചരിത്രത്തിൽ ആദ്യമായാണ് നമ്മൾ ബ്രസീലിനെതിരേ കളിക്കുന്നത്. പോസിറ്റീവായി ചിന്തിക്കണം. നമ്മൾ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ത്യ മുന്നോട്ട് പോകണം. നമ്മുടെ പ്രധാന ലക്ഷ്യം അടുത്ത വർഷത്തെ ഏഷ്യ കപ്പ് യോഗ്യതയാണ്. അതിനു മുൻപ് ശക്തരായ ടീമുകൾക്കെതിരേ കളിക്കുന്നു. ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഇത് വളരെ നല്ല കാര്യമാണ്'', ജമീൽ പറഞ്ഞു.

''മറ്റെന്തിനെക്കാളും ഉപരിയായി, ഇത് ഇന്ത്യയെ സംബന്ധിച്ച് ചരിത്രമാണ്. ആരെങ്കിലും നെഗറ്റീവായി സംസാരിക്കുന്നുണ്ടെങ്കിൽ അവർ അത് നിർത്തണം. നമുക്ക് ആരാധകരുടെ പിന്തുണ ആവശ്യമാണ്. കാണികൾ 100 ശതമാനം ഇന്ത്യയെ പിന്തുണച്ചാൽ കളിക്കാർക്ക് പ്രചോദനം ലഭിക്കുകയും അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു,'' അദ്ദേഹം നിരീക്ഷിച്ചു.

ബ്രസീൽ, ഉറുഗ്വെ തുടങ്ങിയ മുൻനിര ടീമുകൾക്കെതിരെ കളിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രാധാന്യവും ജമീൽ ഊന്നിപ്പറഞ്ഞു.

''കളിക്കാർ കളിക്കാൻ വളരെ ആവേശത്തിലാണ്. അവർ നമ്മളെക്കാൾ മികച്ച ടീമാണെന്ന് നമുക്കറിയാം. അതിനാൽ നമ്മൾ ശ്രദ്ധയോടെയിരിക്കണം. എന്നെ സംബന്ധിച്ച് ഫിറ്റ്‌നസ് വളരെ പ്രധാനമാണ്. നമ്മൾ എടുക്കുന്ന കളിക്കാർ ഫിറ്റായിരിക്കണം. രണ്ടാമത്തെ കാര്യം നമ്മൾ സ്വന്തം നാട്ടിലാണ് കളിക്കുന്നത് എന്നതാണ്. അതിനാൽ ആത്മവിശ്വാസം ഉണ്ടായിരിക്കണം. കൊൽക്കത്തയിലെ മികച്ച കാണികൾക്ക് മുന്നിലാണ് നമ്മൾ കളിക്കുന്നത്. നമുക്ക് പിന്തുണ ലഭിക്കണം,'' അദ്ദേഹം പറഞ്ഞു.

കളിക്കാൻ പോകുന്ന എല്ലാവർക്കും ഇതൊരു അംഗീകാരമാണ്. കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും ബ്രസീലിനെതിരേ കളിക്കാൻ കഴിയുന്നത് സന്തോഷമാണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ ഏറ്റവും നല്ല തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

റാങ്കിങ്ങിൽ താഴെയുള്ള ടീമുകൾക്കെതിരേ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഉയർന്ന റാങ്കുള്ള ടീമിനൊപ്പം കളിക്കുന്നതാണ് നല്ലത്. തീർച്ചയായും പുരോഗതിയുണ്ടാകും. കളിക്കാർ അതിൽ നിന്ന് പഠിക്കുമെന്നും ജമീൽ.

പ്രതിരോധാത്മകമായി കളിക്കാനല്ല ഇന്ത്യ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സാഹചര്യത്തിനനുസരിച്ചായിരിക്കും കളിക്കുക. പ്രതിരോധം മാത്രമല്ല, ആക്രമണവും ഉണ്ടാകും. ഫുട്ബോളിന് എന്താണോ ആവശ്യം, അതൊക്കെ നമ്മൾ ചെയ്യുമെന്നും കോച്ച്.

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; പുതിയ പേര് പ്രഖ്യാപിച്ച് സർക്കാർ

ജയ്പൂരിൽ സിജെപി പ്രവർത്തകർക്കെതിരേ ആക്രമണം നടന്ന സർക്കാർ സ്കൂൾ പൊളിച്ചുനീക്കി; 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം

ദുലീപ് ട്രോഫി: മലയാളിക്കരുത്തിൽ ദക്ഷിണ മേഖല ഫൈനലിൽ