ലയണൽ മെസി പിതാവ് ഹോർഹെ മെസിക്കൊപ്പം
ബ്യൂണസ് ഐറിസ്: അർജന്‍റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ പിതാവ് ഹോർഹെ മെസി (68) അന്തരിച്ചു. അർജന്‍റീനയിലെ റെസാരിയോയിലെ ആശുപത്രിയിൽ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി പത്തിനായിരുന്നു അന്ത്യം.
ഏറെക്കാലമായി ചികിത്സയിലായിരുന്നു മെസിയുടെ പിതാവെന്നാണ് വിവരം. എന്നാൽ മരണത്തിന് കാരണമായ കൃത്യമായ രോഗമോ ആരോഗ്യപ്രശ്നമോ കുടുംബം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2026ലെ ലോകകപ്പിനിടെ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അന്ന് മെസിയുടെ കുടുംബം അദ്ദേഹത്തിന് ആരോഗ്യപ്രശ്നമുണ്ടെന്നും ചികിത്സയിലാണെന്നും വ്യക്തമാക്കിയിരുന്നു. ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും പെരുമാറണമെന്നും കുടുംബം മാധ്യമങ്ങളോട് അഭ്യർഥിച്ചിരുന്നു.
ലോകകപ്പിനിടെ അൾജീരിയക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതിന് പിന്നാലെ മെസി വികാരാധീനനായതും ഏറെ ശ്രദ്ധ നേടിയിരുന്നു. തന്‍റെ കണ്ണീരിന് പിന്നിൽ ഫുട്ബോളുമായി ബന്ധമില്ലാത്ത വ്യക്തിപരമായ ചില പ്രയാസങ്ങളാണെന്ന് മെസി അന്ന് പറഞ്ഞിരുന്നു. പിതാവിന്‍റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ടതായിരുന്നു ഇതെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മെസിയുടെ ഫുട്ബോൾ കരിയറിൽ ജോർജെ മെസിക്ക് നിർണായക പങ്കുണ്ടായിരുന്നു. മകന്‍റെ ഏജന്‍റായും ബിസിനസ് കാര്യങ്ങളുടെ മാനേജറായും അദ്ദേഹം പ്രവർത്തിച്ചു. ചെറുപ്പത്തിൽ മെസിയെ സ്പെയിനിലെ ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിലെത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് ബാഴ്സലോണയുമായുള്ള കരാറുകളും പാരിസ് സെന്‍റ് ജെർമെയ്‌നിലേക്കും ഇന്‍റർ മയാമിയിലേക്കുമുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. മകന്‍റെ ഇമേജ് റൈറ്റ്സും റിയൽ എസ്റ്റേറ്റ്, ഹോട്ടൽ, റസ്റ്റോറന്‍റ് തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
സീലിയ കുച്ചിറ്റിനിയാണ് ഭാര്യ. റോഡ്രിഗോ, മത്തിയാസ്, മരിയ സോള്‍ എന്നിവരാണ് മറ്റു മക്കള്‍.