ബ്യൂണസ് അയേഴ്സ്: പിറന്നാള്‍ ദിനത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഹാട്രിക്ക് മധുരം. മുന്‍ അര്‍ജന്റീനിയന്‍ താരം മാക്സി റോഡ്രിഗസിന്റെ വിടവാങ്ങല്‍ മത്സരത്തില്‍ തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിനെതിരെ നടന്ന പ്രദര്‍ശന മത്സരത്തിലാണ് മെസി അര്‍ജന്റീന കുപ്പായത്തില്‍ വീണ്ടുമിറങ്ങിയത്.
മെസിയുടെ ജന്മനാടായ റൊസാരിയോയിലെ മാഴ്സെലോ ബിയെല്‍സ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ 42000 കാണികള്‍ മെസിക്ക് ഹാപ്പി ബര്‍ത്ത് ഡേ പാടിക്കൊണ്ടാണ് താരത്തെ വരവേറ്റത്. ആദ്യപകുതിയില്‍ത്തന്നെ മെസി ഹാട്രിക് സ്വന്തതമാക്കി.
അര്‍ജന്റീന ടീമില്‍ മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയ, മാര്ട്ടിന് ഡിമിഷെല്‍സ് അടുത്ത സുഹൃത്തും സഹതാരവുമായിരുന്ന സെര്‍ജിയോ അഗ്വെറോ എന്നിവരും പന്തു തട്ടി.കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ മെസി ഗോളടിച്ചു. ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഇടംകാല് കൊണ് പന്ത് മനോഹരമായി വലയിലെത്തിച്ചു. ആദ്യ പകുതി തീരുന്നതിന് മുമ്പ് രണ്ട് ഗോളുകള്‍ കൂടി നേടി മെസി ഹാട്രിക്ക് തികച്ചു.