ജസ്പ്രീത് ബുംറ
ലഖ്നൗ: സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സാധ‍്യതയുണ്ടെന്ന് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. എക്സ് പോസ്റ്റിലൂടെയായിരുന്നു കൈഫിന്‍റെ തുറന്നു പറച്ചിൽ. ശാരീരികക്ഷമത നിലനിർത്താൻ ബുംറ പാടുപ്പെടുന്നുവെന്നും അതിനാൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചേക്കാമെന്നും കൈഫ് പറഞ്ഞു.
അടുത്ത് വരാനിരിക്കുന്ന പരമ്പരയിലൊന്നും അദ്ദേഹത്തെ കാണാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും കൈഫ് കൂട്ടിച്ചേർത്തു.
''മാഞ്ചസ്റ്റർ ടെസ്റ്റിൽ ഒരു വിക്കറ്റ് മാത്രമാണ് ബുംറയ്ക്ക് വീഴ്ത്താനായത്. അദ്ദേഹത്തിന്‍റെ ബൗളിങ്ങിന്‍റെ വേഗതയും 125-130 കിലോമീറ്ററായി കുറഞ്ഞു. കളിയോടുള്ള അഭിനിവേശം അദ്ദേഹത്തിനുണ്ടെങ്കിലും ശാരീരികക്ഷമത നഷ്ടപ്പെട്ടു.
100 ശതമാനം രാജ‍്യത്തിനായും ടീമിനായും സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹത്തിന് ബോധ‍്യമായാൽ സ്വയം പിന്മാറാൻ സാധ‍്യതയുണ്ട്. ആദ‍്യം കോലിയും പിന്നാലെ രോഹിത്തും അശ്വിനും പോയി ബുംറയില്ലാത്ത ടെസ്റ്റ് മത്സരങ്ങൾ കാണാൻ ഇനി ആരാധകർ തയാറെടുക്കേണ്ടി വരും'' കൈഫ് പറഞ്ഞു.