ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിനിടെ.
File photo
വെസ്റ്റിൻഡീസിനെ നേരിടാനുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ. കരുൺ നായർ, അഭിമന്യു ഈശ്വരൻ പുറത്ത്. എൻ. ജഗദീശൻ, ദേവദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി അകത്ത്.
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ഇംഗ്ലണ്ട് പര്യടനത്തിൽ വൈസ് ക്യാപ്റ്റനായിരുന്ന ഋഷഭ് പന്ത് പരുക്ക് കാരണം ഈ പരമ്പരയിൽ കളിക്കാത്തതാണ് സീനിയർ താരമായ ജഡേജയുടെ സ്ഥാനലബ്ധിക്കു കാരണം. ഏകദിന ക്രിക്കറ്റിലും ടി20യിലും വൈസ് ക്യാപ്റ്റനായിട്ടുണ്ടെങ്കിലും ടെസ്റ്റ് ടീമിൽ അദ്ദേഹം ഈ സ്ഥാനത്തെത്തുന്നത് കരിയറിൽ ആദ്യം.
പന്തിന്‍റെ അഭാവിത്തിൽ ധ്രുവ് ജുറലിനെയാണ് വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പറുടെയും ഓപ്പണറുടെയും ബാക്കപ്പായി തമിഴ്നാട് താരം എൻ. ജഗദീശനും ടീമിലെത്തി. ഇതോടെ അഞ്ച് പരമ്പരകളിൽ ടീമിൽ ഉൾപ്പെട്ടിട്ടും അരങ്ങേറ്റത്തിന് അവസരം കിട്ടാത്ത സ്ഥിരം റിസർവ് ഓപ്പണർ അഭിമന്യു ഈശ്വരൻ പുറത്തായി. യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലുമാണ് ടീമിലെ സ്പെഷ്യലിസ്റ്റ് ഓപ്പണർമാർ.
എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇംഗ്ലണ്ട് പര്യടനത്തിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ മധ്യനിര ബാറ്റർ കരുൺ നായർക്കും ഇടം നഷ്ടപ്പെട്ടു. ഒരു അർധ സെഞ്ചുറി ഉൾപ്പെടെ 205 റൺസ് മാത്രമാണ് പരമ്പരയിൽ കരുണിനു നേടാനായത്. അദ്ദേഹത്തിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്ന് ചീഫ് സെലക്റ്റർ അജിത് അഗാർക്കർ ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കർണാടക ടീമിലെ അദ്ദേഹത്തിന്‍റെ സഹതാരവും മലയാളിയുമായ ദേവദത്ത് പടിക്കലിനെയാണ് പകരം ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ അദ്ദേഹം മികച്ച ഫോമിലാണെന്നും അഗാർക്കർ ചൂണ്ടിക്കാട്ടി. ഓപ്പണറായി കളിച്ചു പരിചയമുണ്ടെങ്കിലും മധ്യനിരയിലേക്കാണ് ദേവദത്തിനെ പരിഗണിക്കുക. മൂന്നാം നമ്പറിൽ ബി. സായ് സുദർശനും ഇടമുറപ്പിച്ചു. പരുക്കേറ്റ സർഫറാസ് ഖാൻ, റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള ആവശ്യപ്പെട്ട് ഇന്ത്യ എ ടീമിൽനിന്നു പിൻമാറിയ ശ്രേയസ് അയ്യർ എന്നിവരെ പരിഗണിച്ചില്ല.
ഏഷ്യ കപ്പ് ടീമിലുള്ള ജസ്പ്രീത് ബുംറയ്ക്ക് ഈ പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെടുമെന്നു പ്രതീക്ഷപ്പെട്ടെങ്കിലും അതുണ്ടായില്ല. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് വെസ്റ്റിൻഡീസിനെതിരേ ഇന്ത്യ കളിക്കുന്നത്. രണ്ടിലും ബുംറ ഉൾപ്പെടാനുള്ള സാധ്യതയാണ് അഗാർക്കർ മുന്നോട്ടുവച്ചിരിക്കുന്നത്.
ബുംറയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഉൾപ്പെടുന്ന പേസ് ബൗളിങ് നിരയിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുമുണ്ട്. മറ്റൊരു ബൗളിങ് ഓൾറൗണ്ടറായ ശാർദൂൽ ഠാക്കൂർ ടീമിനു പുറത്തായി. ആകാശ് ദീപ് ഇംഗ്ലണ്ട് പര്യടനത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും പരുക്കിന്‍റെ പിടിയിലാണിപ്പോൾ. അർഷ്ദീപ് സിങ്, അൻഷുൽ കാംഭോജ് എന്നിവരെ ഒഴിവാക്കുകയും ചെയ്തു.
ജഡേജയെ കൂടാതെ വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരാണ് ടീമിലെ സ്പിൻ ബൗളിങ് ഓൾറൗണ്ടർമാർ. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് മാത്രം.
ഒക്റ്റോബർ രണ്ടിന് അഹമ്മദാബാദിലാണ് ഇന്ത്യ - വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. രണ്ടാം മത്സരം ഒക്റ്റോബർ പത്തിന് ഡൽഹിയിലും ആരംഭിക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിൽ കളിക്കാനുള്ള ആറ് പരമ്പരകളിൽ ഇന്ത്യക്കിതു രണ്ടാമത്തേതാണ്.
ഇംഗ്ലണ്ടിലെ പരമ്പര 2-2 സമനിലയിലാണ് അവസാനിച്ചത്. ഇതിൽ നിന്ന് 46.67 പെർസന്‍റേജ് പോയിന്‍റാണ് ഇന്ത്യക്കു കിട്ടിയത്. ചാംപ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഓസ്ട്രേലിയക്കും (100 പോയിന്‍റ്) ശ്രീലങ്കയ്ക്കും (66.67 പോയിന്‍റ്) പിന്നിൽ മൂന്നാമതാണ് ഇന്ത്യ ഇപ്പോൾ. ഓസ്ട്രേലിയോട് മൂന്നു ടെസ്റ്റും തോറ്റ വെസ്റ്റിൻഡീസിനു പോയിന്‍റൊന്നുമില്ല.
ടീം ഇങ്ങനെ:
യശസ്വി ജയ്സ്വാൾ
കെ.എൽ. രാഹുൽ
ബി. സായ് സുദർശൻ
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ)
ദേവദത്ത് പടിക്കൽ
ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ)
എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ)
രവീന്ദ്ര ജഡേജ (വൈസ്-ക്യാപ്റ്റൻ)
വാഷിങ്ടൺ സുന്ദർ
അക്ഷർ പട്ടേൽ
നിതീഷ് കുമാർ റെഡ്ഡി
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്
പ്രസിദ്ധ് കൃഷ്ണ
കുൽദീപ് യാദവ്