ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കമ്മീഷണറായിരുന്ന ലളിത് മോദി തന്‍റെ കരിയര്‍ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍.
ഐപിഎല്ലിലെ ആദ്യ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലാണ് താന്‍ കളിക്കാന്‍ ആഗ്രഹിച്ചത്. എന്നാല്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനായാണ് ആദ്യ സീസണില്‍ ഇറങ്ങിയത്. ആര്‍സിബിക്കായി കളിച്ചത് മറ്റു വഴികള്‍ ഇല്ലാതായതോടെയാണെന്നും അദ്ദേഹം ഒരു ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തി.
''എന്‍റെ നാട്ടില്‍ നിന്നു വളരെ അകലെയാണ് ബാംഗ്ലൂര്‍. അതിനാല്‍ തന്നെ ആര്‍സിബിയില്‍ കളിക്കാന്‍ താത്പര്യമൊട്ടും ഉണ്ടായിരുന്നില്ല. നന്നായി ഇംഗ്ലീഷും എനിക്ക് വഴങ്ങിയിരുന്നില്ല. അവിടുത്തെ ഭക്ഷണവും ഇഷ്ടമായിരുന്നില്ല. എന്നെ സംബന്ധിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ചേരുന്നതായിരുന്നു എളുപ്പം. എന്‍റെ നാടായ മീററ്റിനു സമീപമാണ് ഡല്‍ഹി. വീട്ടില്‍ എത്താനും എനിക്ക് എളുപ്പമായിരുന്നു. ഇക്കാര്യം ഞാന്‍ അവരോടു പറഞ്ഞു. എന്നാല്‍ ലളിത് മോദി എന്നെ വിളിച്ച് കരിയര്‍ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി'', പ്രവീണ്‍ വ്യക്തമാക്കി.