സൂര്യകുമാർ യാദവ്

 
Sports

സഞ്ജുവും ഗില്ലും സെലക്ഷനിൽ തലവേദന നൽകുന്നവർ‌: സൂര്യകുമാർ യാദവ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു സൂര്യകുമാർ.

നീതു ചന്ദ്രൻ

കട്ടക്ക്: ഇന്ത്യൻ ട്വന്‍റി20 ക്രിക്കറ്റ് ടീമിൽ മലയാളി ബാറ്റർ സഞ്ജു സാംസണ് വേണ്ടത്ര അവസരം നൽകിയെന്നു ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു സൂര്യകുമാർ. ഓപ്പണർ എന്ന നിലയിൽ ഒരു വർഷം മൂന്നു ടി20 സെഞ്ചുറി കുറിച്ച സഞ്ജുവിനെ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിൽ മാറിമാറിപ്പരീക്ഷിക്കുന്നത് ക്രിക്കറ്റ് വിദഗ്ധരുടെയും ആരാധകരുടെയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ടി20 സർക്യൂട്ടിൽ സഞ്ജു ഓപ്പണറായാണ് ഇറങ്ങിയിരുന്നത്. ഓപ്പണർമാരല്ല ഇപ്പോഴത്തെ വിഷയം. എല്ലാ ബാറ്റർമാരും സാഹചര്യങ്ങൾക്ക് അനുയോജ്യമാംവിധം മാറാൻ കഴിയുന്നവരായിരിക്കണം. ഓപ്പണറായ സമയത്ത് സഞ്ജു ഏറ്റവും നന്നായി കളിച്ചു. പക്ഷേ, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ശുഭ്മൻ ഗില്ലാണ് ഓപ്പൺ ചെയ്തത്. അതിനാൽ ഗിൽ ആ സ്ഥാനം അർഹിക്കുന്നു- സൂര്യകുമാർ പറഞ്ഞു.

സഞ്ജു‌വിന് നമ്മൾ ആവശ്യത്തിന് അവസരം നൽകി. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാൻ സഞ്ജു തയാറാണ്. മൂന്നു മുതൽ ആറു വരെയുള്ള നമ്പറുകളിൽ ഏതിൽ കളിക്കാനും ഒരു ബാറ്റർ തയാറായാൽ അതു നല്ലത്.

സഞ്ജുവും ഗില്ലും ഇന്ത്യൻ ടീമിന്‍റെ പദ്ധതികളിലുണ്ട്. അവരെപ്പോലെയുള്ള കളിക്കാർ ടീമിലുള്ളത് മനോഹരമായ കാര്യമാണ്. ഒരാൾക്ക് ഓപ്പൺ ചെയ്യാനും മറ്റൊരാൾക്ക് ബാറ്റിങ് ഓർഡറിൽ താഴെയിറങ്ങി കളിക്കാനും സാധിക്കും. വേണ്ടിവന്നാൽ രണ്ടുപേർക്കും ഏതു റോളും ചേരും. സഞ്ജുവും ഗില്ലും ടീമിന്‍റെ സ്വത്താണ്.‌ അതുപോലെ സെലക്‌ഷനിൽ തലവേദന നൽകുന്നവരുമാണ്. ടി20 ടീമിൽ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ലോകകപ്പിനുള്ള ഇന്ത്യയുടെ തയാറെടുപ്പിന് ഗുണം ചെയ്യും. ഹാർദിക് ബൗളിങ് ഓപ്പൺ ചെയ്യുമ്പോൾ ഇന്ത്യയ്ക്കു ഒരുപാട് സാധ്യതകൾ തുറന്നുകിട്ടുമെന്നും സൂര്യകുമാർ കൂട്ടിച്ചേർത്തു.

പറക്കുന്നതിനിടെ വിമാനച്ചിറകിന് രൂപമാറ്റം വരുത്താം; പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; തെറ്റിദ്ധരിച്ചതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്

വന്ദേമാതരത്തിൽ പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

പിഎഫിൽ മാതാപിതാക്കൾ എക്കാലത്തും നോമിനിയായിരിക്കില്ല: സുപ്രീം കോടതി