Sanju Samson 
Sports

സിംബാബ്‌വെ പര്യടനം: സഞ്ജുവിനെ ഒഴിവാക്കി

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്‍റി20 ടീമിൽ അംഗമായിരുന്ന മലയാളി താരം സഞ്ജു സാംസണെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി

MV Desk

മുംബൈ: ലോകകപ്പ് നേടിയ ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ അംഗമായിരുന്നിട്ടും ഒരു മത്സരം പോലും കളിക്കാൻ അവസരം കിട്ടാത്ത താരമാണ് കേരളത്തിന്‍റെ സഞ്ജു സാംസൺ. ലോകകപ്പിനു പിന്നാലെ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിൽ ഉടനീളം സഞ്ജുവിന് അവസരം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ, ഇപ്പോഴിതാ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരിക്കുകയാണ് ബിസിസിഐ സെലക്റ്റർമാർ. വെസ്റ്റിൻഡീസിൽ നിന്ന് നേരേ സിംബാബ്‌വെയിലേ ഹരാരെയിലേക്ക് പോകാനാണ് സഞ്ജു, യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരോടു നിർദേശിച്ചിരുന്നത്. എന്നാൽ, ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനൊപ്പം ഇന്ത്യയിലേക്കു മടങ്ങാനാണ് മൂവർക്കും കിട്ടിയിരിക്കുന്ന പുതിയ നിർദേശം.

ലോകകപ്പ് നേടിയ ടീമിൽ ഇവർ മൂന്നു പേരെ മാത്രമാണ് സിംബാബ്‌വെ പര്യടനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ, ശിവം ദുബെ വന്നത് പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്കു പകരക്കാരനായുമാണ്.

ഇവർ ഇന്ത്യയിൽ എത്തിയ ശേഷം സിംബാബ്‌വെയിലേക്കു പോയാൽ മതിയെന്നാണ് ബിസിസിഐ ഇപ്പോൾ പറയുന്നത്. ഇതോടെ പരമാവധി മൂന്നു മത്സരങ്ങളിൽ മാത്രമായിരിക്കും സഞ്ജുവിന് കളിക്കാൻ സാധിക്കുക. അതും, ആദ്യ മത്സരങ്ങളിൽ പകരം കളിക്കുന്ന വിക്കറ്റ് കീപ്പർ പരാജയപ്പെട്ടാൽ മാത്രം!

സഞ്ജുവിനു പകരം വിക്കറ്റ് ജിതേഷ് ശർമയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറൽ നേരത്തെ തന്നെ ടീമിൽ ഉൾപ്പെടുകയും ചെയ്തിരുന്നു. ജയ്സ്വാളിനു പകരം സായ് സുദർശനും ദുബെക്കു പകരം ഹർഷിത് റാണയും ടീമിലെത്തും.

സഞ്ജു ഉൾപ്പെടെ മൂന്നു പേർക്ക് ആദ്യ രണ്ടു മത്സരങ്ങൾ കളിക്കാനാവില്ലെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. സഞ്ജുവിനു മാത്രമല്ല, ജയ്സ്വാളിനും ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹലിനും ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിരുന്നില്ല. ചഹലിനെ സിംബാബ്‌വെ പര്യടനത്തിന് ആദ്യം തന്നെ പരിഗണിച്ചിരുന്നതുമില്ല.

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതിയിലെത്തിച്ചു

അസമിലെ സൈനിക ക്യാംപിന് നേരെ നടന്ന ആക്രമണത്തിൽ മൂന്നു സൈനികർക്ക് പരുക്ക്

ഓപ്പറേഷൻ നുംഖോർ: ദുൽക്കർ സൽമാന്‍റെ ഡിഫൻഡർ വാഹനം കസ്റ്റംസ് തിരിച്ചു നൽകും

ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ

പേരാമ്പ്ര സംഘർഷം; 2 കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ