sanju samson file image
Sports

ഏകദിന ക്രിക്കറ്റിൽ ഇനി സഞ്ജുവിനെ പരിഗണിക്കില്ല? 'എ' ടീമിൽ അവഗണന

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയിരിക്കുന്ന ഇഷാൻ കിഷൻ, പ്രഭ്സിമ്രൻ സിങ് എന്നിവരെ

Sports Desk

ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്ക എ ടീമിനെ നേരിടാനുള്ള ഇന്ത്യ എ ടീം പ്രഖ്യാപിച്ചപ്പോൾ രണ്ട് വിക്കറ്റ് കീപ്പർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് - ഇഷാൻ കിഷൻ, പ്രഭ്സിമ്രൻ സിങ്. ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ഏകദിന മത്സരത്തിൽ സെഞ്ചുറി നേടിയ കേരള താരം സഞ്ജു സാംസൺ ഇപ്പോൾ ഏകദിന ക്രിക്കറ്റിൽ ദേശീയ സെലക്റ്റർമാരുടെ പരിഗണനയിൽ പോലുമില്ല എന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്.

എ ടീമിലുള്ള പ്രഭ്സിമ്രൻ ഓപ്പണർ കൂടിയാണ്. അഭിഷേക് ശർമയാണ് മറ്റൊരു സ്പെഷ്യലിസ്റ്റ് ഓപ്പണർ. ആഭ്യന്തര ക്രിക്കറ്റിൽ ഓപ്പണിങ് റോളിൽ നിന്നു മധ്യനിരയിലേക്കു മാറിയ ഋതുരാജ് ഗെയ്ക്ക്വാദ് വൈസ്-ക്യാപ്റ്റനായും ടീമിലുണ്ട്. ക്യാപ്റ്റൻ തിലക് വർമയായിരിക്കും മൂന്നാം നമ്പറിൽ കളിക്കുക. മധ്യനിരയിൽ ആയുഷ് ബദോനിയും ഉൾപ്പെടുന്നു. വിപ്രജ് നിഗം, നിഷാന്ത് സിന്ധു എന്നു ഓൾറൗണ്ടർമാരും ടീമിലുണ്ട്.

അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ് എന്നിങ്ങനെ ഇപ്പോഴും സെലക്റ്റർമാരുടെ സജീവ പരിഗണനയിലുള്ള താരങ്ങളെല്ലാം ടീമിൽ ഉൾപ്പെടുന്നു. സഞ്ജുവിനെ ഇനി ഏകദിന ക്രിക്കറ്റിലേക്കു പരിഗണിക്കില്ലെന്നു തന്നെ ഇതിൽ നിന്നു വ്യക്തമാണ്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ വൺ ഡൗൺ പൊസിഷനിൽ കളിപ്പിച്ച സഞ്ജുവിന് അവസരം മുതലാക്കാൻ സാധിച്ചിരുന്നില്ല. മൂന്നാം മത്സരത്തിൽ പ്ലെയിങ് ഇലവനു പുറത്തുപോവുകയും ചെയ്തു. പകരം ഫിനിഷർ റോളിൽ കളിച്ച ജിതേഷ് ശർമ മികച്ച പ്രകടനവുമായി ചുരുങ്ങിയത് ഈ പരമ്പരയിലേക്കെങ്കിലും ടീമിൽ തന്‍റെ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു കഴിഞ്ഞു.‌

ടി20 ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ സഞ്ജു സാംസൺ ഏഷ്യ കപ്പിലും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ, ശുഭ്മൻ ഗില്ലിനെ ടി20 ടീമിൽ ഓപ്പണറാക്കാനുള്ള സെലക്റ്റർമാരുടെ തീരുമാനം സഞ്ജുവിന്‍റെ ചീട്ട് കീറുക തന്നെ ചെയ്തു. ഓപ്പണിങ് സ്ലോട്ടിൽ കാഴ്ചവച്ച അസാമാന്യ പ്രകടനങ്ങൾ മധ്യനിരയിൽ കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനു സാധിക്കുന്നില്ല.

ഇന്ത്യ എ ടീം:

തിലക് വർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്വാദ് (വൈസ്-ക്യാപ്റ്റൻ), അഭിഷേക് ശർമ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതാർ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, പ്രഭ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ).

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി