സ്കൂൾ ഒളിമ്പിക്സ്: കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ്
തിരുവനന്തപുരം: കേരള സ്കൂൾ ഒളിമ്പിക്സ് 2025-26ൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ഒളിമ്പിക്സ് സംഘാടക സമിതി രൂപീകരണ യോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായിക കേരളത്തിന് ഒരു പുതിയ ദിശാബോധം നൽകുന്ന ഈ കായികമേള, തിരുവനന്തപുരത്ത് വച്ച് ഒക്റ്റോബർ 22 മുതൽ 28 വരെയാണ് നടത്തുന്നത്. കഴിഞ്ഞ വർഷം കൊച്ചിയിൽ നവംബർ 4 മുതൽ 11 വരെ നടത്തിയ കേരള സ്കൂൾ ഒളിമ്പിക്സ് 2024ന്‍റെ സംഘാടനമികവ് വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഈ കായികമേള, യുവതലമുറയുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഏകദേശം 45 ലക്ഷം വിദ്യാർഥികളിൽ നിന്ന് 24,000 കായിക താരങ്ങളാണ് കഴിഞ്ഞ വർഷം പങ്കെടുത്തത്.
യുഎഇയിൽ നിന്നുള്ള വിദ്യാർഥകൾ 15ാം ജില്ലയായി മത്സരങ്ങളിൽ പങ്കെടുത്തത് ചരിത്രസംഭവമാണ്. കഴിഞ്ഞ വർഷം ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തതെങ്കിലും, ഈ വർഷം മുതൽ പെൺകുട്ടികളെയും ഉൾപ്പെടുത്തും. 1500ഓളം പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും ഈ മേളയിൽ പങ്കെടുക്കുന്നു.
സ്കൂൾ ഒളിമ്പിക്സ് ഗിന്നസ് റെക്കോർഡ്സിൽ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരി ആയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ധരും അടങ്ങുന്ന സംഘാടക സമിതിയാണ് രൂപീകരിച്ചത്. ചടങ്ങിൽ ആന്‍റണി രാജു എംഎൽഎ അധ്യക്ഷനായിരുന്നു.