സ്മൃതി മന്ഥന
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ നാലാം ടി20 മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെ വനിതാ ക്രിക്കറ്റിൽ അപൂർവ നേട്ടം കൈവരിച്ച് ഇന്ത‍്യൻ താരം സ്മൃതി മന്ഥന. 10,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് സ്മൃതി മന്ഥന സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 10,053 റൺസുണ്ട് സ്മൃതിയുടെ പേരിൽ.
മുൻപ് ഇതേ നേട്ടം കൈവരിച്ച ഏക ഇന്ത‍്യൻ താരം മിഥാലി രാജാണ്. (10,868 റൺസ്) 815 റൺസ് കൂടി നേടാൻ സാധിച്ചാൽ സ്മൃതിക്ക് മിഥാലിയുടെ റെക്കോഡ് തകർക്കാം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് സ്മൃതി ഈ നേട്ടം കൈവരിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. മത്സരത്തിന് മുൻപ് 27 റൺസ് മാത്രമാണ് സ്മൃതിക്ക് വേണ്ടിയിരുന്നത്.
20 പന്തുകളിൽ നിന്ന് ലക്ഷ‍്യം കണ്ടെത്തിയതോടെ സ്മൃതി ചരിത്രതാളുകളിൽ ഇടംപിടിച്ചു. 48 പന്തിൽ നിന്നും 11 ബൗണ്ടറിയും 3 സിക്സും ഉൾപ്പടെ 80 റൺസാണ് സ്മൃതി അടിച്ചെടുത്തത്. ഇംഗ്ലണ്ട് താരം ചാർലോട്ട് എഡ്വാർഡ്സ് ( 10,273 റൺസ്) ന‍്യൂസിലൻഡ് താരം സൂസി ബേറ്റ്സ് (10, 652 റൺസ്) എന്നിവരും 10,000 റൺസ് നേടിയിട്ടുണ്ട്.