അർധ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം.

 
Sports

ടി20 ലോകകപ്പ്: വെസ്റ്റിൻഡീസിനെ തകർത്ത് ദക്ഷിണാഫ്രിക്ക

ജയം ഒമ്പത് വിക്കറ്റിന്, ക്യാപ്റ്റൻ എയ്ഡൻ മാർക്രമിന് അർധ സെഞ്ചുറി

Sports Desk

അഹമ്മദാബാദ്: തകർത്തെറിഞ്ഞ് പേസർമാർ... വീശിയടിച്ച് ബാറ്റർമർ... ട്വന്‍റി20 ലോകകപ്പിലെ കരീബിയൻ കരുത്തിനെ ദക്ഷിണാഫ്രിക്ക അനായാസം നിലംപൊത്തിച്ചുകളഞ്ഞു. സൂപ്പർ എട്ടിലെ സുപ്രധാന മത്സരത്തിൽ മുൻ ചാംപ്യൻ വെസ്റ്റിൻഡീസിനുമേൽ ഒമ്പത‌ു വിക്കറ്റിന് ആധികാരിക ജയം കുറിച്ച ദക്ഷിണാഫ്രിക്ക സെമി പ്രവേശം ഏറെക്കുറെ ഉറപ്പിച്ചു. മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ എയ്ഡൻ മാർക്രമിന്‍റെ (82 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കൻ ജയം അനായാസമാക്കിയത്. രണ്ടു മത്സരങ്ങളിൽ നിന്ന് നാലു പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ദക്ഷിണാഫ്രിക്ക. വലിയ തോൽവി വിൻഡീസിന്‍റെ റൺറേറ്റ് ഗണ്യമായി ഇടിച്ചു. ഇതോടെ ഇന്ത്യയുടെ സാധ്യതകൾ വർധിച്ചു.

ലോകകപ്പിൽ ഒരിക്കൽക്കൂടി തങ്ങളുടെ തന്ത്രങ്ങളെല്ലാം ദക്ഷിണാഫ്രിക്ക വിജയകരമായി നടപ്പാക്കുകയായിരുന്നു. ടൂർണമെന്‍റിൽ ഇതവരുടെ ആറാം തുടർ ജയമാണ്. വിൻഡീസിന്‍റെ വിജയപ്രയാണം തടയാനും ദക്ഷിണാഫ്രിക്കൻ ടീമിനായി.

പേസർമാരുടെ പ്രകടനവും ദക്ഷിണാഫ്രിക്കയുടെ ജയത്തിൽ വലിയ പങ്കു വഹിച്ചു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക വെസ്റ്റൻഡീസ് ബാറ്റിങ് ന‌ിരയുടെ തലയറുത്തകളഞ്ഞു. സ്പിന്നർ കേശവ് മഹരാജിനെയും മാർക്കോ യാൻസനെയും കടന്നാക്രമിച്ചു തുടങ്ങിയ ഷായ് ഹോപ്പും ബ്രണ്ടൻ കിങ്ങും നിലയുറപ്പിക്കുമെന്നു തോന്നിച്ചു. എന്നാൽ ദക്ഷിണാഫ്രിക്കൻ സ്റ്റാർ പേസർ കാഗിസോ റബാഡയുടെ വരവ് കളിയുടെ ഗതി തിരിച്ചു. ഷായ് ഹോപ്പിനെയും (16), മികച്ച ഫോമിലുള്ള ഷിമ്രോൺ ഹെറ്റ്മ‍യറിനെയും (2) റബാഡ ഡഗ് ഔട്ടിലെത്തിച്ചു. ബ്രണ്ടൻ കിങ്ങിനെയും (21) റോവ്മാൻ പവലിനെയും (9), റോസ്റ്റൺ ചേസിനെയും (2) വീഴ്ത്തി ലുൻഗി എൻഗിഡി വിൻ‌ഡീസിനെ വൻ തകർച്ചയിലേക്ക് തള്ളിയിട്ടു.

ഷെർഫെയ്ൻ റുതർഫോർഡ് (12) കൗണ്ടർ അറ്റാക്കിന് ശ്രമിച്ചെങ്കിലും കോർബിൻ ബോഷിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡി കോക്കിന് പിടിനൽകി തിരച്ചുക‍യറി. എന്നാൽ എട്ടാം വിക്കറ്റിൽ ജാസൺ ഹോൾഡറും ( 31 പന്തിൽ 49) റൊമാരിയോ ഷെപ്പോർഡും (37 പന്തിൽ 52 നോട്ടൗട്ട്) 82 റൺസ് അടിച്ചെടുത്ത് വിൻഡീസിനെ കരകയറ്റി. നാലു ഫോറും മൂന്നു സിക്സും ഹോൾഡർ പറത്തി. മൂന്നു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു ഷെപ്പേർഡിന്‍റെ ഇന്നിങ്സ്.

ചേസിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ മുൻനിര തകർത്തു ബാറ്റ് വീശി. മാർക്രത്തിനൊപ്പം സഹ ഓപ്പണർ ക്വിന്‍റൺ ഡി കോക്ക് (47), റ്യാൻ റിക്കെൽട്ടെൺ (45 നോട്ടൗട്ട്) എന്നിവർ ചേർന്ന് വിൻഡീസ് പ്രതീക്ഷകളെ തല്ലിക്കെടുത്തി. പവർ പ്ലേയിൽ 69 റൺസാണ് മാർക്രവും ഡി കോക്ക് സ്കോർ ചെയ്തത്.

പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ പ്രഹരിച്ച ഇരുവരും ആദ്യ പത്ത് ഓവറിന് ഉള്ളിൽത്തന്നെ കളിയുടെ വിധിയെഴുതി. നാലു ഫോറും അത്ര തന്നെ സിക്സും ഡി കോക്കിന്‍റെ ബാറ്റിൽ നിന്ന് മൂളിപ്പറന്നു. ഒടുവിൽ ഡി കോക്കിനെ പുറത്താക്കി ജാസൺ ഹോൾഡർ ഈ കൂട്ടുകെട്ട് പിരിച്ചു. തുടർന്ന് റിക്കെൽട്ടണും മാർക്രവും വിൻഡീസ് ബൗളർമാർക്കുമേൽ ആക്രമണം തുടർന്നു.

82 വാരിയ ഈ ജോടി മത്സരം ഫിനിഷ് ചെയ്തു. ഏഴു ഫോറും നാലു സിക്സും മാർക്രത്തിന്‍റെ ഇന്നിങ്സിന് ചാരുതയേകി. റിക്കെൽട്ടൺ നാലു തവണ പന്ത് അതിർത്തി കടത്തി. രണ്ടു വട്ടം ഗ്യാലറിയിലെത്തിച്ചു.

ഒടുവിൽ പഞ്ചാബും വീണു

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു