രണ്ടാം ഏകദിനത്തിൽ ഇന്ത‍്യക്ക് ആദ‍്യ വിക്കറ്റ് നഷ്ടം
റായ്പുർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത‍്യക്ക് ആദ‍്യ വിക്കറ്റ് നഷ്ടം. ഓപ്പണിങ് ബാറ്റർ രോഹിത് ശർമയുടെ വിക്കറ്റാണ് ടീമിനു നഷ്ടമായത്. ദക്ഷിണാഫ്രിക്കൻ പേസർ നാൻഡ്രെ ബർഗർക്കായിരുന്നു വിക്കറ്റ്. 8 പന്തുകൾ നേരിട്ട രോഹിത് 14 റൺസ് നേടിയാണ് പുറത്തായത്. യശസ്വി ജയ്സ്വാളും വിരാട് കോലിയുമാണ് ക്രീസിൽ.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുപതാം തവണയാണ് ഇന്ത‍്യക്ക് തുടർച്ചയായി ടോസ് നഷ്ടപെടുന്നത്. മൂന്ന് മാറ്റങ്ങളുമായാണ് രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ക‍്യാപ്റ്റൻ ടെംബ ബവുമ, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇന്ത‍്യൻ ടീമിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.
മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് വിജയിച്ച ഇന്ത‍്യയാണ് നിലവിൽ മുന്നിൽ. രണ്ടാം ഏകദിനം വിജയിക്കാനായാൽ ഇന്ത‍്യക്ക് പരമ്പര ഉറപ്പിക്കാം. ആദ‍്യ മത്സരത്തിൽ വിരാട് കോലിയുടെ സെഞ്ചുറിയും രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും ബലത്തിൽ ഇന്ത‍്യ വിജയം നേടിയിരുന്നു.