ആറോൺ ജോർജ്
ദുബായ്: അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ സെമി ഫൈനലിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ഫൈനലിൽ കടന്നു. 50 ഓവർ ഫോർമാറ്റിലാണ് ടൂർണമെന്‍റ് എങ്കിലും പ്രതികൂല കാലാവസ്ഥ കാരണം 20 ഓവറായി ചുരുക്കിയ മത്സരത്തിൽ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് നേടിയത്. ഇന്ത്യ 18 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ഇന്ത്യക്കായി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ സൂപ്പർ താര ഓപ്പണിങ് ജോടിയായ ആയുഷ് മാത്രെയും (7) വൈഭവ് സൂര്യവംശിയും (9) വേഗത്തിൽ പുറത്തായി.
പക്ഷേ, മലയാളി താരം ആറോൺ ജോർജും (49 പന്തിൽ 58 നോട്ടൗട്ട്) വിഹാൻ മൽഹോത്രയും (45 പന്തിൽ 61) കൂടുതൽ നഷ്ടമില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.