ഉസ്മാൻ ഖവാജ
ബ്രിസ്ബെയ്ൻ: ഗാബയിൽ നാളെ തുടങ്ങുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിക്കാൻ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ ഇല്ല. പിങ്ക് ബോൾ ഉപയോഗിച്ച് ഡേ-നൈറ്റായി നടത്തുന്ന മത്സരത്തിൽ ഖവാജയെപ്പോലെ സാങ്കേതികത്തികവുള്ള ബാറ്ററുടെ അഭാവം ഓസ്ട്രേലിയക്കു തിരിച്ചടിയാണ്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ആഷസ് ടെസ്റ്റിനിടെയുണ്ടായ പരുക്കാണ് ഖവാജയ്ക്കു വിനയായത്. രണ്ടാം ടെസ്റ്റ് താരത്തിന് നഷ്ടമാവുമെങ്കിലും ഖവാജ ടീമിനൊപ്പം തന്നെ തുടരും. ഖവാജയ്ക്ക് പകരമായി ഇതുവരെ ഓസീസ് ആരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജോഷ് ഇംഗ്ലിസ്, ബ‍്യൂ വെബ്സ്റ്റർ എന്നിവരിലൊരാളായിരിക്കും ഖവാജയ്ക്ക് പകരം രണ്ടാം ടെസ്റ്റിൽ കളിക്കുകയെന്നാണ് സൂചന. ആദ‍്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഖവാജയ്ക്കു പകരം ട്രാവിസ് ഹെഡായിരുന്നു ഓപ്പണിങ്ങിറങ്ങിയത്. 83 പന്തുകൾ നേരിട്ട താരം 123 റൺസ് അടിച്ചു കൂട്ടുകയും ചെയ്തു. അതിനാൽ ഖവാജയ്ക്ക് പകരം ഹെഡിനെ ഓപ്പണിങ് ബാറ്ററായി ഓസീസ് പരീക്ഷിക്കുമോയെന്ന് കണ്ടറിയണം. ആദ‍്യ ടെസ്റ്റ് വിജയം നേടിയതോടെ 5 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ് ഓസീസ്.
അതേസമയം, ഇംഗ്ലണ്ടിന്‍റെ പ്ലെയിങ് ഇലവനിൽ ഷോയിബ് ബഷീറിനു പകരം വിൽ ജാക്സിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് പാക്കിസ്ഥാനിൽ രണ്ട് ടെസ്റ്റ് കളിച്ച ജാക്സിനെ അതിനു ശേഷം കൂടുതലായി പരിമിത ഓവർ ക്രിക്കറ്റിലാണ് ഇംഗ്ലണ്ട് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.
ഫാസ്റ്റ് ബൗളർ മാർക്ക് വുഡിനു പരുക്കേറ്റ സാഹചര്യത്തിൽ, ബാക്കപ്പ് സീമർമാരായ ജോഷ് ടങ്, മാത്യു പോട്ട്സ് എന്നിവരെ അവഗണിച്ച് സ്ലോ ബൗളിങ് ഓപ്ഷൻ തെരഞ്ഞെടുക്കുകയായിരുന്നു ഇംഗ്ലണ്ട്.
19 ടെസ്റ്റിൽ 68 വിക്കറ്റ് നേടിയിട്ടുള്ള ഷോയിബ് ബഷീറാണ് കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇംഗ്ലണ്ടിന്‍റെ പ്രധാന സ്പിന്നർ. എന്നാൽ, ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ പന്ത്രണ്ടാമനായിരുന്നു.
ടീമുകൾ
ഓസ്ട്രേലിയ: സ്റ്റീവ് സ്മിത്ത് (ക‍്യാപ്റ്റൻ), സ്കോട്ട് ബോലൻഡ്, അലക്സ് കാരി, ബ്രണ്ടൻ ഡോഗെറ്റ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലബുഷെയ്ൻ, നേഥൻ ലിയോൺ, മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക്, ജേക്ക് വെതറാൾഡ്, ബ‍്യൂ വെബ്സ്റ്റർ.
ഇംഗ്ലണ്ട്: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, വിൽ ജാക്സ്, ഗസ് ആറ്റ്കിൻസൺ, ബ്രൈഡൻ കാർസ്, ജോഫ്ര ആർച്ചർ.