വിരാട് കോലി
ന‍്യൂഡൽഹി: ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഡൽഹിക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്രാപ്രദേശ് നിശ്ചിത 50 ഓവറിൽ ഉയർത്തിയ 298 റൺസ് വിജയലക്ഷ‍്യം 37.4 ഓവറിൽ 4 വിക്കറ്റ് ശേഷിക്കെ ഡൽഹി മറികടന്നു.
മറുപടി ബാറ്റിങ്ങിൽ ചേസ് മാസ്റ്റർ വിരാട് കോലിയുടെ സെഞ്ചുറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 83 പന്തിൽ സെഞ്ചുറി തികച്ച കോലി 101 പന്തിൽ 131 റൺസാണ് അടിച്ചെടുത്തത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് നേടുന്ന താരമെന്ന റെക്കോഡും താരം സ്വന്തം പേരിലേക്ക് ചേർത്തു.
നീണ്ട 15 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ആഭ‍്യന്തര ക്രിക്കറ്റിൽ തിരിച്ചെത്തിയ മത്സരത്തിലാണ് കോലി തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ 2 സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 302 റൺസ് കോലി അടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആഭ‍്യന്തര ക്രിക്കറ്റിലും സെഞ്ചുറി നേടിയത്.
കോലിക്കു പുറമെ നിതീഷ് റാണയും ഓപ്പണിങ് ബാറ്റർ പ്രിയാംശ് ആര‍്യയും അർധസെഞ്ചുറി നേടി. അതേസമയം, ഡൽഹിയുടെ ക‍്യാപ്റ്റൻ ഋഷഭ് പന്ത് ഇത്തവണ നിരാശപ്പെടുത്തി 9 പന്ത് നേരിട്ട താരം 5 റൺസെടുത്ത് പുറത്തായി. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ആന്ധ്രാപ്രദേശ് റിക്കി ഭൂയിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട റൺസ് അടിച്ചെടുത്തത്. 105 പന്തിൽ 11 ബൗണ്ടറിയും 7 സിക്സും ഉൾപ്പെടെ 122 റൺസാണ് താരം അടിച്ചെടുത്തത്.